Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 35 - സത്യവേദപുസ്തകം C.L. (BSI)


ശബത്ത്

1 മോശ ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “നിങ്ങൾ അനുഷ്ഠിക്കണമെന്നു സർവേശ്വരൻ കല്പിച്ചിട്ടുള്ള കാര്യങ്ങൾ ഇവയാണ്:

2 ആറു ദിവസം ജോലി ചെയ്യുക. ഏഴാം ദിവസം എനിക്കുവേണ്ടി വേർതിരിച്ചിട്ടുള്ള പാവനമായ ശബത്തുദിനം ആയിരിക്കണം. അന്നു ജോലി ചെയ്യുന്നവനെ കൊന്നുകളയണം;

3 ശബത്തുദിവസം നിങ്ങളുടെ പാർപ്പിടങ്ങളിൽ തീ കത്തിക്കരുത്.


വിശുദ്ധകൂടാരത്തിനു വേണ്ടിയുള്ള വഴിപാട്

4 മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇതാണ് സർവേശ്വരൻ നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”

5 നിങ്ങൾ സർവേശ്വരനു വഴിപാടർപ്പിക്കുവിൻ.

6 ഉദാരമനസ്സുള്ളവർ സ്വർണം, വെള്ളി, ഓട്, നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളിലുള്ള നൂലുകൾ, നേരിയ ലിനൻനൂൽ,

7 കോലാട്ടിൻരോമം, ചുവപ്പിച്ച ആട്ടിൻതോൽ, മേനിയുള്ള കോലാട്ടിൻതോൽ, കരുവേലകത്തടി,

8 വിളക്കെണ്ണ, അഭിഷേകതൈലത്തിനും ധൂപക്കൂട്ടിനും വേണ്ട സുഗന്ധദ്രവ്യങ്ങൾ,

9 ഏഫോദിലും മാർച്ചട്ടയിലും പതിക്കാൻ ഗോമേദകം തുടങ്ങിയ രത്നങ്ങൾ എന്നിവയും അർപ്പിക്കണം.


തിരുസാന്നിധ്യകൂടാരത്തിനുള്ള ഉപകരണങ്ങൾ

10 “നിങ്ങളിൽ ശില്പവൈദഗ്ദ്ധ്യമുള്ളവർ മുമ്പോട്ടു വന്നു സർവേശ്വരൻ കല്പിക്കുന്നതെല്ലാം ഉണ്ടാക്കണം.

11 തിരുസാന്നിധ്യകൂടാരം, അതിന്റെ മൂടുവിരി, കൊളുത്തുകൾ, ചട്ടങ്ങൾ, അഴികൾ, തൂണുകൾ, തൂണുകളുടെ ചുവടുകൾ, പെട്ടകം,

12 അതിന്റെ തണ്ടുകൾ, പെട്ടകത്തിന്റെ മൂടി, തിരശ്ശീല, മേശ,

13 അതിന്റെ തണ്ടുകളും ഉപകരണങ്ങളും,

14 കാഴ്ചയപ്പം, വിളക്കിന്റെ തണ്ടും ഉപകരണങ്ങളും, വിളക്കുകൾ, വിളക്കെണ്ണ,

15 ധൂപപീഠം അതിന്റെ ഉപകരണങ്ങൾ, അഭിഷേകതൈലം, ധൂപക്കൂട്ട്, തിരുസാന്നിധ്യകൂടാരവാതിലിന്റെ തിരശ്ശീല,

16 ഹോമയാഗപീഠം, അതിന്റെ ഓടുകൊണ്ടുള്ള അഴിക്കൂടും തണ്ടുകളും ഉപകരണങ്ങളും, തൊട്ടിയും അതിന്റെ പീഠവും,

17 അങ്കണകവാടത്തിന്റെ തിരശ്ശീലകളും തൂണുകളും തൂണുകളുടെ ചുവടുകളും, പ്രവേശനകവാടത്തിന്റെ തിരശ്ശീല,

18 കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികളും, അവയുടെ കയറുകൾ,

19 വിശുദ്ധസ്ഥലത്തു പുരോഹിതന്മാർ ശുശ്രൂഷയ്‍ക്കു ധരിക്കുന്ന വസ്ത്രങ്ങൾ, അഹരോനും പുത്രന്മാർക്കും വേണ്ട പുരോഹിതവസ്ത്രങ്ങൾ എന്നിവ ഉണ്ടാക്കണം.


ജനം വഴിപാടു കൊണ്ടുവരുന്നു

20 പിന്നീട് ഇസ്രായേൽജനം മുഴുവൻ മോശയുടെ സന്നിധിയിൽനിന്നു പോയി.

21 ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സർവേശ്വരനു വഴിപാടായി കൊണ്ടുവന്നു.

22 വഴിപാടർപ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സർവവിധ സ്വർണാഭരണങ്ങളും അർപ്പിച്ചു.

23 നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും ആട്ടുരോമംകൊണ്ടുള്ള വസ്ത്രങ്ങളും ആട്ടുകൊറ്റന്റെ ചുവപ്പിച്ച തോലും കോലാടിന്റെ തോലും കൈവശമുള്ളവർ കൊണ്ടുവന്നു.

24 വെള്ളിയോ ഓടോ കൊടുക്കാൻ കഴിവുള്ളവർ വഴിപാടായി അവ അർപ്പിച്ചു. വിശുദ്ധകൂടാരത്തിലെ ഏതെങ്കിലും പണിക്ക് ഉപയോഗിക്കാവുന്ന കരുവേലകത്തടി ഉണ്ടായിരുന്നവർ അവയും കൊണ്ടുവന്നു.

25 നൂൽ നൂല്‌ക്കാൻ വിരുതുള്ള സ്‍ത്രീകൾ നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ സമർപ്പിച്ചു.

26 ഉദാരമനസ്സും വൈദഗ്ദ്ധ്യവും ഉള്ള സ്‍ത്രീകൾ കോലാട്ടുരോമംകൊണ്ടു നൂൽ നൂറ്റെടുത്തു.

27 ജനപ്രമാണിമാർ ഏഫോദിലും മാർച്ചട്ടയിലും പതിക്കാനുള്ള ഗോമേദകക്കല്ലും മറ്റു രത്നങ്ങളും

28 വിളക്കു കത്തിക്കുന്നതിനും അഭിഷേകതൈലത്തിനും ധൂപക്കൂടിനും ആവശ്യമായ എണ്ണയും സുഗന്ധവർഗങ്ങളും കൊണ്ടുവന്നു.

29 അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാർ സർവേശ്വരൻ മോശയോടു കല്പിച്ച കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സർവേശ്വരനു വഴിപാടായി സ്വമേധയാ അർപ്പിച്ചു.


വിദഗ്ദ്ധജോലിക്കാർ

30 മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “യെഹൂദാഗോത്രത്തിലെ ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ സർവേശ്വരൻ തിരഞ്ഞെടുത്ത് ദിവ്യചൈതന്യംകൊണ്ടു നിറച്ചിരിക്കുന്നു.

31 എല്ലാവിധത്തിലുമുള്ള കലാരൂപങ്ങൾ നിർമ്മിക്കാനും സ്വർണം, വെള്ളി എന്നിവകൊണ്ട് പണിയാനും ആവശ്യമായ പ്രത്യേക കഴിവും ബുദ്ധിസാമർഥ്യവും അറിവും നൈപുണ്യവും അവനു നല്‌കിയിട്ടുണ്ട്.

32 പതിക്കാനുള്ള രത്നങ്ങൾ ചെത്തിമിനുക്കുക, തടിയിൽ കൊത്തുപണി ചെയ്യുക എന്നിങ്ങനെ

33 സകലവിധ കരകൗശലപ്പണികൾക്കും വേണ്ട പ്രാവിണ്യം അവനുണ്ട്.

34 സർവേശ്വരൻ ബെസലേലിനും ദാൻഗോത്രത്തിലെ അഹീസാമാക്കിന്റെ പുത്രനായ ഒഹോലിയാബിനും ഈ തൊഴിലുകൾ മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നതിനുള്ള കഴിവ് നല്‌കിയിരിക്കുന്നു.

35 കൊത്തുപണി, രൂപകല്പന, നേർത്ത ലിനൻതുണി നെയ്യുക, നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളിലുള്ള നൂലുകൾകൊണ്ടുള്ള ചിത്രത്തുന്നൽ, മറ്റു തുണികൾ നെയ്യുക എന്നിങ്ങനെ ഏതു തരത്തിലുള്ള കലാവൈഭവവും അവർക്കു സർവേശ്വരൻ നല്‌കിയിരുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan