പുറപ്പാട് 26 - സത്യവേദപുസ്തകം C.L. (BSI)തിരുസാന്നിധ്യകൂടാരം ( പുറ. 36:8-38 ) 1 നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള പിരിച്ച നൂലുകളാൽ നെയ്തെടുത്ത പത്തു ലിനൻവിരികൾകൊണ്ടു തിരുസാന്നിധ്യകൂടാരം നിർമ്മിക്കണം. അവയിൽ കെരൂബുകളുടെ രൂപം നെയ്തുചേർത്തിരിക്കണം. 2 ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവും ആയിരിക്കണം. 3 അവ അയ്യഞ്ചെണ്ണം കൂട്ടിത്തയ്ച്ചു രണ്ടു വിരികളാക്കണം. 4 രണ്ടു വിരികളുടെയും വക്കിൽ നീലനൂലുകൊണ്ടു കണ്ണികൾ നേർക്കുനേരേ ഉണ്ടാക്കണം. 5 രണ്ടു വിരികളിലും അമ്പതു കണ്ണികൾ വീതം വേണം. 6 സ്വർണംകൊണ്ടുണ്ടാക്കിയ അമ്പതു കൊളുത്തുകളാൽ അവയെ ബന്ധിപ്പിച്ചു തിരുസാന്നിധ്യകൂടാരം നിർമ്മിക്കണം. 7 തിരുസാന്നിധ്യകൂടാരം ആവരണം ചെയ്യുന്നതിനു കോലാട്ടുരോമംകൊണ്ടു പതിനൊന്നു വിരികൾ നെയ്തുണ്ടാക്കണം. 8 ഓരോ വിരിക്കും മുപ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരിക്കണം. 9 അവയിൽ അഞ്ചെണ്ണം ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും കൂട്ടിത്തുന്നണം. ആറു വിരികൾ തുന്നിച്ചേർത്ത വിരിപ്പിന്റെ ആറാമത്തെ വിരി മുകളിലേയ്‍ക്ക് രണ്ടു മടക്കായി വയ്‍ക്കുക; 10 അവയിൽ ഓരോ കൂട്ടുവിരിയുടെയും അറ്റത്തുള്ള വിരിയിൽ അമ്പതു കണ്ണികൾ വീതം തുന്നിച്ചേർക്കണം. 11 ഓടുകൊണ്ടുള്ള അമ്പതു കൊളുത്തുകളാൽ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ചു കൂടാരം കൂട്ടിയിണക്കണം. 12 തിരുസാന്നിധ്യകൂടാരത്തിന്റെ മൂടുവിരിയിൽ കവിഞ്ഞുകിടക്കുന്ന പകുതിഭാഗം കൂടാരത്തിന്റെ പിൻഭാഗത്തു തൂക്കിയിടണം. 13 ഓരോ വശത്തും കൂടുതലുള്ള ഒരു മുഴം തിരുസാന്നിധ്യകൂടാരത്തിന്റെ രണ്ടു വശവും മറയ്‍ക്കുംവിധം തൂക്കിയിടേണ്ടതാണ്. 14 ആണാടിന്റെ ഊറയ്‍ക്കിട്ട തോലുകൊണ്ടു മൂടുവിരിക്ക് ഒരു പുറമൂടിയും അതിനുമീതെ ഊറയ്‍ക്കിട്ട തഹശുതോൽകൊണ്ട് മറ്റൊരു മൂടിയും ഉണ്ടാക്കി കൂടാരത്തെ ആവരണം ചെയ്യണം. 15 തിരുസാന്നിധ്യകൂടാരത്തിനു കരുവേലകംകൊണ്ടു തൂക്കായി നില്‌ക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കണം. 16 ഓരോ ചട്ടത്തിനും പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം. 17 ചട്ടങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ അവയുടെ വശങ്ങളിൽ തള്ളിനില്‌ക്കുന്ന ഓരോ കുടുമയും ഉണ്ടായിരിക്കണം. എല്ലാ ചട്ടങ്ങൾക്കും അങ്ങനെ ഉണ്ടാക്കണം. 18 കൂടാരത്തിന്റെ തെക്കുവശത്തേക്ക് ഇരുപതു ചട്ടങ്ങൾ 19 ഓരോ ചട്ടത്തിന്റെയും കീഴിൽ ഈരണ്ടു ചുവടുവീതം ഇരുപതു ചട്ടത്തിനു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം. 20 കൂടാരത്തിന്റെ വടക്കു വശത്തേക്ക് ഇരുപതു ചട്ടങ്ങളും; 21 ഓരോ ചട്ടത്തിനും രണ്ടു വീതം നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം. 22 കൂടാരത്തിന്റെ പുറകിൽ പടിഞ്ഞാറു വശത്തേക്ക് ആറു ചട്ടങ്ങളും; 23 കൂടാരത്തിന്റെ പിമ്പിലുള്ള മൂലകളിൽ രണ്ടു ചട്ടങ്ങളും വീതം വയ്‍ക്കുക. 24 അടിയിൽ അവ വെവ്വേറെ നില്‌ക്കുന്നെങ്കിലും മുകളിൽ അവ ഒരു വളയത്താൽ ബന്ധിച്ചിരിക്കണം. രണ്ടു ചട്ടങ്ങൾക്കും അങ്ങനെ വേണം. അവ ചേർന്നു രണ്ടു മൂലകൾ ഉണ്ടാകും. 25 അങ്ങനെ ഓരോ ചട്ടത്തിനും രണ്ടു വെള്ളിച്ചുവടുകൾവീതം എട്ടു ചട്ടങ്ങളും അവയ്‍ക്കു പതിനാറു ചുവടുകളും ഉണ്ടായിരിക്കും. 26 കരുവേലകംകൊണ്ട് അഴികൾ ഉണ്ടാക്കണം. 27 കൂടാരത്തിന്റെ ഒരു വശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചും മറുവശത്തേതിന് അഞ്ചും പിറകിൽ പടിഞ്ഞാറു വശത്തേതിന് അഞ്ചും വീതം അഴികൾ വേണം. 28 ചട്ടങ്ങളുടെ മധ്യത്തിലുള്ള അഴി അറ്റത്തോടറ്റം എത്തിയിരിക്കണം. 29 ഈ ചട്ടങ്ങളും അഴികളും സ്വർണംകൊണ്ടു പൊതിയണം. അഴികൾ കടന്നുപോകുന്ന വളയങ്ങളും സ്വർണനിർമ്മിതമായിരിക്കണം. 30 പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകയിൽത്തന്നെ നീ തിരുസാന്നിധ്യകൂടാരം പണിതുയർത്തണം. 31 നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള പിരിച്ച നൂലുകളാൽ നേർത്ത ലിനനിൽ നെയ്തെടുത്ത ഒരു തിരശ്ശീല ഉണ്ടാക്കണം. കെരൂബുകളുടെ രൂപം അതിൽ നെയ്തുചേർത്ത് അതു ഭംഗിയുള്ളതാക്കണം. 32 വെള്ളിച്ചുവടുകളിൽ ഉറപ്പിച്ച സ്വർണംകൊണ്ടു പൊതിഞ്ഞ നാലു കരുവേലകത്തൂണുകളിൽ സ്വർണക്കൊളുത്തുകൾകൊണ്ടു തിരശ്ശീല തൂക്കിയിടണം. 33 പിന്നീട് ഉടമ്പടിപ്പെട്ടകം അതിനുള്ളിൽ വയ്‍ക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കും. 34 അതിവിശുദ്ധസ്ഥലത്ത് ഉടമ്പടിപ്പെട്ടകത്തിനു മീതെ മൂടി വയ്‍ക്കണം. 35 തിരുസാന്നിധ്യകൂടാരത്തിൽ തിരശ്ശീലയ്‍ക്കു പുറത്ത് വടക്കുവശത്തു മേശയും മേശയുടെ എതിർവശത്തു വിളക്കുതണ്ടും വയ്‍ക്കണം. 36 നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളിലുള്ള പിരിച്ച ലിനൻനൂലുകൾകൊണ്ടു ചിത്രപ്പണി ചെയ്ത് കൂടാരവാതിലിന് ഒരു തിരശ്ശീല ഉണ്ടാക്കണം. 37 അത് തൂക്കാൻ അഞ്ചു തൂണുകൾ വേണം. അവ കരുവേലകംകൊണ്ട് നിർമ്മിച്ച് സ്വർണം പൊതിയണം. കൂടാതെ സ്വർണക്കൊളുത്തുകളും ഓടുകൊണ്ട് അഞ്ചു ചുവടുകളും ഉണ്ടായിരിക്കണം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India