ഗലാത്യർ 1 - സത്യവേദപുസ്തകം C.L. (BSI)1 മനുഷ്യരിൽനിന്നോ, മനുഷ്യൻ മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് അവിടുത്തെ ഉയിർപ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു: 2 ഗലാത്യയിലെ സഭകൾക്ക് എന്റെയും എന്നോടുകൂടി ഇവിടെയുള്ള എല്ലാ സഹോദരരുടെയും അഭിവാദനങ്ങൾ. 3 നമ്മുടെ പിതാവായ ദൈവവും കർത്താവായ യേശുക്രിസ്തുവും നിങ്ങൾക്കു കൃപയും സമാധാനവും നല്‌കുമാറാകട്ടെ. 4 ദുഷ്ടത നിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നതിന് നമ്മുടെ പിതാവായ ദൈവത്തിന്റെ തിരുഹിതമനുസരിച്ച് നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രിസ്തു സ്വയം അർപ്പിച്ചു. 5 ദൈവത്തിന് എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേൻ. സുവിശേഷം ഒന്നുമാത്രം 6 ക്രിസ്തുവിന്റെ കൃപയാലാണ് നിങ്ങൾ വിളിക്കപ്പെട്ടത്. നിങ്ങളെ വിളിച്ചവനെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരു സുവിശേഷം നിങ്ങൾ സ്വീകരിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു! വാസ്തവത്തിൽ മറ്റൊരു സുവിശേഷവുമില്ല. 7 നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. 8 എന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങൾ തന്നെ ആയാലും സ്വർഗത്തിൽനിന്നുള്ള ഒരു മാലാഖ ആയാലും ശപിക്കപ്പെട്ടവൻ ആകുന്നു. 9 ഞങ്ങൾ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതു വീണ്ടും പറയുന്നു. നിങ്ങൾ സ്വീകരിച്ച ആ സുവിശേഷത്തിൽനിന്നു വിഭിന്നമായ സുവിശേഷം ആരുതന്നെ പ്രസംഗിച്ചാലും അയാൾ ശപിക്കപ്പെട്ടവനാകുന്നു. 10 മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാൻ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്റെ അംഗീകാരമാണ്! ജനസമ്മിതി നേടാൻവേണ്ടിയാണോ ഞാൻ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാൻ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല. പൗലൊസ് അപ്പോസ്തോലനായത് എങ്ങനെ? 11 സഹോദരരേ, ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ പ്രസംഗിക്കുന്ന സുവിശേഷം മനുഷ്യനിൽനിന്ന് ഉദ്ഭവിക്കുന്നതല്ല. 12 അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് എനിക്കു ലഭിക്കുകയോ, ആരെങ്കിലും എന്നെ പഠിപ്പിക്കുകയോ ചെയ്തതുമല്ല. യേശുക്രിസ്തുതന്നെയാണ് അത് എനിക്കു വെളിപ്പെടുത്തിത്തന്നത്. 13 യെഹൂദമതാവലംബി ആയിരുന്നപ്പോൾ എങ്ങനെയാണു ഞാൻ ജീവിച്ചതെന്നു നിങ്ങൾ കേട്ടിരിക്കുമല്ലോ. അന്നു ദൈവത്തിന്റെ സഭയെ പീഡിപ്പിക്കുവാനും അതിനെ നശിപ്പിക്കുവാനും ഞാൻ പരമാവധി പരിശ്രമിച്ചു. 14 മതാനുഷ്ഠാനത്തിൽ ഞാൻ എന്റെ സമകാലികരായ യെഹൂദന്മാരുടെ മുൻപന്തിയിലായിരുന്നു; പൂർവികരുടെ പാരമ്പര്യങ്ങൾ പാലിക്കുന്നതിൽ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു. 15-16 എന്നാൽ ഞാൻ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാൽ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാൻ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോൾ ഉപദേശം തേടി ഞാൻ ആരുടെയും അടുക്കൽ പോയില്ല. 17 എനിക്കു മുമ്പ് അപ്പോസ്തോലന്മാരായവരെ കാണാൻ ഞാൻ യെരൂശലേമിലേക്കും പോയില്ല. പിന്നെയോ, ഉടനെതന്നെ ഞാൻ അറേബ്യയിലേക്കു പോകുകയും അവിടെനിന്നു ദമാസ്കസിലേക്കു തിരിച്ചുവരികയുമാണ് ചെയ്തത്. 18 പത്രോസിനെ കണ്ടു വിവരങ്ങൾ അറിയുവാൻ ഞാൻ യെരൂശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തിന്റെ കൂടെ പാർക്കുകയും ചെയ്തത് മൂന്നു വർഷത്തിനു ശേഷമാണ്. 19 കർത്താവിന്റെ സഹോദരൻ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരിൽ വേറെ ആരെയും ഞാൻ കണ്ടില്ല. 20 ഞാൻ എഴുതുന്ന ഇക്കാര്യങ്ങൾ വ്യാജമല്ല എന്നു ദൈവം അറിയുന്നു. 21 പിന്നീടു ഞാൻ സിറിയ, കിലിക്യപ്രദേശങ്ങളിലേക്കു പോയി. 22 ആ സമയത്ത് യെഹൂദ്യയിലുള്ള സഭാംഗങ്ങളും ഞാനും തമ്മിൽ മുഖപരിചയം ഉണ്ടായിരുന്നില്ല. 23 “നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യൻ, താൻ നിർമാർജനം ചെയ്യുവാൻ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ടു. അങ്ങനെ ഞാൻ നിമിത്തം അവർ ദൈവത്തെ സ്തുതിച്ചു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India