യെഹെസ്കേൽ 25 - സത്യവേദപുസ്തകം C.L. (BSI)അമ്മോന്യർക്കെതിരെ പ്രവചനം 1 സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ തിരിഞ്ഞ് അവർക്കെതിരെ പ്രവചിക്കുക. 3 ‘സർവേശ്വരനായ കർത്താവിന്റെ വചനം കേൾക്കുക’ എന്ന് അവരോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും ഇസ്രായേൽദേശം ശൂന്യമാക്കപ്പെടുകയും യെഹൂദ്യയിലെ ജനം പ്രവാസികളായി പോവുകയും ചെയ്ത അവസരങ്ങളിൽ നീ അവയിൽ ഓരോന്നിനെയുംകുറിച്ച് ‘ആഹാ’ എന്നു പറഞ്ഞു പരിഹസിച്ചു. അതുകൊണ്ട് പൂർവദേശത്തെ ജനം നിന്നെ ആക്രമിച്ചു കീഴടക്കാൻ ഞാൻ അനുവദിക്കും. 4 അവർ നിന്റെ മധ്യേ താവളമടിക്കുകയും വാസമുറപ്പിക്കുകയും ചെയ്യും. അവർ നിനക്കു ഭക്ഷിക്കാനുള്ള പഴങ്ങൾ ഭക്ഷിക്കുകയും പാൽ കുടിക്കുകയും ചെയ്യും. 5 ഞാൻ രബ്ബാനഗരത്തെ ഒട്ടകങ്ങളുടെ മേച്ചിൽസ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആടുകളുടെ ആലയും ആക്കിത്തീർക്കും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.” 6 അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ എല്ലാ മ്ലേച്ഛതകളും നിമിത്തം ഇസ്രായേൽദേശത്തിനെതിരെ നീ കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാൽ, 7 ഞാൻ നിനക്കെതിരെ എന്റെ കൈ നീട്ടി നിന്നെ അന്യജനതകൾക്കു കൊള്ളമുതലായി ഏല്പിച്ചുകൊടുക്കും. ജനപദങ്ങളിൽനിന്നു നിന്നെ വിച്ഛേദിക്കും; രാജ്യങ്ങളുടെ ഇടയിൽനിന്നു നിന്നെ പിഴുതെറിയും. ഞാൻ നിന്നെ നശിപ്പിക്കും. ഞാനാണു സർവേശ്വരനെന്ന് അപ്പോൾ നീ ഗ്രഹിക്കും.” മോവാബ്യർക്കെതിരെ പ്രവചനം 8 സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “യെഹൂദാജനത മറ്റു ജനതകളെപ്പോലെയാണെന്നു മോവാബു പറഞ്ഞു. 9 അതുകൊണ്ട് മോവാബിന്റെ പാർശ്വങ്ങളിലുള്ള അതിർത്തിനഗരങ്ങൾ ഞാൻ വെട്ടിത്തുറക്കും. രാജ്യത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യത്തയീം എന്നീ നഗരങ്ങൾതന്നെ. 10 അമ്മോന്യരോടൊപ്പം മോവാബിനെയും ഞാൻ പൂർവദേശത്തെ ജനങ്ങളുടെ അധീനതയിലാക്കും. ജനതകളുടെ ഇടയിൽ അത് അനുസ്മരിക്കപ്പെടുകയില്ല. 11 മോവാബിന്റെമേൽ ഞാൻ ശിക്ഷാവിധി നടത്തും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.” എദോമിനെതിരെ പ്രവചനം 12 സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: യെഹൂദാജനതയോടു പ്രതികാരം ചെയ്ത് എദോം ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നു. 13 അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എദോമിനു നേരെ, ഞാൻ കൈ നീട്ടും. അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിച്ചു ദേശം ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളിനിരയാകും. 14 എന്റെ ജനമായ ഇസ്രായേലിന്റെ കരങ്ങളാൽ എദോമിനോടു ഞാൻ പ്രതികാരം ചെയ്യും; എന്റെ ക്രോധത്തിനും രോഷത്തിനും അനുസൃതമായി അവർ പ്രവർത്തിക്കും. അപ്പോൾ എന്റെ പ്രതികാരം എദോം മനസ്സിലാക്കുമെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.” ഫെലിസ്ത്യർക്കെതിരെ പ്രവചനം 15 സർവേശ്വരനായ കർത്താവ് വീണ്ടും അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത ശത്രുതയാൽ നശിപ്പിക്കാൻവേണ്ടി ദുഷ്ടഹൃദയത്തോടെ അവർ പ്രതികാരം ചെയ്തിരിക്കുന്നു. 16 അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഫെലിസ്ത്യരുടെ നേരെ ഞാൻ കൈ നീട്ടും. ക്രേത്യരെ ഞാൻ കൊന്നൊടുക്കും കടൽത്തീരത്തു ശേഷിക്കുന്നവരെയും നശിപ്പിക്കും. 17 ക്രോധപൂർവമുള്ള ശിക്ഷകളാൽ ഞാൻ അവരോടു കഠിനമായി പ്രതികാരം ചെയ്യും. അപ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും.” ഇതു സർവേശ്വരനായ കർത്താവിന്റെ വചനം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India