പുറപ്പാട് 36 - സത്യവേദപുസ്തകം C.L. (BSI)1 “വിശുദ്ധമന്ദിരത്തിന്റെ നിർമ്മാണജോലികൾ ചെയ്യാൻ സർവേശ്വരൻ ബുദ്ധിശക്തിയും അറിവും നല്‌കി അനുഗ്രഹിച്ചിരുന്ന ബെസലേലും ഒഹോലിയാബും സാമർഥ്യമുള്ള മറ്റെല്ലാവരും സർവേശ്വരൻ കല്പിച്ചതുപോലെതന്നെ പ്രവർത്തിക്കണം.” ജനങ്ങൾ വഴിപാടുകൾ അർപ്പിക്കുന്നു 2 ജോലി ചെയ്യാൻ ഉൾപ്രേരണയും പ്രത്യേക വൈദഗ്ദ്ധ്യവും സർവേശ്വരനിൽനിന്നു ലഭിച്ച ബെസലേലിനെയും ഒഹോലിയാബിനെയും മറ്റെല്ലാവരെയും മോശ വിളിച്ചുവരുത്തി. 3 വിശുദ്ധമന്ദിരത്തിന്റെ പണികൾക്കുവേണ്ടി ഇസ്രായേൽജനം അർപ്പിച്ചിരുന്നവയെല്ലാം അവർ മോശയുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. ജനം പ്രഭാതംതോറും സ്വമേധയാ വഴിപാടുകൾ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. 4 അതിനാൽ ജോലിയിൽ ഏർപ്പെട്ടിരുന്ന വിദഗ്ദ്ധർ ജോലി നിർത്തിയിട്ടു മോശയെ സമീപിച്ചു പറഞ്ഞു: 5 “സർവേശ്വരൻ നമ്മോട് കല്പിച്ച ജോലികൾക്ക് ആവശ്യമായതിലധികം വഴിപാടുകൾ ജനം കൊണ്ടുവരുന്നു. 6 അതിനാൽ വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇനി ആരുംതന്നെ വഴിപാട് അർപ്പിക്കേണ്ടതില്ല” എന്ന മോശയുടെ കല്പന പാളയത്തിലെങ്ങും പ്രസിദ്ധപ്പെടുത്തി. അങ്ങനെ ജനത്തിന്റെ സംഭാവനകൾ നിർത്തിവച്ചു. 7 പണികൾക്ക് ആവശ്യമുള്ളതിലധികം അവർക്കു ലഭിച്ചിരുന്നു. തിരുസാന്നിധ്യകൂടാരം പണിയുന്നു ( പുറ. 26:1-37 ) 8 പണിക്കാരിൽ ഏറ്റവും വിദഗ്ദ്ധന്മാർ ചേർന്നു പത്തു തിരശ്ശീലകൾകൊണ്ടു തിരുസാന്നിധ്യകൂടാരം നിർമ്മിച്ചു. നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും, മേനിയുള്ള ലിനൻനൂലുകളുംകൊണ്ടു നെയ്ത് കെരൂബുകളുടെ രൂപം തുന്നിച്ചേർത്താണ് അത് ഉണ്ടാക്കിയത്. 9 തിരശ്ശീലകളെല്ലാം ഒരേ അളവിലായിരുന്നു; നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവും. 10 അയ്യഞ്ചെണ്ണം കൂട്ടിച്ചേർത്ത് അവ രണ്ടു വിരികളാക്കി, 11 ആദ്യത്തെ വിരിയുടെ ആദ്യത്തെയും രണ്ടാമത്തെ വിരിയുടെ ഒടുവിലത്തെയും തിരശ്ശീലകളുടെ വിളുമ്പിൽ നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കി. 12 ഓരോ വിരിയിലും അമ്പതു കണ്ണികൾ വീതമാണ് ഉണ്ടായിരുന്നത്; രണ്ടിലെയും കണ്ണികൾ നേർക്കുനേരേയാണ് പിടിപ്പിച്ചത്. 13 കണ്ണികൾ കൂട്ടിച്ചേർത്ത് കൂടാരം നിർമ്മിക്കാൻ അമ്പതു സ്വർണക്കൊളുത്തുകളുമുണ്ടാക്കി. 14 തിരുസാന്നിധ്യകൂടാരം മൂടുന്നതിനു കോലാട്ടുരോമംകൊണ്ട് പതിനൊന്നു മൂടുവിരികളും നിർമ്മിച്ചു. 15 മുപ്പതു മുഴം നീളത്തിലും നാലു മുഴം വീതിയിലും ഒരേ അളവിലുമാണ് വിരികളെല്ലാം നിർമ്മിച്ചത്. 16 അവയിൽ അഞ്ചു മൂടുവിരികൾ ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും തുന്നിച്ചേർത്തു. 17 രണ്ടു മൂടുവിരികളിൽ ഓരോന്നിന്റെയും അറ്റത്തുള്ള ശീലകളിൽ അമ്പതു കണ്ണികൾ വീതമുണ്ടാക്കി. 18 കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ചു കൂടാരമാക്കാൻവേണ്ടി ഓടുകൊണ്ട് അമ്പതു കൊളുത്തുകളും നിർമ്മിച്ചു. 19 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഊറയ്‍ക്കിട്ട തോൽകൊണ്ട് പുറമൂടിയും ഉണ്ടാക്കി. 20 കൂടാരം നേരേ നിർത്താനുള്ള പലകകൾ കരുവേലകംകൊണ്ടു പണിതു. 21 ഓരോ പലകയുടെയും നീളം പത്തു മുഴവും വീതി ഒന്നര മുഴവും ആയിരുന്നു. 22 പലകകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഓരോ പലകയിലും ഈരണ്ട് കുടുമയുമുണ്ടാക്കി. വിശുദ്ധകൂടാരത്തിന്റെ എല്ലാ പലകകൾക്കും ഇങ്ങനെതന്നെ നിർമ്മിച്ചു. 23 കൂടാരത്തിന്റെ പലകകൾ ഇപ്രകാരം ഉണ്ടാക്കി: തെക്കുവശത്തിന് ഇരുപതു പലകകൾ. 24 കുടുമകൾ തമ്മിൽ ബന്ധിപ്പിക്കത്തക്കവിധം വെള്ളികൊണ്ട് ഓരോ പലകയുടെയും അടിയിൽ രണ്ടു കുടുമയ്‍ക്ക് രണ്ടു ചുവടു വീതം നാല്പതു ചുവടുകളും ഉണ്ടാക്കി. 25 വിശുദ്ധകൂടാരത്തിന്റെ വടക്കുവശത്തിന് ഇരുപതു പലകകളും 26 ഓരോ ചട്ടത്തിനും രണ്ടു ചുവടുകൾ വീതം നാല്പതു ചുവടുകളും, 27 പിൻഭാഗമായ പടിഞ്ഞാറുവശത്തേക്ക് ആറു പലകകളും ഉണ്ടാക്കി. 28 തിരുനിവാസത്തിന്റെ പിൻഭാഗത്തുള്ള മൂലകൾ ഉറപ്പിക്കാൻ രണ്ടു പലകകൾ നിർമ്മിച്ചു. 29 അവയുടെ അടിഭാഗം തമ്മിൽ രണ്ടായി വിഭാഗിച്ചിരുന്നു. എന്നാൽ മുകൾഭാഗം ഒന്നാമത്തെ കണ്ണിവരെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു. അങ്ങനെ മൂലകൾ തമ്മിൽ യോജിപ്പിക്കുന്നതിനു പലകകളും ഉണ്ടാക്കി. 30 ഓരോ പലകയ്‍ക്കും രണ്ടു വെള്ളിച്ചുവടുകൾ വീതം പതിനാറു ചുവടുകളും ഉണ്ടാക്കി. 31 കൂടാരത്തിന്റെ ഒരു വശത്തുള്ള പലകകൾക്ക് അഞ്ചും, 32 മറുവശത്തേതിന് അഞ്ചും പുറകുവശമായ പടിഞ്ഞാറേതിന് അഞ്ചുമായി കരുവേലകത്തടികൊണ്ട് അഴികളും നിർമ്മിച്ചു. 33 മധ്യത്തിലുള്ള അഴി, പലകകളുടെ പകുതി ഉയരത്തിൽവച്ച് ഒരറ്റംമുതൽ മറ്റേയറ്റംവരെ കടത്തിവിട്ടു. 34 ഈ പലകകൾ സ്വർണംകൊണ്ടു പൊതിഞ്ഞു. സ്വർണം പൊതിഞ്ഞ അഴികൾ കടത്താൻ സ്വർണവളയങ്ങൾ നിർമ്മിക്കുകയും ചെയ്തു. 35 നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളുള്ള നൂലും പിരിച്ച നേർത്ത ലിനൻനൂലുംകൊണ്ട് ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി; കെരൂബിന്റെ രൂപം അതിൽ വിദഗ്ദ്ധമായി തുന്നിയുണ്ടാക്കി. 36 നാലു കരുവേലകത്തൂണുകൾ ഉണ്ടാക്കി സ്വർണംകൊണ്ടു പൊതിഞ്ഞ്, സ്വർണംകൊണ്ട് കൊളുത്തുകളും ഉണ്ടാക്കി വെള്ളിച്ചുവടുകളിൽ ഉറപ്പിച്ചു. 37 തിരുനിവാസത്തിലേക്കുള്ള വാതിലിനു നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളിലുള്ള നൂലുകളും നേർമയിൽ നെയ്ത ചിത്രത്തുന്നൽകൊണ്ട് അലങ്കരിച്ച ലിനൻതുണി ഉപയോഗിച്ച് ഒരു തിരശ്ശീലയും നിർമ്മിച്ചു. 38 അതിന് കൊളുത്തുകളുള്ള അഞ്ചു തൂണുകൾ ഉണ്ടായിരുന്നു. തൂണുകളുടെ മകുടവും മേൽച്ചുറ്റുപടികളും സ്വർണംകൊണ്ടു പൊതിഞ്ഞവയും ചുവടുകൾ അഞ്ചും ഓടുകൊണ്ടു നിർമ്മിച്ചവയുമായിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India