Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്രാ 5 - സത്യവേദപുസ്തകം C.L. (BSI)


ദേവാലയത്തിന്റെ പണി തുടരുന്നു

1 പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ പുത്രൻ സെഖര്യായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോടു പ്രവചിച്ചു.

2 അപ്പോൾ ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രൻ യേശുവയും ചേർന്നു യെരൂശലേമിലെ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു.

3 നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവർണർ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരും അപ്പോൾ അവരുടെ അടുക്കൽ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂർത്തിയാക്കാനും നിങ്ങൾക്ക് അനുവാദം നല്‌കിയത് ആര്?”

4 ആലയം പണിയാൻ സഹായിക്കുന്നവരുടെ പേര് അവർ ചോദിച്ചു.

5 എന്നാൽ ദൈവത്തിന്റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്റെ അടുക്കൽ വിവരം ഉണർത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല.

6 നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവർണർ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരായ അധികാരികളും ചേർന്ന്

7 ദാരിയൂസിന് ഇപ്രകാരം ഒരു കത്തെഴുതി: “ദാരിയൂസ് രാജാവിനു സർവമംഗളങ്ങളും ഉണ്ടാകട്ടെ.

8 അവിടുന്ന് അറിഞ്ഞാലും; ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ അത്യുന്നത ദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അവർ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളിൽ ഉത്തരം വയ്‍ക്കുന്നു; പണി ഊർജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

9 ആരുടെ ഉത്തരവനുസരിച്ചാണ് ആലയം പണിയുകയും പൂർത്തീകരിക്കുകയും ചെയ്യുന്നത് എന്ന് ഞങ്ങൾ അവരുടെ പ്രമാണികളോടു ചോദിച്ചു.

10 അവിടുത്തെ സന്നിധിയിൽ അറിയിക്കാൻ പ്രമാണികളുടെ പേരുകൾ ഞങ്ങൾ അന്വേഷിക്കുകയും ചെയ്തു.

11 “അവർ മറുപടി പറഞ്ഞു: ‘സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്റെ ദാസന്മാരാണ് ഞങ്ങൾ. അനേകവർഷങ്ങൾക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിർമ്മിച്ച ഈ ആലയം ഞങ്ങൾ വീണ്ടും പണിയുകയാണ്.

12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ ബാബിലോണിലെ കല്ദയരാജാവായ നെബുഖദ്നേസരിന്റെ കൈയിൽ അവിടുന്നു ഞങ്ങളെ ഏല്പിച്ചു. അയാൾ ഈ ദേവാലയം നശിപ്പിക്കുകയും ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.

13 സൈറസ്‍രാജാവ് ബാബിലോൺ പിടിച്ചടക്കി ഭരണം ആരംഭിച്ചതിന്റെ ഒന്നാം വർഷം ഈ ആലയം പണിയാൻ അദ്ദേഹം കല്പന നല്‌കി.

14 നെബുഖദ്നേസർ യെരൂശലേമിലെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തിൽ വച്ചിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച പാത്രങ്ങൾ സൈറസ്‍രാജാവ് അവിടെനിന്ന് എടുപ്പിച്ചു താൻ ദേശാധിപതിയായി നിയമിച്ചിരുന്ന ശേശ്ബസ്സറെ ഏല്പിച്ചു.’

15 സൈറസ് അയാളോടു പറഞ്ഞു: ‘ഈ പാത്രങ്ങൾ നീ എടുത്ത് യെരൂശലേമിലെ ദേവാലയത്തിൽ കൊണ്ടുചെന്നു വയ്‍ക്കുക; ദേവാലയം യഥാസ്ഥാനത്തുതന്നെ പണിയട്ടെ.’

16 അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി തുടരുന്നു. ഇതുവരെ അതിന്റെ പണി തീർന്നിട്ടില്ല.

17 “അതുകൊണ്ട് അവിടുന്നു തിരുമനസ്സുണ്ടായി യെരൂശലേമിലെ ഈ ദേവാലയം പണിയുന്നതിനു സൈറസ്‍രാജാവ് കല്പന കൊടുത്തിട്ടുണ്ടോ എന്നു ബാബിലോണിലെ രാജകീയ രേഖകൾ പരിശോധിച്ച് അവിടുത്തെ ഹിതം ഞങ്ങളെ അറിയിച്ചാലും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan