യെഹെസ്കേൽ 15 - സത്യവേദപുസ്തകം C.L. (BSI)മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം 1 സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, മുന്തിരിച്ചെടിക്ക് ഇതരവൃക്ഷങ്ങളെക്കാൾ എന്താണു മേന്മ? കാട്ടിലെ മരങ്ങളുടെ ചില്ലയെക്കാൾ അതിന്റെ ചില്ലകൾക്ക് എന്തു സവിശേഷത? 3 എന്തെങ്കിലും നിർമിക്കാൻ അതിന്റെ തടി ഉപകരിക്കുമോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതുകൊണ്ട് നിർമിക്കാമോ? 4 അതു വിറകായി അടുപ്പിൽ വയ്‍ക്കുന്നു. അതിന്റെ ഇരുവശവും കത്തിയശേഷം മധ്യഭാഗം കരിക്കട്ട ആയിത്തീർന്നാൽ അതെന്തിനെങ്കിലും കൊള്ളാമോ? 5 അതു തീയിൽ ഇടുന്നതിനുമുമ്പ് ഒന്നിനും ഉപകരിച്ചില്ല. പിന്നെ കത്തി കരിക്കട്ട ആയശേഷം എന്തിനെങ്കിലും ഉപകരിക്കുമോ? 6 അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിലുള്ള മുന്തിരിച്ചെടിയെ തീയിലിടുന്നതുപോലെ യെരൂശലേം നിവാസികളെ ഞാൻ തീയിലിടും. 7 അവർക്കെതിരെ ഞാൻ മുഖം തിരിക്കും. അവർ തീയിൽനിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അറിയും. 8 അവർ എന്നോട് അവിശ്വസ്തരായി വർത്തിച്ചതിനാൽ ഞാൻ അവരുടെ ദേശത്തെ ശൂന്യമാക്കും. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India