Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്ഥേർ 7 - സത്യവേദപുസ്തകം C.L. (BSI)


ഹാമാനെ വധിക്കുന്നു

1 രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ചെന്നു.

2 രണ്ടാം ദിവസവും വീഞ്ഞു കുടിക്കുമ്പോൾ രാജാവ് എസ്ഥേറിനോടു വീണ്ടും ചോദിച്ചു: “എസ്ഥേർരാജ്ഞി, നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരാം. നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ചോദിച്ചാലും ഞാൻ വാക്കു പാലിക്കും.”

3 അപ്പോൾ എസ്ഥേർരാജ്ഞി പറഞ്ഞു: “രാജാവേ, എന്നിൽ പ്രീതി തോന്നുന്നെങ്കിൽ തിരുവുള്ളമുണ്ടായി എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെ രക്ഷിക്കണം. എന്റെ ആഗ്രഹപ്രകാരം എന്റെ ജനങ്ങളെയും രക്ഷിക്കണം.

4 എന്നെയും എന്റെ ജനങ്ങളെയും കൊന്നു മുടിച്ച് സമൂലം നശിപ്പിക്കാനായി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ. ഞങ്ങളുടെ സ്‍ത്രീകളെയും പുരുഷന്മാരെയും വെറും അടിമകളായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ.”

5 അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോട് ചോദിച്ചു: “അവൻ ആര്? ഇതിനു തുനിഞ്ഞവൻ എവിടെ?

6 എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാൻ തന്നെ.” അതു കേട്ടു രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഹാമാൻ നടുങ്ങിപ്പോയി.

7 രാജാവ് വിരുന്നു മതിയാക്കി ഉഗ്രകോപത്തോടെ എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. തന്നെ നശിപ്പിക്കാൻ രാജാവ് തീരുമാനിച്ചിരിക്കുന്നതറിഞ്ഞു ഹാമാൻ തന്റെ ജീവൻ രക്ഷിക്കണമെന്ന് എസ്ഥേർരാജ്ഞിയോടു അപേക്ഷിക്കാൻ അവിടെ നിന്നു.

8 രാജാവ് ഉദ്യാനത്തിൽ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോൾ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു ഹാമാൻ വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവൻ എന്റെ മുമ്പാകെ അരമനയിൽ വച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ? ഈ വാക്കുകൾ രാജാവ് ഉച്ചരിച്ച ഉടൻതന്നെ അവർ ഹാമാന്റെ മുഖം മൂടി.

9 രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹർബോനാ പറഞ്ഞു: “ഒരിക്കൽ തന്റെ വാക്കുകൾകൊണ്ട് രാജാവിന്റെ ജീവൻ രക്ഷിച്ച, മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ ഒരുക്കിയ അൻപതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിലുണ്ട്. “അതിന്മേൽത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു.

10 മൊർദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ കോപം ശമിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan