Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്ഥേർ 6 - സത്യവേദപുസ്തകം C.L. (BSI)


മൊർദ്ദെഖായി ആദരിക്കപ്പെടുന്നു

1 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങൾ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു.

2 കൊട്ടാരത്തിലെ സേവകരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവർ അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ശ്രമിച്ചതും അതിനെപ്പറ്റി മൊർദ്ദെഖായി അറിവു നല്‌കിയതും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

3 “ഇതിന് എന്തു ബഹുമതിയും പദവിയും മൊർദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോൾ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാർ മറുപടി നല്‌കി.

4 “അങ്കണത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊർദ്ദെഖായിക്കുവേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാൻ ഹാമാൻ അവിടെ അപ്പോൾ എത്തിയിരുന്നതേയുള്ളൂ.

5 ഭൃത്യന്മാർ രാജാവിനോട്: “ഹാമാൻ അങ്കണത്തിൽ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവൻ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു.

6 അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാൻ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുക.”

7 ഹാമാൻ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നവനുവേണ്ടി

8 രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയിൽ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം.

9 വസ്ത്രങ്ങൾ, കുതിര എന്നിവയെ രാജാവിന്റെ ശ്രേഷ്ഠന്മാരിൽ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാൾ രാജാവിന്റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താൻ ബഹുമാനിക്കാൻ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.”

10 രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊർദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതിൽ ഒന്നും കുറവു വരുത്തരുത്.

11 “ഹാമാൻ വസ്ത്രം കൊണ്ടുവന്നു മൊർദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേൽ കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാൻ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു.

12 മൊർദ്ദെഖായി കൊട്ടാരവാതില്‌ക്കൽ മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി.

13 തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോൾ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങൾ മൊർദ്ദെഖായിയുടെ മുമ്പിൽ പരാജയപ്പെട്ടു തുടങ്ങി; അയാൾ യെഹൂദാവംശജനാണെങ്കിൽ നിങ്ങൾക്ക് അയാളെ പരാജയപ്പെടുത്താൻ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങൾ തോറ്റുപോകും.”

14 അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്നു എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan