ഉൽപത്തി 21 - സത്യവേദപുസ്തകം C.L. (BSI)ഇസ്ഹാക്കിന്റെ ജനനം 1 വാഗ്ദാനം ചെയ്തിരുന്നതുപോലെ സർവേശ്വരൻ സാറായെ അനുഗ്രഹിച്ചു. 2 അവൾ ഗർഭിണിയായി; അബ്രഹാമിന്റെ വാർധക്യകാലത്തു ദൈവം അരുളിച്ചെയ്തിരുന്ന സമയത്തുതന്നെ ഒരു പുത്രനെ പ്രസവിച്ചു. 3 സാറായിൽ പിറന്ന പുത്രന് ‘ഇസ്ഹാക്ക്’ എന്ന് അബ്രഹാം പേരിട്ടു. 4 ദൈവം കല്പിച്ചിരുന്നതുപോലെ അദ്ദേഹം തന്റെ പുത്രനായ ഇസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം നടത്തി. 5 ഇസ്ഹാക്ക് ജനിച്ചപ്പോൾ അബ്രഹാമിന് നൂറു വയസ്സായിരുന്നു. 6 സാറാ പറഞ്ഞു: “എനിക്കു സന്തോഷിക്കാൻ സർവേശ്വരൻ ഇടയാക്കി. ഇതേപ്പറ്റി കേൾക്കുന്നവർ എന്നെച്ചൊല്ലി ചിരിക്കും”. 7 അവൾ തുടർന്നു: “സാറാ മക്കളെ പോറ്റിവളർത്തുമെന്ന് അബ്രഹാമിനോട് ആർക്കെങ്കിലും പറയാൻ കഴിയുമായിരുന്നോ? എങ്കിലും അബ്രഹാമിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചിരിക്കുന്നു.” 8 ശിശു വളർന്നു; അവന്റെ മുലകുടി മാറിയ ദിവസം അബ്രഹാം ഒരു വലിയ വിരുന്നൊരുക്കി. ഇശ്മായേൽ പുറത്താക്കപ്പെടുന്നു 9 സാറായുടെ ദാസി ഈജിപ്തുകാരി ഹാഗാറിൽ അബ്രഹാമിനു ജനിച്ച പുത്രൻ തന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം കളിക്കുന്നതു സാറാ കണ്ടു. 10 അതുകൊണ്ട് അവൾ അബ്രഹാമിനോടു പറഞ്ഞു: “ഈ അടിമപ്പെണ്ണിനെയും പുത്രനെയും പുറത്താക്കുക. ഇവളുടെ പുത്രൻ എന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം അവകാശി ആയിക്കൂടാ.” 11 ഇശ്മായേലും തന്റെ പുത്രനാകയാൽ സാറായുടെ വാക്കുകൾ അബ്രഹാമിനെ ദുഃഖിപ്പിച്ചു. 12 ദൈവം അബ്രഹാമിനോടു പറഞ്ഞു: “ബാലനെക്കുറിച്ചും നിന്റെ ദാസിയെക്കുറിച്ചും നീ ദുഃഖിക്കേണ്ടാ; സാറാ പറഞ്ഞതുപോലെ ചെയ്യുക; ഇസ്ഹാക്കിലൂടെ ആയിരിക്കും നിന്റെ സന്താനപരമ്പര അറിയപ്പെടുക. 13 അടിമപ്പെണ്ണിലുള്ള നിന്റെ മകനെയും ഞാൻ ഒരു വലിയ ജനതയാക്കും. അവനും നിന്റെ സന്തതി ആണല്ലോ.” 14 അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോൽസഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവർ ബേർ-ശേബാ മരുഭൂമിയിൽ അലഞ്ഞുനടന്നു. 15 തോൽസഞ്ചിയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ അവൾ അവനെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. 16 ‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. 17 കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു; ദൈവത്തിന്റെ ഒരു ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. 18 എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും.” 19 ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു; അവൾ ചെന്നു തോൽസഞ്ചിയിൽ വെള്ളം നിറച്ചു ബാലനു കുടിക്കാൻ കൊടുത്തു. 20 ദൈവം അവന്റെകൂടെ ഉണ്ടായിരുന്നു. അവൻ വളർന്ന് ഒരു വില്ലാളിവീരനായിത്തീർന്നു. 21 പാരാൻമരുഭൂമിയിലായിരുന്നു അവൻ പാർത്തിരുന്നത്. അവന്റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നൽകി. അബ്രഹാമും അബീമേലെക്കും 22 ഒരു ദിവസം അബീമേലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫീക്കോലും അബ്രഹാമിനോടു പറഞ്ഞു: “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്റെ കൂടെയുണ്ട്. 23 അതുകൊണ്ട്, എന്നെയോ എന്റെ സന്തതികളെയോ വഞ്ചിക്കുകയില്ലെന്നും ഞാൻ നിന്നോടു വിശ്വസ്തനായിരുന്നതുപോലെ എന്നോടും നീ ഇപ്പോൾ വസിക്കുന്ന ഈ ദേശത്തോടും കൂറു പുലർത്തുമെന്നും ദൈവനാമത്തിൽ നീ എന്നോടു സത്യം ചെയ്യുക.” 24 “ഞാൻ സത്യം ചെയ്യാം” എന്ന് അബ്രഹാം പ്രതിവചിച്ചു. 25 അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത തന്റെ കിണറിനെപ്പറ്റി അബ്രഹാം പരാതിപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 26 “ആരാണ് ഇതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ; നീ എന്നോട് ഇതിനെപ്പറ്റി പറഞ്ഞില്ല; ഞാൻ ഇതുവരെ കേട്ടിരുന്നുമില്ല.” 27 അബ്രഹാം ഏതാനും ആടുമാടുകളെ അബീമേലെക്കിനു കൊടുത്തു. അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. 28 തന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ അബ്രഹാം വേർതിരിച്ചു. 29 ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ മാറ്റി നിർത്തിയിരിക്കുന്നത് എന്താണ് എന്ന് അബീമേലേക്ക് ആരാഞ്ഞു. 30 അബ്രഹാം മറുപടി പറഞ്ഞു: “ഈ കിണർ ഞാൻ കുഴിച്ചതാണെന്നതിന് അങ്ങു സാക്ഷി ആയിരിക്കണം. പകരം ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ സ്വീകരിക്കണം.” 31 അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു ബേർ- ശേബാ എന്നു പേരുണ്ടായി. 32 അങ്ങനെ ബേർ- ശേബയിൽവച്ച് ഉടമ്പടി ഉണ്ടാക്കിയതിനുശേഷം അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി. 33 അബ്രഹാം ബേർ-ശേബയിൽ ഒരു വൃക്ഷം നട്ടു. നിത്യദൈവമായ സർവേശ്വരന്റെ നാമത്തിൽ അവിടെ ആരാധന നടത്തി. 34 അബ്രഹാം വളരെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India