Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 29 - സത്യവേദപുസ്തകം C.L. (BSI)


ഈജിപ്തിനെതിരെ പ്രവചനം

1 പ്രവാസത്തിന്റെ പത്താം വർഷം പത്താംമാസം പന്ത്രണ്ടാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ ഈജിപ്തുരാജാവായ ഫറവോയുടെ നേരെ തിരിഞ്ഞ് അയാൾക്കും ഈജിപ്തിനും എതിരെ പ്രവചിക്കുക;

3 സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. ഈജിപ്തുരാജാവായ ഫറവോയേ, ഞാൻ നിനക്ക് എതിരാണ്; നദികളുടെ നടുവിൽ കിടക്കുന്ന മഹാസർപ്പമേ, നൈൽനദി എൻറേതാണ്; ഞാനാണ് അതിനെ സൃഷ്‍ടിച്ചത് എന്നു നീ പറയുന്നുവല്ലോ.

4 നിന്റെ താടിയെല്ലിൽ ഞാൻ ചൂണ്ട കോർക്കും; നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ ഒട്ടിക്കും.

5 നിന്റെ ചെതുമ്പലിൽ ഒട്ടിപ്പിടിച്ച സർവ മത്സ്യങ്ങളോടുകൂടി നദികളുടെ മധ്യത്തിൽനിന്നു ഞാൻ നിന്നെ വലിച്ചുകയറ്റി നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയും ഞാൻ മരുഭൂമിയിലേക്കു വലിച്ചെറിയും; നീ തുറസ്സായ സ്ഥലത്തുചെന്നു വീഴും. ആരും നിന്നെ ഒന്നിച്ചു കൂട്ടുകയോ മറവു ചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും നിന്നെ ഞാനിരയാക്കും.

6 ഞാനാണു സർവേശ്വരനെന്ന് ഈജിപ്തിൽ നിവസിക്കുന്ന എല്ലാവരും അപ്പോൾ അറിയും. ഇസ്രായേൽജനത്തിനു നീ ഒരു ഞാങ്ങണവടിയായിരുന്നുവല്ലോ. അവർ നിന്നെ പിടിച്ചപ്പോൾ നീ ഒടിഞ്ഞ് അവരുടെ തോളിൽ കുത്തിക്കയറി.

7 അവർ നിന്റെമേൽ ചാരി നിന്നപ്പോൾ നീ ഒടിഞ്ഞുപോകുകയും അവരുടെ നടുവ് ഉളുക്കുകയും ചെയ്തു.

8 അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നേർക്ക് ഒരു വാളയച്ചു മനുഷ്യരെയും മൃഗങ്ങളെയും നിന്നിൽനിന്നു വിച്ഛേദിക്കും.

9 അപ്പോൾ ഈജിപ്തു ശൂന്യവും പാഴുമായിത്തീരും. അങ്ങനെ ഞാനാണ് സർവേശ്വരനെന്ന് അവർ അറിയും. ‘നൈൽനദി എൻറേതാണ് ഞാൻ അതിനെ സൃഷ്‍ടിച്ചു’ എന്നു നീ പറഞ്ഞു.

10 അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരാണ്. ഞാൻ ഈജിപ്തിനെ മിഗ്ദോൻ പട്ടണംമുതൽ സെവേനെ പട്ടണംവരെ എത്യോപ്യയുടെ അതിർത്തിയോളം പാഴും ശൂന്യവും ആക്കിത്തീർക്കും.

11 നാല്പതു വർഷത്തോളം അവിടെ മനുഷ്യവാസം ഉണ്ടായിരിക്കുകയില്ല; മനുഷ്യനോ മൃഗമോ അതിലൂടെ സഞ്ചരിക്കുകയുമില്ല.

12 വിജനമായ ദേശങ്ങളുടെ നടുവിൽ ഞാൻ ഈജിപ്തിനെ വിജനമാക്കിയിടും. വിജനമാക്കപ്പെട്ട നഗരങ്ങളുടെ നടുവിൽ ഈജിപ്തിലെ നഗരങ്ങൾ നാല്പതുവർഷം വിജനമായിക്കിടക്കും. ഞാൻ ഈജിപ്തിലെ ജനങ്ങളെ അന്യജനതകളുടെ ഇടയിൽ ചിതറിക്കും. അവരെ രാജ്യാന്തരങ്ങളിലേക്കു ചിന്നിച്ചിതറിപോകുമാറാക്കും.

13 അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നാല്പതുവർഷം കഴിയുമ്പോൾ ചിതറിപ്പോയ ദേശങ്ങളിൽനിന്ന് ഈജിപ്തുകാരെ ഞാൻ കൂട്ടിവരുത്തും.

14 അവരുടെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും. അവരുടെ ജന്മദേശമായ പത്രോസിലേക്കു ഞാൻ അവരെ തിരിച്ചുകൊണ്ടുവരും. അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.

15 അത് രാജ്യങ്ങളിൽവച്ച് ഏറ്റവും ചെറുതായിരിക്കും. അത് മറ്റു ജനതകളുടെമേൽ പിന്നീട് ഒരിക്കലും ആധിപത്യം ഉറപ്പിക്കുകയില്ല. രാജ്യങ്ങളെ അടക്കി ഭരിക്കാൻ കഴിയാത്തവിധം ഞാൻ അവരെ അത്ര ചെറുതാക്കും.

16 പിന്നീട് ഇസ്രായേൽ അതിനെ ആശ്രയിക്കുകയില്ല. ഈജിപ്തിന്റെ നേരെ സഹായത്തിനുവേണ്ടി കൈ നീട്ടിയ അപരാധം അവരുടെ ഓർമയിൽ ഉണ്ടായിരിക്കും. ഞാനാണു സർവേശ്വരനെന്ന് അവർ അപ്പോൾ അറിയും.”


നെബുഖദ്നേസർ ഈജിപ്തിനെ പിടിച്ചടക്കും

17 പ്രവാസത്തിന്റെ ഇരുപത്തിയേഴാം വർഷം ഒന്നാം മാസം ഒന്നാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:

18 “മനുഷ്യപുത്രാ, ബാബിലോൺ രാജാവായ നെബുഖദ്നേസർ സോരിനു നേരേ ചെന്നു. നെബുഖദ്നേസർ തന്റെ സൈന്യത്തെക്കൊണ്ടു സോരിനെതിരെ കഠിനാധ്വാനം ചെയ്യിച്ചു. അവരുടെ തലയിലെ മുടി മുഴുവൻ പോകുകയും തോളിലെ തൊലി ഉരിയുകയും ചെയ്തെങ്കിലും രാജാവിനോ അദ്ദേഹത്തിന്റെ സൈന്യത്തിനോ സോരിൽനിന്നു പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടിയില്ല.

19 അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ ബാബിലോൺരാജാവായ നെബുഖദ്നേസറിന് ഞാൻ ഈജിപ്തുദേശം നല്‌കും; അയാൾ കൊള്ളയും കവർച്ചയും നടത്തി ഈജിപ്തിലെ സമ്പത്തു കൈവശമാക്കും. അത് അയാളുടെ സൈന്യത്തിനു പ്രതിഫലമായിരിക്കും.

20 അയാളുടെ പ്രയത്നത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാൻ അയാൾക്കു നല്‌കിയിരിക്കുന്നു. അവർ എനിക്കുവേണ്ടിയാണല്ലോ അധ്വാനിച്ചത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

21 അന്ന് ഇസ്രായേൽജനത്തിന് ഞാൻ കൊമ്പു മുളപ്പിക്കും; യെഹെസ്കേലേ, അന്നു നീ പറയുന്നത് അവർ എല്ലാവരും കേൾക്കും; അപ്പോൾ ഞാനാണ് സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan