Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 38 - സത്യവേദപുസ്തകം C.L. (BSI)


ഹോമയാഗപീഠം
( പുറ. 27:1-8 )

1 അയാൾ കരുവേലകംകൊണ്ടു ഹോമയാഗപീഠം നിർമ്മിച്ചു. സമചതുരത്തിൽ നിർമ്മിക്കപ്പെട്ട അതിന് നീളവും വീതിയും അഞ്ചു മുഴം, ഉയരം മൂന്നു മുഴം.

2 അതിന്റെ നാലു മൂലയ്‍ക്കും ഓരോ കൊമ്പ് ഉണ്ടാക്കി; യാഗപീഠവുമായി ഒന്നായി ചേർത്ത് ഓടുകൊണ്ടു പൊതിഞ്ഞു.

3 കുടങ്ങൾ, ചട്ടുകങ്ങൾ, കിണ്ണങ്ങൾ, മുൾക്കരണ്ടികൾ, തീച്ചട്ടികൾ തുടങ്ങിയ യാഗപീഠത്തിന്റെ ഉപകരണങ്ങളെല്ലാം ഓടുകൊണ്ടുതന്നെ നിർമ്മിച്ചു.

4 ഓട്ടുകമ്പികൾ കൊണ്ട് അഴിക്കൂടുണ്ടാക്കി; യാഗപീഠത്തിന്റെ ചുറ്റുപടിക്ക് താഴെ പകുതി പൊക്കത്തിൽ അത് ഉറപ്പിച്ചു.

5 തണ്ടുകൾ കടത്താൻ ഓട്ടുവളയങ്ങൾ അതിന്റെ നാലു മൂലയ്‍ക്കും ഘടിപ്പിച്ചു.

6 തണ്ടുകൾ കരുവേലകംകൊണ്ടു നിർമ്മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു.

7 യാഗപീഠം വഹിക്കാനുള്ള തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ കടത്തി. യാഗപീഠം പലകകൊണ്ടാണ് നിർമ്മിച്ചത്. അതിന്റെ അകം പൊള്ളയായിരുന്നു.


ഓട്ടുതൊട്ടി
( പുറ. 30:18 )

8 തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ശുശ്രൂഷ ചെയ്തിരുന്ന സ്‍ത്രീകളുടെ ഓട്ടുകണ്ണാടികൾകൊണ്ട് അയാൾ ക്ഷാളനപാത്രവും അതിന്റെ പീഠവും ഉണ്ടാക്കി.


തിരുസാന്നിധ്യകൂടാരത്തിന്റെ അങ്കണം
( പുറ. 27:9-19 )

9 പിന്നീട് അയാൾ തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിർമ്മിച്ചു; അതിന്റെ തെക്കുവശത്തുള്ള തിരശ്ശീല നൂറു മുഴം നീളത്തിൽ നേർമയായി പിരിച്ച ലിനൻനൂൽകൊണ്ട് നെയ്തെടുത്തതായിരുന്നു.

10 ഈ തിരശ്ശീല ഓട്ടുചുവടുകളിൽ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടു തൂണുകളിൽ വെള്ളിക്കൊളുത്തുകളും പടികളും കൊണ്ട് ഉറപ്പിച്ചിരുന്നു.

11 വടക്കുവശത്തെ തിരശ്ശീല നൂറു മുഴം നീളമുള്ളതായിരുന്നു: അതും ഓട്ടുചുവടുകളിൽ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടുതൂണുകളിൽ വെള്ളിക്കൊളുത്തുകളും പടികളുംകൊണ്ട് ഘടിപ്പിച്ചിരുന്നു.

12 പടിഞ്ഞാറു വശത്തുള്ള തിരശ്ശീലയുടെ നീളം അമ്പതു മുഴം ആയിരുന്നു. അത് ഉറപ്പിക്കാൻ ചുവടുകളോടു കൂടിയ പത്തു തൂണുകളും തിരശ്ശീല തൂക്കിയിടാൻ വെള്ളിക്കൊളുത്തുകളും ഉണ്ടായിരുന്നു.

13 കിഴക്കുവശത്തെ തിരശ്ശീലയുടെ നീളവും അമ്പതു മുഴം ആയിരുന്നു.

14 പ്രവേശനകവാടത്തിന്റെ ഓരോ വശത്തുമുള്ള തിരശ്ശീലയുടെ നീളം പതിനഞ്ചു മുഴം ആയിരുന്നു.

15 അവയിൽ ഓരോന്നിനും ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.

16 അങ്കണത്തിനു ചുറ്റും ഉറപ്പിച്ചിരുന്ന തിരശ്ശീലകളെല്ലാം നെയ്തെടുത്ത നേർത്ത ലിനൻകൊണ്ടു നിർമ്മിച്ചവയായിരുന്നു.

17 തൂണുകളുടെ ചുവടുകൾ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്; തൂണുകളുടെ മകുടങ്ങൾ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു; ചുറ്റും തിരശ്ശീലയുടെ തൂണുകളെല്ലാം വെള്ളികൊണ്ടു നിർമ്മിച്ച പടികൾകൊണ്ടു ബന്ധിച്ചിരുന്നു.

18 പ്രവേശനകവാടത്തിന്റെ തിരശ്ശീല നീല, ധൂമ്രം, കടുംചുവപ്പുവർണങ്ങളിലുള്ള നൂലുകളും നേർമയായി നെയ്തെടുത്ത ചിത്രത്തുന്നൽകൊണ്ട് അലങ്കരിച്ച ലിനൻതുണിയും കൊണ്ടുള്ളതായിരുന്നു. ഈ തിരശ്ശീലയുടെ നീളം ഇരുപതു മുഴവും വീതി അഞ്ചു മുഴവും ആയിരുന്നു. ഇത് അങ്കണത്തിന്റെ തിരശ്ശീലയ്‍ക്കു സമമായിരുന്നു.

19 ഓട്ടുചുവടുകളിൽ ഉറപ്പിച്ചിരുന്ന നാലു തൂണുകളിൽ അതു ബന്ധിപ്പിച്ചിരുന്നു. അതിന്റെ കൊളുത്തുകളും പടികളും വെള്ളികൊണ്ടു നിർമ്മിച്ചവയും തൂണുകളുടെ മകുടം വെള്ളികൊണ്ടു പൊതിഞ്ഞതും ആയിരുന്നു.

20 തിരുസാന്നിധ്യകൂടാരത്തിന്റെയും അങ്കണത്തിന്റെയും ചുറ്റുമുള്ള തിരശ്ശീലയുടെയും കുറ്റികളെല്ലാം ഓടുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു.


വിശുദ്ധകൂടാരത്തിനുപയോഗിച്ച ലോഹങ്ങൾ

21 ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന തിരുസാന്നിധ്യകൂടാരത്തിന്റെ പണിക്കുവേണ്ടി ചെലവായ സാധനങ്ങളുടെ കണക്ക് മോശയുടെ കല്പനപ്രകാരം അഹരോന്റെ പുത്രനായ ഈഥാമാരുടെ നേതൃത്വത്തിൽ ലേവ്യർ തിട്ടപ്പെടുത്തി.

22 യെഹൂദാഗോത്രത്തിലെ ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേൽ സർവേശ്വരൻ മോശയോടു കല്പിച്ചതെല്ലാം നിർമ്മിച്ചു.

23 അയാളുടെ സഹായി ദാൻഗോത്രത്തിലെ അഹീസാമാക്കിന്റെ പുത്രൻ ഒഹോലിയാബ് ആയിരുന്നു. അയാൾ കരകൗശലവിദഗ്ദ്ധനും നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും നേർത്ത ലിനനും ഉപയോഗിച്ച് ചിത്രത്തുന്നൽ ചെയ്യുന്നവനുമായിരുന്നു.

24 വിശുദ്ധകൂടാരത്തിലെ സകല പണികൾക്കുംവേണ്ടി ഉപയോഗിച്ചതും വഴിപാടായി ലഭിച്ചതുമായ സ്വർണം വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊൻപത് താലന്തും എഴുനൂറ്റമ്പത് ശേക്കെലും ആയിരുന്നു.

25 ജനസംഖ്യാകണക്കിൽ ഉൾപ്പെട്ടവർ സമർപ്പിച്ച വെള്ളി വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.

26 ജനസംഖ്യാകണക്കിൽ ഉൾപ്പെട്ട ഇരുപതിനും അതിനുമേലും വയസ്സു പ്രായമുള്ളവർ ഒരു ബെക്കാ-വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അര ശേക്കെൽ-വീതം നല്‌കേണ്ടിയിരുന്നു. അവർ ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റിയമ്പതു പേർ ഉണ്ടായിരുന്നു.

27 വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്‍ക്കും വേണ്ട ചുവടുകൾ നിർമ്മിക്കാൻ ചുവടൊന്നിന് ഒരു താലന്തു വീതം നൂറ് താലന്ത് വെള്ളി ഉപയോഗിച്ചു.

28 ശേഷിച്ച ആയിരത്തിഎഴുനൂറ്റി എഴുപത്തിയഞ്ച് ശേക്കെൽ വെള്ളികൊണ്ട് ബെസലേൽ തൂണുകളുടെ കൊളുത്തുകളും പടികളും നിർമ്മിക്കുകയും മകുടങ്ങൾ പൊതിയുകയും ചെയ്തു.

29 വഴിപാടായി ലഭിച്ച ഓട് ആകെ എഴുപതു താലന്തും രണ്ടായിരത്തിനാനൂറ് ശേക്കെലും ആയിരുന്നു.

30 അതു തിരുസാന്നിധ്യകൂടാരത്തിലേക്കുള്ള പ്രവേശനകവാടത്തിന്റെ ചുവടുകൾ, യാഗപീഠം, അഴിക്കൂട്,

31 യാഗപീഠത്തിന്റെ മറ്റ് ഉപകരണങ്ങൾ, അങ്കണത്തിനു ചുറ്റുമുള്ള തിരശ്ശീലയുടെയും പ്രവേശനകവാടത്തിന്റെയും ചുവടുകൾ, അങ്കണത്തിന്റെ ചുറ്റുമുള്ള കുറ്റികൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan