യെഹെസ്കേൽ 2 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരൻ യെഹെസ്കേലിനെ വിളിക്കുന്നു 1 “മനുഷ്യപുത്രാ, എഴുന്നേറ്റു നില്‌ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.” 2 ഇങ്ങനെ എന്നോടു പറഞ്ഞപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്നിൽ പ്രവേശിച്ച് എന്നെ എഴുന്നേല്പിച്ചു നിർത്തി. അവിടുന്നു സംസാരിക്കുന്നതു ഞാൻ കേട്ടു. 3 അവിടുന്ന് എന്നോടു കല്പിച്ചു: “മനുഷ്യപുത്രാ, ധിക്കാരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു. അവരും അവരുടെ പിതാക്കന്മാരും എന്നോടു ധിക്കാരം കാട്ടി, എന്റെ നേരെ അതിക്രമം പ്രവർത്തിച്ചു. 4 അവർ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാൻ നിന്നെ അയയ്‍ക്കുന്നത്. സർവേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക. 5 ധിക്കാരികളായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ. അങ്ങനെ അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെന്ന് അവർ അറിയട്ടെ. 6 മനുഷ്യപുത്രാ, അവരെയോ, അവരുടെ വാക്കുകളെയോ നീ ഭയപ്പെടേണ്ടാ; മുൾച്ചെടികളും മുള്ളും നിന്റെ ചുറ്റും ഉണ്ടായിരിക്കാം; നിനക്കു തേളുകളുടെമേൽ ഇരിക്കേണ്ടിവന്നേക്കാം; 7 എന്നാലും അവരുടെ വാക്കുകളോ, നോട്ടമോ കണ്ടു ഭയപ്പെടരുത്; അവർ ധിക്കാരികളാണല്ലോ. കേട്ടാലും ഇല്ലെങ്കിലും എന്റെ വചനം അവരോടു പ്രസ്താവിക്കുക. അവർ നിഷേധികളായ ജനമാണല്ലോ. 8 “മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക; നിഷേധികളായ ആ ജനത്തെപ്പോലെ നീ നിഷേധിയാകരുത്. നീ വായ് തുറന്ന് ഞാൻ തരുന്നതു ഭക്ഷിക്കുക.” 9 ഞാൻ നോക്കിയപ്പോൾ നീട്ടിയ ഒരു കരം കണ്ടു. അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. 10 അത് എന്റെ മുമ്പിൽ നിവർത്തപ്പെട്ടു. അതിന്റെ ഇരുവശങ്ങളിലും വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India