പുറപ്പാട് 7 - സത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിന്നെ ഫറവോയ്‍ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകനുമായിരിക്കും. 2 ഞാൻ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ അഹരോൻ ഫറവോയോടു പറയും. 3 ഈജിപ്തിൽ ഞാൻ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാൻ ഫറവോയുടെ ഹൃദയം കഠിനമാക്കും. 4 ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാൻ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും. 5 ഞാൻ എന്റെ കരം ഈജിപ്തിനെതിരെ ഉയർത്തി അവരുടെ ഇടയിൽനിന്ന് എന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” 6 സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു. 7 ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്‍ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. അഹരോന്റെ വടി 8 സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 9 “ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാൽ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാൻ അഹരോനോടു പറയണം; അതു സർപ്പമായിത്തീരും.” 10 മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ അഹരോൻ വടി നിലത്തിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു. 11 അപ്പോൾ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാൽ അതുപോലെ പ്രവർത്തിച്ചു. 12 അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സർപ്പമായി മാറി. എന്നാൽ അഹരോന്റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു. 13 സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാൾ അവരെ ശ്രദ്ധിച്ചുമില്ല. ബാധകൾ ജലം രക്തമായി മാറുന്നു 14 സർവേശ്വരൻ മോശയോടു പറഞ്ഞു: “ജനത്തെ വിട്ടയയ്‍ക്കാൻ സമ്മതിക്കാതെ ഫറവോ കഠിനഹൃദയനായിരിക്കുകയാണ്. 15 ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോൾ അവന്റെ അടുക്കൽ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്‌ക്കണം; സർപ്പമായിത്തീർന്ന വടിയും എടുത്തുകൊള്ളണം. 16 അവനോടു നീ ഇപ്രകാരം പറയണം: ‘മരുഭൂമിയിൽ എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്‍ക്കുക’ എന്ന് അങ്ങയോടു പറയാൻ എബ്രായരുടെ ദൈവമായ സർവേശ്വരൻ എന്നെ അയച്ചിരിക്കുന്നു. ഇതുവരെയും അങ്ങ് അതു ശ്രദ്ധിച്ചില്ല;” 17 അവിടുന്നു കല്പിക്കുന്നു: “ഞാൻ സർവേശ്വരനാകുന്നു എന്നു നീ ഇതിനാൽ അറിയും; ഞാൻ ഈ വടികൊണ്ട് നൈൽനദിയിലെ ജലത്തിന്മേൽ അടിക്കും; അതു രക്തമായി മാറും. 18 നദിയിലെ മത്സ്യങ്ങൾ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാർക്ക് അതു കുടിക്കാൻ കഴിയുകയില്ല. 19 സർവേശ്വരൻ മോശെയോടു പറഞ്ഞു: “ഈജിപ്തിലെ അരുവികൾ, നദികൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലാശയങ്ങൾക്കും മീതെ നിന്റെ വടി നീട്ടുക എന്ന് അഹരോനോടു പറയുക; അവ രക്തമായി മാറും; അങ്ങനെ ഈജിപ്തിലെല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും കോരിവച്ചിരിക്കുന്ന വെള്ളംപോലും രക്തമായിമാറും.” 20 സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു; അഹരോൻ ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽവച്ചുതന്നെ വടി ഉയർത്തി നൈൽനദിയിലെ ജലത്തിന്മേൽ അടിച്ചു; അതിലെ വെള്ളം മുഴുവൻ രക്തമായി മാറി. 21 നദിയിലെ മത്സ്യങ്ങൾ ചത്തു; അതിലെ വെള്ളം ഈജിപ്തുകാർക്കു കുടിക്കാനാവാത്തവിധം മലീമസമായി. ഈജിപ്തിൽ എല്ലായിടത്തും വെള്ളം രക്തമായിത്തീർന്നു; 22 ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികശക്തികൊണ്ട് വെള്ളം രക്തമാക്കി. എങ്കിലും ഫറവോ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അവരുടെ വാക്കു ശ്രദ്ധിച്ചുമില്ല. 23 ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങി; സംഭവിച്ചതൊന്നും കൂട്ടാക്കിയില്ല. 24 നദീജലം പാനയോഗ്യമല്ലാതിരുന്നതിനാൽ ഈജിപ്തുകാർ ദാഹജലത്തിനുവേണ്ടി നൈൽനദിക്കു ചുറ്റും കുഴികൾ കുഴിച്ചു. സർവേശ്വരൻ ജലത്തിൽ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India