Biblia Todo Logo
Bìoball air-loidhne

- Sanasan -

ഗലാത്യർ 3 - സത്യവേദപുസ്തകം C.L. (BSI)


നിയമമോ, വിശ്വാസമോ?

1 ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്റെ കുരിശിലെ മരണം നിങ്ങളുടെ കൺമുമ്പിൽ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്?

2 ഒരു കാര്യം എന്നോടു പറയുക: നിങ്ങൾക്കു ദൈവത്തിന്റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ?

3 നിങ്ങൾ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവിൽ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കർമാനുഷ്ഠാനങ്ങളിൽ ഇപ്പോൾ അവസാനിപ്പിക്കുന്നുവോ?

4 നിങ്ങൾ സഹിച്ച പീഡനങ്ങളെല്ലാം തീർത്തും വ്യർഥമായി എന്നോ? നിശ്ചയമായും അവ വ്യർഥമല്ലല്ലോ.

5 ദൈവം നിങ്ങൾക്ക് ആത്മാവിനെ നല്‌കുകയും നിങ്ങളുടെ ഇടയിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങൾ നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ?

6 അബ്രഹാമിന്റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ.

7 അതിനാൽ വിശ്വാസമുള്ളവരാണ് അബ്രഹാമിന്റെ യഥാർഥ സന്താനങ്ങൾ എന്നു നിങ്ങൾ മനസ്സിലാക്കണം.

8 വിശ്വാസത്താൽ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നിൽക്കൂടി മാനവവംശം മുഴുവൻ അനുഗ്രഹിക്കപ്പെടും” എന്ന സദ്‍വാർത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു.

9 അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും.

10 നിയമം അനുശാസിക്കുന്ന കർമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവൻ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്.

11 അതിനാൽ നിയമസംഹിത മുഖേന ആരും ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാൽ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവൻ ജീവിക്കും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു.

12 എന്നാൽ ‘നിയമം വിശ്വാസത്തിൽ അധിഷ്ഠിതമല്ല; ധർമശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവർ അവയാൽ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ.

13 എന്നാൽ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നതുകൊണ്ട്, നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തിൽ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്.

14 അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിജാതീയർക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു.


നിയമവും വാഗ്ദാനവും

15 സഹോദരരേ, സാധാരണജീവിതത്തിൽനിന്ന് ഒരു ദൃഷ്ടാന്തം ഞാൻ ഉദ്ധരിക്കട്ടെ: ഒരു കാര്യം സംബന്ധിച്ച് രണ്ടുപേർ ഒരു ഉടമ്പടി ഉണ്ടാക്കിയാൽ മറ്റാർക്കും അത് അസാധുവാക്കുവാനോ, അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുവാനോ സാധ്യമല്ല.

16 ദൈവത്തിന്റെ വാഗ്ദാനങ്ങൾ അബ്രഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കുമാണ് നല്‌കപ്പെട്ടത്. അനേകം ആളുകൾ എന്നർഥം വരുന്ന ബഹുവചനമല്ല, ഒരാൾ എന്ന് അർഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത്. ‘നിന്റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്.

17 ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ചെയ്തു. അതു പാലിക്കുമെന്ന് വാഗ്ദാനവും ചെയ്തു. നാനൂറ്റിമുപ്പതു വർഷം കഴിഞ്ഞു നല്‌കപ്പെട്ട നിയമസംഹിതയ്‍ക്ക് ദൈവത്തിന്റെ ഉടമ്പടിയെ അസാധുവാക്കുന്നതിനോ വാഗ്ദാനം ഉപേക്ഷിക്കുന്നതിനോ സാധ്യമല്ല.

18 എന്തെന്നാൽ ദൈവം നല്‌കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കിൽ, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്‌കിയത്.

19 അങ്ങനെയെങ്കിൽ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേർത്തുതന്നതാണ്. മാലാഖമാർ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.

20 എന്നാൽ ഒരുവൻ മാത്രമുള്ളിടത്ത് മധ്യസ്ഥന്റെ ആവശ്യമില്ല. ദൈവം ഏകനാണല്ലോ.


നിയമത്തിന്റെ ഉദ്ദേശ്യം

21 അങ്ങനെയെങ്കിൽ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവൻ പ്രദാനം ചെയ്യുവാൻ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കിൽ അതിലെ അനുശാസനങ്ങൾ അനുഷ്ഠിക്കുന്നതിനാൽ മനുഷ്യർ ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ.

22 എന്നാൽ വേദഗ്രന്ഥത്തിലെ പ്രസ്താവനയനുസരിച്ച് സമസ്തലോകവും പാപത്തിന്റെ അധികാരത്തിൻകീഴിലാണ്. അതുകൊണ്ട്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം വിശ്വസിക്കുന്നവർക്കു നല്‌കപ്പെടുന്നു.

23 ഈ വിശ്വാസം കൈവരുന്നതിനുമുമ്പ്, ദൈവം ഈ വിശ്വാസം നമുക്കു പ്രത്യക്ഷമാക്കുന്നതുവരെ, നിയമസംഹിത നമ്മെ എല്ലാവരെയും തടവുപുള്ളികളെപ്പോലെ ബന്ധിച്ചിരുന്നു.

24 വിശ്വാസത്തിലൂടെ നാം ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിന് ക്രിസ്തു വരുന്നതുവരെ, നിയമം നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന സംരക്ഷകനായിരുന്നു.

25 ഇപ്പോഴാകട്ടെ, യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ട കാലമായതുകൊണ്ട്, നിയമം ഇനിയും നമ്മുടെ സംരക്ഷകനല്ല.

26 ക്രിസ്തുയേശുവിലുള്ള വിശ്വാസം മുഖേന നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നു.

27 ക്രിസ്തുവിനോടുള്ള ഐക്യത്തിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ട നിങ്ങളെല്ലാവരും ക്രിസ്തുവിന്റെ ജീവൻ ധരിച്ചിരിക്കുന്നു.

28 അതുകൊണ്ട്, യൂദനെന്നോ യൂദേതരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്‍ത്രീയെന്നോ ഉള്ള ഭേദമില്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവിലുള്ള ഐക്യത്തിൽ ഒന്നാകുന്നു.

29 നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ, അബ്രഹാമിന്റെ സന്തതികളും ദൈവത്തിന്റെ വാഗ്ദാനപ്രകാരം അവകാശികളുമാകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan