Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 14 - സത്യവേദപുസ്തകം C.L. (BSI)


വിഗ്രഹാരാധനയ്‍ക്കെതിരെ

1 ഇസ്രായേലിലെ ചില ജനപ്രമാണികൾവന്ന് എന്റെ മുമ്പിലിരുന്നു.

2 അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:

3 മനുഷ്യപുത്രാ, തങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇവർ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങൾ തങ്ങളുടെ മുമ്പിൽ വയ്‍ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി പറയണമോ?

4 അതുകൊണ്ട്, നീ അവരോടു പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു കാരണമായ അകൃത്യങ്ങളെ കൺമുമ്പിൽ വയ്‍ക്കുകയും ചെയ്തുകൊണ്ട് പ്രവാചകനെ സമീപിക്കുന്ന ഇസ്രായേലിലെ ഏതൊരു പുരുഷനോടും അവൻ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ ബാഹുല്യത്തിനൊത്തവിധം സർവേശ്വരനായ ഞാൻ മറുപടി നല്‌കും.

5 വിഗ്രഹാരാധന നിമിത്തം എന്നിൽനിന്ന് അകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാൻ അപ്രകാരം ചെയ്യുന്നത്.

6 അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ പശ്ചാത്തപിച്ചു വിഗ്രഹാരാധനയിൽനിന്നും സർവമ്ലേച്ഛതകളിൽനിന്നും പിന്തിരിയുക.

7 ഇസ്രായേല്യരോ, അവരോടൊത്തു പാർക്കുന്ന പരദേശിയോ എന്നിൽനിന്ന് അകന്നു വിഗ്രഹങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും തന്റെ വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങൾ കൺമുമ്പിൽ വയ്‍ക്കുകയും ചെയ്തുകൊണ്ടു പ്രവാചകന്റെ അടുക്കൽ വന്ന് എന്റെ ഹിതം അന്വേഷിച്ചാൽ സർവേശ്വരനായ ഞാൻ തന്നെ അവനു തക്ക മറുപടി നല്‌കും.

8 ഞാൻ അവന് എതിരായി തിരിഞ്ഞ് അവനെ ഒരു അടയാളവും പരിഹാസപാത്രവും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്നു ഞാൻ അവനെ നീക്കിക്കളയും; ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അപ്പോൾ അറിയും.

9 എന്നാൽ ആ പ്രവാചകൻ വഞ്ചിതനായി അവന് ഉത്തരം നല്‌കിയാൽ സർവേശ്വരനായ ഞാൻ തന്നെയാണ് അപ്രകാരം മറുപടി പറയാൻ ഇടയാക്കിയത്. ഞാൻ അയാളെ ഇസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും. അവർ ഇരുവരും ശിക്ഷിക്കപ്പെടും.

10-11 പ്രവചനം ആരായുന്നവനും പ്രവാചകനും ഒരേ ശിക്ഷതന്നെ ലഭിക്കും. ഞാൻ ഇപ്രകാരം പ്രവർത്തിക്കുന്നത് ഇസ്രായേൽജനം എന്നിൽനിന്ന് അകന്നുപോകാതിരിക്കാനും അകൃത്യങ്ങൾകൊണ്ടു വീണ്ടും തങ്ങളെത്തന്നെ അശുദ്ധീകരിക്കാതിരിക്കാനുംവേണ്ടിയാണ്. അപ്പോൾ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”


പാപം ചെയ്യുന്നവൻ ശിക്ഷ അനുഭവിക്കും
( യെഹെ. 33:10-20 )

12 സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി.

13 മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തമായി എനിക്കെതിരെ പാപം ചെയ്താൽ ഞാൻ ആ ദേശത്തിനെതിരെ കൈ നീട്ടി അതിന്റെ ആഹാരം മുടക്കുകയും അവിടെ ക്ഷാമം വരുത്തുകയും ചെയ്യും. അങ്ങനെ അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാൻ നശിപ്പിക്കും.

14 നോഹ, ദാനിയേൽ, ഇയ്യോബ് എന്നിവർ അവിടെ ഉണ്ടായിരുന്നാൽ പോലും തങ്ങളുടെ നീതിയാൽ അവർക്ക് മാത്രമേ രക്ഷപെടാൻ കഴിയൂ എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

15 ഞാൻ വന്യമൃഗങ്ങളെ ആ ദേശത്തു കടത്തിവിടുകയും അവ അതു നശിപ്പിച്ചു ശൂന്യമാക്കുകയും അവമൂലം ആർക്കും വഴിനടക്കാൻ കഴിയാതെ വരികയും ചെയ്താൽ,

16 ഈ മൂന്നുപേരും അവിടെ ഉണ്ടെങ്കിൽത്തന്നെ സ്വന്തജീവനെ അല്ലാതെ അവരുടെ പുത്രന്മാരുടെയോ പുത്രിമാരുടെയോ പോലും ജീവൻ രക്ഷിക്കാൻ അവർക്കു കഴിയുകയില്ല; ആ ദേശം ശൂന്യമായിത്തീരും; ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.

17 ഞാൻ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാൻ സത്യം ചെയ്തു പറയുന്നു:

18 അപ്പോൾ ആ മൂന്നു പേരും അവിടെ ഉണ്ടായിരുന്നാലും സ്വന്തം ജീവനെയല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

19 ഞാൻ ആ ദേശത്തേക്കു മഹാമാരി അയയ്‍ക്കുകയും രക്തച്ചൊരിച്ചിലോടെ എന്റെ ക്രോധം അവരുടെമേൽ വർഷിക്കുകയും ചെയ്ത് അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു എന്നിരിക്കട്ടെ.

20 അപ്പോൾ നോഹയും ദാനിയേലും ഇയ്യോബും അവിടെ ഉണ്ടായിരുന്നാലും ഞാൻ ആണയിട്ടു പറയുന്നു, അവർക്കു തങ്ങളുടെ നീതിയാൽ സ്വന്തജീവനെയല്ലാതെ പുത്രന്മാരെയോ പുത്രിമാരെയോപോലും രക്ഷിക്കാൻ കഴിയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

21 സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിലെ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനം ചെയ്യാൻ വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ശിക്ഷകൾ അയച്ചാൽ ഉണ്ടാകുന്ന അനർഥം എത്ര അധികമായിരിക്കും!

22 എങ്കിലും ഏതാനും പേർ അവശേഷിക്കും. അവർ തങ്ങളുടെ പുത്രീപുത്രന്മാരോടു കൂടി നിങ്ങളുടെ അടുത്തു വരും. അവരുടെ പ്രവൃത്തിയും പെരുമാറ്റവും കാണുമ്പോൾ ഞാൻ യെരൂശലേമിൽ വരുത്തിയ നാശത്തിന്റെയും അനർഥങ്ങളുടെയും കാരണം അറിഞ്ഞു നിങ്ങൾ ആശ്വസിക്കും.

23 അവരുടെ നടപ്പും പ്രവൃത്തിയും കാണുമ്പോൾ ഞാൻ അവിടെ ചെയ്തത് ഒന്നും വെറുതയല്ല എന്നു ബോധ്യപ്പെട്ടു നിങ്ങൾ ആശ്വസിക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan