എബ്രായർ 1 - സത്യവേദപുസ്തകം C.L. (BSI)ദൈവം പുത്രനിൽക്കൂടി സംസാരിക്കുന്നു 1 ദൈവം ഭാഗം ഭാഗമായും, പലവിധത്തിലും, പണ്ട് പ്രവാചകന്മാർ മുഖേന നമ്മുടെ പൂർവികരോടു സംസാരിച്ചിട്ടുണ്ട്. 2 എന്നാൽ ഈ അന്ത്യനാളുകളിൽ തന്റെ പുത്രൻ മുഖേന അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. പുത്രൻ മുഖേനയാണ് അവിടുന്നു പ്രപഞ്ചത്തെ സൃഷ്‍ടിച്ചത്. എല്ലാറ്റിന്റെയും അധികാരിയും അവകാശിയുമായി നിയമിച്ചിരിക്കുന്നതും ഈ പുത്രനെത്തന്നെയാണ്. 3 ദൈവതേജസ്സിന്റെ മഹത്തായശോഭ പുത്രൻ പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രൻ തന്നെ. തന്റെ വചനത്തിന്റെ ശക്തിയാൽ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വർഗത്തിൽ സർവേശ്വരന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു. ദൈവപുത്രന്റെ മഹത്ത്വം 4 പുത്രനു സിദ്ധിച്ച നാമം മാലാഖമാരുടേതിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു; അതുപോലെതന്നെ അവിടുന്ന് അവരെക്കാൾ ശ്രേഷ്ഠനായിരിക്കുകയും ചെയ്യുന്നു. 5 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു എന്നും ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും എന്നും ഏതെങ്കിലും ദൂതനെ സംബന്ധിച്ച് ദൈവം പറഞ്ഞിട്ടുണ്ടോ? 6 ദൈവം തന്റെ ആദ്യജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചപ്പോൾ ‘ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം’ എന്ന് അവിടുന്ന് അരുൾചെയ്തു. 7 എന്നാൽ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത് തന്റെ ദൂതന്മാരെ കാറ്റുകളും തന്റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ. 8 പുത്രനെക്കുറിച്ചാകട്ടെ, ദൈവമേ, അവിടുത്തെ സിംഹാസനം എന്നേക്കുമുള്ളത്; അവിടുത്തെ ജനങ്ങളുടെമേൽ അങ്ങ് നീതിയോടെ വാണരുളും; 9 അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതുകൊണ്ടാണു ദൈവം, നിന്റെ ദൈവംതന്നെ, നിന്നെ തിരഞ്ഞെടുക്കുകയും നിന്റെ കൂട്ടുകാർക്കു നല്‌കിയതിനെക്കാൾ അതിമഹത്തായ ബഹുമതിയുടെ ആനന്ദതൈലംകൊണ്ട് നിന്നെ അഭിഷേകം ചെയ്യുകയും ചെയ്തത് എന്നും ദൈവം പറഞ്ഞു. 10 അവിടുന്നു വീണ്ടും അരുൾചെയ്യുന്നതു കേൾക്കുക: സർവേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്‍ടിച്ചു; ആകാശത്തെ സൃഷ്‍ടിച്ചതും അങ്ങുതന്നെ. 11 അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്‌ക്കും. അവ വസ്ത്രംപോലെ ജീർണിക്കും 12 പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും; അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും. അവിടുത്തെ ആയുസ്സിന് അറുതിയില്ല. 13 “നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല. 14 അപ്പോൾ ഈ മാലാഖമാർ ആരാണ്? രക്ഷയ്‍ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവർ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India