Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 11 - സത്യവേദപുസ്തകം C.L. (BSI)


ആദ്യജാതന്മാരുടെ മരണം

1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഒരു ബാധകൂടി ഞാൻ ഫറവോയുടെയും ഈജിപ്തുകാരുടെയുംമേൽ അയയ്‍ക്കും; അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്‍ക്കും. അപ്പോൾ ഒരാൾപോലും ശേഷിക്കാതെ നിങ്ങളെ ഒന്നടങ്കം അവൻ ഓടിക്കും.

2 നിങ്ങൾ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്റെ അയൽക്കാരോടു സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങൾ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം.

3 ഈജിപ്തുകാർക്ക് ഇസ്രായേല്യരോട് അനുഭാവം തോന്നാൻ സർവേശ്വരൻ ഇടയാക്കി. ഫറവോയുടെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ദൃഷ്‍ടിയിൽ മോശ ഈജിപ്തിലെ ഒരു മഹാനേതാവായി ഉയർന്നു.

4 മോശ പറഞ്ഞു: “ഇത് സർവേശ്വരന്റെ വചനം. അർധരാത്രിയാകുമ്പോൾ ഞാൻ ഈജിപ്തിലൂടെ കടന്നുപോകും.

5 അപ്പോൾ ഈജിപ്തിലെ ആദ്യജാതന്മാർ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാർ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും.

6 ഈജിപ്തിൽ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.

7 എന്നാൽ ഇസ്രായേൽജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേർക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാർക്കും ഇസ്രായേൽജനങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും.

8 അങ്ങയുടെ ഭൃത്യന്മാർ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്റെ ജനവും പൊയ്‍ക്കൊൾക’ എന്നു പറയും. അപ്പോൾ ഞാൻ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി.

9 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൂടുതൽ അടയാളങ്ങൾ ഞാൻ ഈജിപ്തിൽ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്റെ വാക്ക് ഇനിയും അവഗണിക്കും.

10 ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേൽജനത്തെ അയാൾ തന്റെ ദേശത്തുനിന്നു വിട്ടയച്ചില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan