യെഹെസ്കേൽ 9 - സത്യവേദപുസ്തകം C.L. (BSI)യെരൂശലേം ശിക്ഷിക്കപ്പെടുന്നു 1 അവിടുന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതു ഞാൻ കേട്ടു. “നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളുമായി എന്റെ അടുത്തു വരുവിൻ.” 2 അപ്പോൾ ആറു പേർ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാൾ പാർശ്വത്തിൽ വഹിച്ചിരുന്നു. അവർ ഓടുകൊണ്ടു നിർമിച്ച യാഗപീഠത്തിന്റെ മുമ്പിൽച്ചെന്നു നിന്നു. 3 ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കെരൂബുകളിൽനിന്നു പുറപ്പെട്ട് ആലയത്തിന്റെ വാതിൽപ്പടിക്കലെത്തി. എഴുത്തു സാമഗ്രികളുമായി നിന്ന ചണവസ്ത്രധാരിയെ അവിടുന്നു വിളിച്ചു. 4 സർവേശ്വരൻ അവനോടു കല്പിച്ചു: “നീ യെരൂശലേംനഗരത്തിലൂടെ നടന്ന് അവിടെ നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവരുടെ നെറ്റിയിൽ ഒരു അടയാളമിടുക.” 5 മറ്റുള്ളവരോടു ഞാൻ കേൾക്കെ അവിടുന്ന് ആജ്ഞാപിച്ചു: “അവന്റെ പിന്നാലെ നിങ്ങൾ ചെന്നു സംഹാരം തുടങ്ങുവിൻ. ആരെയും വെറുതെ വിടരുത്. ആരോടും കരുണ കാണിക്കയും അരുത്. 6 വൃദ്ധജനങ്ങളെയും യുവാക്കളെയും യുവതികളെയും ശിശുക്കളെയും സ്‍ത്രീകളെയും വധിക്കുവിൻ. എന്നാൽ നെറ്റിയിൽ അടയാളമുള്ള ആരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽ നിന്നുതന്നെ ഇത് ആരംഭിക്കുവിൻ. “അങ്ങനെ അവർ ദേവാലയത്തിനു മുമ്പിലുണ്ടായിരുന്ന ജനപ്രമാണികളുടെ ഇടയിൽനിന്നു സംഹാരം ആരംഭിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: 7 “ഈ മന്ദിരത്തെ അശുദ്ധമാക്കുവിൻ. ഇതിന്റെ അങ്കണത്തെ മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കുവിൻ. അങ്ങനെ മുമ്പോട്ടു നീങ്ങുവിൻ.” അവർ അങ്ങനെ നഗരത്തിൽ സംഹാരം നടത്തി മുന്നേറി. 8 അവർ സംഹാരം തുടരുകയും ഞാൻ മാത്രം ശേഷിക്കുകയും ചെയ്തപ്പോൾ ഞാൻ സാഷ്ടാംഗം വീണു നിലവിളിച്ചു. “സർവേശ്വരനായ കർത്താവേ, അവിടുത്തെ ക്രോധം യെരൂശലേമിന്മേൽ ചൊരിയുമ്പോൾ ഇസ്രായേല്യരിൽ അവശേഷിക്കുന്നവരെയെല്ലാം അവിടുന്ന് ഒന്നൊഴിയാതെ നശിപ്പിക്കുമോ?” 9 അപ്പോൾ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെയും യെഹൂദായുടെയും അകൃത്യം അളവറ്റതാണ്. ദേശമാകമാനം രക്തപാതകവും അനീതിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ‘സർവേശ്വരൻ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് ഇതു കാണുന്നില്ല.’ 10 എന്നാൽ ഞാൻ അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കുകയുമില്ല; അവരുടെ പ്രവൃത്തികൾക്കു തക്ക ശിക്ഷ ഞാൻ നല്‌കും.” 11 പാർശ്വത്തിൽ എഴുത്തുസാമഗ്രികളുള്ള ചണവസ്ത്രധാരി തിരിച്ചുവന്നു. “അങ്ങയുടെ കല്പന ഞാൻ നിറവേറ്റി” എന്ന് അറിയിച്ചു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India