യെഹെസ്കേൽ 19 - സത്യവേദപുസ്തകം C.L. (BSI)ഒരു വിലാപഗാനം 1 ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചു നീ ഒരു വിലാപഗാനം ആലപിക്കുക. 2 സിംഹങ്ങളുടെ ഇടയ്‍ക്ക് ഒരു സിംഹിയായിരുന്നു നിന്റെ അമ്മ! യുവസിംഹങ്ങളുടെ ഇടയിൽ അവൾ തന്റെ കുട്ടികളെ വളർത്തി. 3 അവയിൽ ഒന്നിനെ ഒരു യുവസിംഹമായി അവൾ വളർത്തി. അത് ഇരപിടിക്കാൻ ശീലിച്ചു; മനുഷ്യരെ കടിച്ചുതിന്നു. 4 ജനതകൾ അവനെപ്പറ്റി കേട്ടു; അവർ അവനെ കുഴിയിൽ അകപ്പെടുത്തി; തുടലിൽ കൊളുത്തി വലിച്ച് ഈജിപ്തിലേക്കു കൊണ്ടുപോയി. 5 അവനെ കാത്തിരുന്ന അവളുടെ ആശയറ്റു, പിന്നീട് അവൾ തന്റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളർത്തി. 6 സിംഹക്കൂട്ടത്തിൽ അവൻ ഒരു യുവസിംഹമായി നടന്നു. അവൻ ഇരപിടിക്കാൻ ശീലിച്ചു; മനുഷ്യരെ കടിച്ചു തിന്നു. 7 അവൻ അവരുടെ കോട്ടകൾ നശിപ്പിച്ചു; നഗരങ്ങൾ ശൂന്യമാക്കി, അവന്റെ ഗർജനം കേട്ടു ദേശവും ദേശവാസികളും നടുങ്ങി. 8 ചുറ്റുപാടുമുള്ള ജനതകൾ അവനെതിരെ വന്നു അവർ അവന്റെമേൽ വല വീശി; അവൻ അവരുടെ കെണിയിൽ അകപ്പെട്ടു. 9 അവർ അവനെ കൊളുത്തിൽ കുടുക്കി കൂട്ടിലാക്കി ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുപോയി. ഇസ്രായേൽഗിരികളിൽ അവന്റെ ശബ്ദം ഇനി കേൾക്കാതിരിക്കാൻ അവർ അവനെ ബന്ധനസ്ഥനാക്കി. 10 ജലാശയത്തിനരികിൽ നട്ട മുന്തിരി വള്ളിപോലെയാണു നിന്റെ അമ്മ; ധാരാളം വെള്ളം ലഭിച്ചതിനാൽ അതു നിറയെ ശാഖകൾ നീട്ടി, ഏറെ ഫലം കായ്ച്ചു. 11 ഭരണാധികാരികളുടെ ചെങ്കോലിന് ഉപയോഗിക്കാവുന്ന ബലമുള്ള ശാഖകൾ അതിനുണ്ടായി, ഇടതൂർന്നു വളർന്ന ചില്ലകൾക്കിടയിലൂടെ അതു തല ഉയർത്തി നിന്നു. അനവധി ശാഖകളോടുകൂടി വളർന്ന് അതു വളരെ ഉയർന്നു കാണപ്പെട്ടു. 12 എന്നാൽ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്റെ കായ്കൾ കൊഴിഞ്ഞു. അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു. 13 ഉണങ്ങി വരണ്ട മരുഭൂമിയിൽ അതിനെ ഇപ്പോൾ നട്ടിരിക്കുന്നു. 14 അതിന്റെ തണ്ടിൽനിന്നു തീ പടർന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു; അതിൽ ഭരണാധിപനു ചെങ്കോൽ നിർമിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല. ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീർന്നിരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India