എബ്രായർ 8 - സത്യവേദപുസ്തകം C.L. (BSI)യേശു നമ്മുടെ മഹാപുരോഹിതൻ 1 നാം പറയുന്നതിന്റെ സാരം ഇതാണ്; സ്വർഗത്തിൽ ദൈവത്തിന്റെ തേജോമയമായ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. 2 മനുഷ്യനിർമിതമല്ലാത്തതും, സർവേശ്വരൻ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു. 3 ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അർപ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അർപ്പിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ. 4 അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതൻ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ. 5 അവർ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വർഗത്തിൽ ചെയ്യുന്നതിന്റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിർമിക്കുവാൻ ഭാവിച്ചപ്പോൾ ‘പർവതത്തിൽവച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാൻ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു. 6 ശ്രേഷ്ഠമായ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാൽ അതിന്റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്. 7 ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു. 8 എന്നാൽ ജനങ്ങൾ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: സർവേശ്വരൻ അരുൾചെയ്യുന്നു: “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങൾ വരുന്നു. 9 ഞാൻ അവരുടെ പൂർവികരുടെ കൈക്കുപിടിച്ച് ഈജിപ്തിൽ നിന്നു കൊണ്ടുവന്ന നാളിൽ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.” എന്തെന്നാൽ സർവേശ്വരൻ പറയുന്നു: “ആ ഉടമ്പടിയോട് അവർ വിശ്വസ്തത പാലിച്ചില്ല; അതുകൊണ്ട് ഞാൻ അവരെ ശ്രദ്ധിച്ചുമില്ല.” 10 സർവേശ്വരൻ ഇങ്ങനെ അരുൾചെയ്യുന്നു: “വരുംകാലത്ത് ഇസ്രായേൽജനത്തോടു ഞാൻ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ മനസ്സിൽ ഞാൻ നല്‌കും; അവരുടെ ഹൃദയങ്ങളിൽ അവ ആലേഖനം ചെയ്യും. ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവുമായിരിക്കും. 11 സർവേശ്വരനെ അറിയുക എന്ന് അവരിലാർക്കും തന്റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല; എന്തെന്നാൽ ഏറ്റവും എളിയവൻതൊട്ട് ഏറ്റവും വലിയവൻവരെ എല്ലാവരും എന്നെ അറിയും; 12 അവരുടെ അധർമം ഞാൻ പൊറുക്കും; അവരുടെ പാപങ്ങൾ ഒരിക്കലും ഓർക്കുകയുമില്ല.” 13 ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീർണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India