Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്ഥേർ 5 - സത്യവേദപുസ്തകം C.L. (BSI)


എസ്ഥേർരാജ്ഞിയുടെ വിരുന്ന്

1 മൂന്നാം ദിവസം എസ്ഥേർരാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തളത്തിൽ രാജമന്ദിരത്തിനു മുമ്പിൽ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തിൽ മുൻവാതിലിനെതിരെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.

2 എസ്ഥേർരാജ്ഞി അകത്തളത്തിൽ നില്‌ക്കുന്നതുകണ്ട് രാജാവ് അവരിൽ പ്രസാദിച്ചു. തന്റെ കൈയിൽ ഇരുന്ന സ്വർണച്ചെങ്കോൽ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേർ അടുത്തു ചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.

3 രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്റെ അപേക്ഷ എന്താണ്? രാജ്യത്തിന്റെ പകുതി ആയാലും നിനക്കുതരാം.”

4 എസ്ഥേർ പറഞ്ഞു: “തിരുവുള്ളമുണ്ടായി ഞാൻ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണം.”

5 എസ്ഥേറിന്റെ ആഗ്രഹം നിറവേറ്റാൻ ഹാമാനെ ഉടൻ വരുത്തണമെന്ന് രാജാവ് കല്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിനു ചെന്നു.

6 അവർ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിന്റെ പകുതി ആവശ്യപ്പെട്ടാലും തരാം.

7 എസ്ഥേർ പറഞ്ഞു: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാണ്.

8 അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ തിരുവുള്ളമുണ്ടായി, ഞാൻ നാളെ ഒരുക്കുന്ന വിരുന്നിനും അങ്ങും ഹാമാനും വരണം. എന്റെ അപേക്ഷ നാളെ അങ്ങയെ അറിയിക്കാം.”

9 അന്നു ഹാമാൻ സന്തുഷ്ടനായി ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി. എന്നാൽ കൊട്ടാരവാതില്‌ക്കൽ, മൊർദ്ദെഖായി തന്നെ കണ്ടിട്ട് എഴുന്നേല്‌ക്കുകയോ ഒന്നനങ്ങുകയോ പോലും ചെയ്യാതെ ഇരിക്കുന്നതു കണ്ടപ്പോൾ ഹാമാന് അതിയായ കോപം ഉണ്ടായി.

10 എങ്കിലും ഹാമാൻ സ്വയം നിയന്ത്രിച്ചു. അയാൾ വീട്ടിൽച്ചെന്നു സ്നേഹിതന്മാരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.

11 തന്റെ ധനസമൃദ്ധി, പുത്രസമ്പത്ത്, രാജാവ് നല്‌കിയിട്ടുള്ള ഉന്നതപദവി, പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും മേലേയുള്ള സ്ഥാനം എന്നിവയെല്ലാം അവരോടു വിവരിച്ചു.

12 എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു തന്നെയല്ലാതെ മറ്റാരെയും രാജാവിന്റെ കൂടെ ചെല്ലാൻ അനുവദിക്കാതിരുന്നതും അടുത്ത ദിവസവും രാജാവിന്റെകൂടെ വിരുന്നിനു ചെല്ലാൻ തന്നെ രാജ്ഞി ക്ഷണിച്ചിട്ടുള്ളതും അറിയിച്ചു.

13 എങ്കിലും യെഹൂദനായ മൊർദ്ദെഖായി കൊട്ടാരഉദ്യോഗസ്ഥനായി ഇരിക്കുന്നത് കാണുന്നിടത്തോളം കാലം ഇതൊന്നും തനിക്കു സന്തോഷം നല്‌കുന്നില്ലെന്നും ഹാമാൻ പറഞ്ഞു.

14 അപ്പോൾ അയാളുടെ ഭാര്യയായ സേരെശും സ്നേഹിതരും അഭിപ്രായപ്പെട്ടു: “അൻപതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കി മൊർദ്ദെഖായിയെ തൂക്കിക്കൊല്ലാൻ രാജാവിനോടു നാളെ രാവിലെ അനുവാദം വാങ്ങിക്കണം. പിന്നീട് ആഹ്ലാദപൂർവം അങ്ങേക്കു വിരുന്നിനു പോകാം.” ഈ അഭിപ്രായം ഹാമാന് ഇഷ്ടപ്പെട്ടു; അയാൾ തൂക്കുമരം നിർമ്മിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan