Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 18 - സത്യവേദപുസ്തകം C.L. (BSI)


യിത്രോ മോശയെ സന്ദർശിക്കുന്നു

1 ദൈവം മോശയ്‍ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി പ്രവർത്തിച്ച കാര്യങ്ങളും അവരെ ഈജിപ്തിൽനിന്നു മോചിപ്പിച്ച വൃത്താന്തവും മിദ്യാനിലെ പുരോഹിതനും മോശയുടെ ഭാര്യാപിതാവുമായ യിത്രോ അറിഞ്ഞു.

2 മോശ തന്റെ ഭാര്യ സിപ്പോറായെയും രണ്ടു പുത്രന്മാരെയും യിത്രോയുടെ അടുക്കൽ വിട്ടിട്ടുപോന്നിരുന്നതിനാൽ അവരെയും കൂട്ടിക്കൊണ്ട് യിത്രോ മോശയുടെ അടുക്കലേക്കു പുറപ്പെട്ടു.

3 ‘വിദേശത്തു പാർത്തുവരികയാണ്’ എന്നു പറഞ്ഞ് ഒരു പുത്രന് ഗേർശോൻ എന്നും

4 ‘എന്റെ പിതാവിന്റെ ദൈവം എനിക്കു സഹായി ആയിരുന്നു; ഫറവോയുടെ വാളിൽനിന്ന് എന്നെ രക്ഷിച്ചു’ എന്നുപറഞ്ഞ് മറ്റേ പുത്രന് എലീയേസർ എന്നുമാണ് മോശ പേരിട്ടത്.

5 മരുഭൂമിയിൽ ദൈവത്തിന്റെ വിശുദ്ധപർവതത്തിന്റെയടുത്തു പാളയമടിച്ചിരുന്ന മോശയുടെ അടുക്കൽ അദ്ദേഹത്തിന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് യിത്രോ വന്നു.

6 “അങ്ങയുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യാപിതാവായ യിത്രോ വന്നിരിക്കുന്നു” എന്ന് ഒരാൾ മോശയെ അറിയിച്ചു.

7 മോശ പുറത്തുവന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് വണങ്ങി ചുംബിച്ചു; കുശലപ്രശ്നങ്ങൾക്കു ശേഷം അവർ കൂടാരത്തിനുള്ളിലേക്കു പോയി.

8 സർവേശ്വരൻ ഇസ്രായേല്യർക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും ചെയ്ത പ്രവൃത്തികളും വഴിയിൽ വച്ചുണ്ടായ കഠിന പരീക്ഷകളും അവിടുന്ന് അവരെ വിടുവിച്ചതും മോശ ഭാര്യാപിതാവിനു വിവരിച്ചുകൊടുത്തു.

9 ഈജിപ്തുകാരിൽനിന്ന് ഇസ്രായേൽജനങ്ങളെ മോചിപ്പിക്കാൻ സർവേശ്വരൻ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോൾ യിത്രോ സന്തോഷിച്ചു;

10 അദ്ദേഹം പറഞ്ഞു: “ഫറവോയുടെയും ഈജിപ്തുകാരുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ച സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ;

11 സകല ദേവന്മാരെക്കാൾ അവിടുന്നു വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ഈജിപ്തുകാർ ഇസ്രായേല്യരോടു ധിക്കാരപൂർവം പെരുമാറിയപ്പോൾ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയിൽനിന്നു മോചിപ്പിച്ചുവല്ലോ.”

12 മോശയുടെ ഭാര്യാപിതാവായ യിത്രോ ദൈവത്തിനു ഹോമയാഗവും മറ്റു യാഗങ്ങളും അർപ്പിച്ചു; അഹരോനും ഇസ്രായേല്യപ്രമുഖരും യിത്രോയോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.


ന്യായപാലകരെ നിയമിക്കുന്നു

13 പിറ്റന്നാൾ ജനങ്ങളുടെ തർക്കങ്ങൾ കേട്ട് വിധിപറയാൻ മോശ ഇരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ജനം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു.

14 മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാൻ നീ ഒരാൾ മതിയാകുമോ?”

15 മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാൻ ജനം എന്നെ സമീപിക്കുന്നു.

16 തർക്കങ്ങൾ ഉണ്ടാകുമ്പോഴും അവർ എന്റെ അടുത്തു വരുന്നു; ഞാൻ പരാതികൾക്കു തീർപ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു.

17 യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല.

18 നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീർക്കാൻ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി.

19 എന്റെ വാക്ക് ശ്രദ്ധിക്കുക; ഞാൻ ഒരു ഉപദേശം നല്‌കാം; ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയിൽ ജനത്തിന്റെ പ്രശ്നങ്ങൾ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ.

20 ദൈവത്തിന്റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവർ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം.

21 ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങൾക്ക് അധിപതികളായി നിയമിക്കണം.

22 എല്ലായ്പോഴും അവർ ജനങ്ങൾക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവർതന്നെ തീർക്കട്ടെ; ഇങ്ങനെ അവർ സഹായിക്കുമ്പോൾ നിന്റെ ഭാരം ലഘുവായിത്തീരും;

23 ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താൽ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.”

24 യിത്രോയുടെ ഉപദേശം മോശ സ്വീകരിച്ചു; അദ്ദേഹം പറഞ്ഞതെല്ലാം നടപ്പാക്കി.

25 ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അമ്പതും പത്തും പേർ വീതമുള്ള ഗണങ്ങൾക്ക് അധിപന്മാരായി നിയമിച്ചു.

26 അവർ എല്ലായ്പോഴും ജനങ്ങൾക്കു ന്യായപാലനം ചെയ്തു. പ്രയാസമുള്ള പ്രശ്നങ്ങൾ മോശയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ പ്രശ്നങ്ങൾ അവർതന്നെ തീരുമാനിക്കും.

27 പിന്നീട് മോശ ഭാര്യാപിതാവിനെ യാത്രയാക്കി; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan