Biblia Todo Logo
Bìoball air-loidhne

- Sanasan -

ഉൽപത്തി 23 - സത്യവേദപുസ്തകം C.L. (BSI)


സാറായുടെ മരണം

1 കനാനിൽ ഹെബ്രോൻ എന്നറിയപ്പെടുന്ന കിര്യത്ത്-അർബയിൽ വച്ച് സാറാ നൂറ്റിഇരുപത്തേഴാമത്തെ വയസ്സിൽ മരിച്ചു.

2 സാറായുടെ മരണത്തിൽ ദുഃഖിതനായ അബ്രഹാം വളരെ വിലപിച്ചു.

3 പിന്നീട് ഭാര്യയുടെ മൃതദേഹത്തിനരികിൽനിന്ന് അബ്രഹാം എഴുന്നേറ്റുപോയി ഹിത്യരോടു പറഞ്ഞു:

4 “ഞാൻ നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യനും പരദേശിയും ആണല്ലോ. എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ നിങ്ങളുടെ ഇടയിൽ എനിക്ക് ഒരു ശ്മശാനഭൂമി വിലയ്‍ക്കു തന്നാലും.”

5 ഹിത്യർ അബ്രഹാമിനോടു പറഞ്ഞു:

6 “പ്രഭോ! ഞങ്ങൾ പറയുന്നതു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിലെ പ്രബലനായ ഒരു പ്രഭു ആണല്ലോ. ഞങ്ങളുടെ കല്ലറകളിൽ ഏറ്റവും മെച്ചപ്പെട്ട ഒന്നിൽ മൃതശരീരം സംസ്കരിച്ചാലും. ഞങ്ങളിലാരും അങ്ങേക്കു കല്ലറ വിട്ടുതരാതിരിക്കുകയില്ല. മൃതദേഹം സംസ്കരിക്കാൻ തടസ്സം നില്‌ക്കുകയുമില്ല.”

7 അബ്രഹാം ആ ദേശക്കാരായ ഹിത്യരെ വണങ്ങിയശേഷം അവരോടു പറഞ്ഞു:

8 “നിങ്ങൾക്കു സമ്മതമെങ്കിൽ സോഹരിന്റെ മകനായ എഫ്രോനോട്

9 അയാളുടെ നിലത്തിന്റെ അതിരിലുള്ള മക്പേലാ ഗുഹ എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ എനിക്കു തരാൻ പറയുക. നിങ്ങളുടെ മുമ്പിൽവച്ച് അതിന്റെ മുഴുവൻ വിലയും സ്വീകരിച്ച് അയാൾ അത് എനിക്ക് അവകാശമായി തരട്ടെ. എനിക്കത് ശ്മശാനമായി ഉപയോഗിക്കാമല്ലോ.”

10 നഗരവാതില്‌ക്കൽ വച്ച് ഇതു സംസാരിക്കുമ്പോൾ ഹിത്യരുടെ കൂട്ടത്തിൽ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേൾക്കത്തക്കവിധം എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു:

11 “അങ്ങനെയല്ല പ്രഭോ! ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; നിലവും അതിലുള്ള ഗുഹയും എന്റെ ജനത്തിന്റെ സാന്നിധ്യത്തിൽ ഞാൻ അങ്ങേക്കു തരുന്നു; മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക.”

12 അപ്പോൾ അബ്രഹാം അവരെ വണങ്ങിയശേഷം

13 എല്ലാവരും കേൾക്കെ എഫ്രോനോടു പറഞ്ഞു: “ഞാൻ പറയുന്നതു കേട്ടാലും. ഞാൻ നിലത്തിന്റെ വില തരാം; അതു വാങ്ങണം; പിന്നീട് എന്റെ ഭാര്യയുടെ മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളാം.”

14 എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു:

15 “പ്രഭോ, എന്നെ ശ്രദ്ധിച്ചാലും; നാനൂറു ശേക്കെൽ വെള്ളിയേ അതിനു വില വരൂ. നമ്മൾ അതിനു കണക്കു പറയണോ? മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക”.

16 എഫ്രോൻ ഹിത്യരുടെ മുമ്പിൽവച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു.

17-18 അങ്ങനെ മമ്രെക്കു കിഴക്കുള്ള മക്പേലയിലെ എഫ്രോന്റെ നിലവും അതിലെ ഗുഹയും അതിൽപ്പെട്ട എല്ലാ വൃക്ഷങ്ങളും നഗരവാതില്‌ക്കൽ ഉണ്ടായിരുന്ന ഹിത്യരുടെ സാന്നിധ്യത്തിൽ അബ്രഹാമിന് അവകാശമായി ലഭിച്ചു.

19 അതിനുശേഷം അബ്രഹാം തന്റെ ഭാര്യയുടെ മൃതശരീരം കനാനിൽ ഹെബ്രോൻ എന്ന മമ്രെക്കു കിഴക്കുള്ള മക്പേലാനിലത്തിലെ ഗുഹയിൽ സംസ്കരിച്ചു.

20 അങ്ങനെ ഹിത്യരുടേതായിരുന്ന ആ നിലവും അതിലെ ഗുഹയും ശ്മശാനസ്ഥലമെന്ന നിലയിൽ അബ്രഹാമിനു കൈവശമായി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan