ഉൽപത്തി 25 - സത്യവേദപുസ്തകം C.L. (BSI)അബ്രഹാമിന്റെ മറ്റു സന്തതികൾ 1 അബ്രഹാം കെതൂറാ എന്ന മറ്റൊരു സ്‍ത്രീയെ ഭാര്യയായി സ്വീകരിച്ചു. 2 അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, ഇശ്ബാക്ക്, ശൂവാഹ് എന്നിവരെ പ്രസവിച്ചു. 3 യൊക്ശാന്റെ മക്കളായിരുന്നു ശെബയും ദെദാനും. ദെദാന്റെ പുത്രന്മാരായിരുന്നു അശ്ശൂരിം, ലെത്തൂശിം, ലെ-ഉമ്മിം എന്നിവർ. 4 മിദ്യാന്റെ മക്കളായിരുന്നു ഏഫാ, ഏഫർ, ഹനോക്ക്, അബിദ, എൽദാ എന്നിവർ. ഇവരെല്ലാം കെതൂറായുടെ സന്താനപരമ്പരയിൽ ഉൾപ്പെടുന്നു. 5 അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു. 6 ഉപഭാര്യമാരിൽ ജനിച്ച മക്കൾക്കും തന്റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങൾ നല്‌കി. അബ്രഹാം ജീവിച്ചിരിക്കുമ്പോൾതന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്റെ അടുക്കൽ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു. അബ്രഹാമിന്റെ മരണം 7-8 നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സിൽ തികഞ്ഞ വാർധക്യത്തിൽ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേർന്നു. 9 പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ നിലത്തിലുള്ള മക്പേലാ ഗുഹയിൽ അദ്ദേഹത്തെ സംസ്കരിച്ചു. 10 അത് ഹിത്യരിൽനിന്ന് അബ്രഹാം വിലയ്‍ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു. 11 അബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേർ- ലഹയീ-രോയീയിലാണ് അപ്പോൾ പാർത്തിരുന്നത്. ഇശ്മായേലിന്റെ സന്താനപരമ്പര 12 ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറിൽ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. 13 ഇശ്മായേലിന്റെ പുത്രന്മാർ: ആദ്യജാതൻ നെബായോത്ത്, മറ്റുള്ളവർ: 14 കേദാർ, അദ്ബയേൽ, മിബ്ശാം, മിശ്മ, ദൂമാ, 15 മശ്ശ, ഹദാദ്, തേമ, യതൂർ, നാഫിശ്, കേദെമാ. 16 പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാർ ഇവരാണ്. അവർ പാർത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളിൽതന്നെ അറിയപ്പെട്ടിരുന്നു. 17 ഇശ്മായേൽ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സിൽ മരിച്ചു പൂർവ്വികന്മാരോടു ചേർന്നു. 18 ഹവീലാമുതൽ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയിൽ ശൂർവരെ ഇശ്മായേലിന്റെ പുത്രന്മാർ കുടിയേറിപ്പാർത്തു. അവർ ചാർച്ചക്കാരിൽനിന്ന് അകന്നായിരുന്നു വസിച്ചത്. ഏശാവും യാക്കോബും 19 അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്കിന്റെ വംശപാരമ്പര്യം. 20 പദ്ദൻ-അരാമിലെ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോൾ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു. 21 അവർ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാൽ ഇസ്ഹാക്ക് അവൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ടു; അവൾ ഗർഭിണിയായി. 22 പ്രസവത്തിനു മുമ്പ് ഗർഭസ്ഥശിശുക്കൾ തമ്മിൽ മല്ലിട്ടപ്പോൾ അവൾ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കിൽ ഞാൻ എന്തിനു ജീവിക്കുന്നു?” അവൾ സർവേശ്വരനോടു പ്രാർഥിച്ചു. 23 അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകൾക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാൾ ശക്തമായിരിക്കും; ജ്യേഷ്ഠൻ അനുജനെ സേവിക്കും.” 24 റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. 25 ആദ്യജാതൻ ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. 26 പിന്നീട് അവന്റെ സഹോദരൻ പുറത്തുവന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവർ ജനിച്ചപ്പോൾ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. ഏശാവ് ജ്യേഷ്ഠാവകാശം വിൽക്കുന്നു 27 കുട്ടികൾ വളർന്നു; ഏശാവ് സമർഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളിൽ താമസിക്കാൻ അവൻ ഇഷ്ടപ്പെട്ടു. എന്നാൽ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തിൽ കഴിയാനാണ് അവൻ ആഗ്രഹിച്ചത്. 28 ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതൽ സ്നേഹിച്ചു. എന്നാൽ റിബേക്കായ്‍ക്ക് യാക്കോബിനോടായിരുന്നു കൂടുതൽ സ്നേഹം. 29 ഒരിക്കൽ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; 30 ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തിൽ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി. 31 യാക്കോബു പറഞ്ഞു: “ആദ്യം നിന്റെ ജ്യേഷ്ഠാവകാശം എനിക്കു വിൽക്കുക.” 32 ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?” 33 യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. 34 അപ്പോൾ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India