Biblia Todo Logo
Bìoball air-loidhne

- Sanasan -

എഫെസ്യർ 3 - സത്യവേദപുസ്തകം C.L. (BSI)


വിജാതീയർക്കുവേണ്ടിയുള്ള പ്രവർത്തനം

1 ഇക്കാരണത്താൽ വിജാതീയരായ നിങ്ങളെപ്രതി ക്രിസ്തുയേശുവിന്റെ തടവുകാരനായ പൗലൊസ് എന്ന ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു.

2 നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിയുള്ള ഈ ദൗത്യം ദൈവം തന്റെ കൃപയാൽ എന്നെ ഏല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

3 ദൈവം തന്റെ പദ്ധതിയുടെ മർമ്മം വെളിപാടിലൂടെ എന്നെ അറിയിച്ചു. ഇതേപ്പറ്റി ചുരുക്കമായി മുകളിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.

4 ഞാൻ എഴുതിയത് നിങ്ങൾ വായിക്കുമെങ്കിൽ ക്രിസ്തുവിൽ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്റെ അറിവ് നിങ്ങൾക്കു ഗ്രഹിക്കാം.

5 കഴിഞ്ഞ കാലത്ത് ഈ മർമ്മം മനുഷ്യവർഗത്തെ അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാർക്കും പ്രവാചകന്മാർക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു.

6 സുവിശേഷം മുഖേന ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ വിജാതീയർക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്റെ അവയവങ്ങളാണവർ. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തിൽ അവർക്ക് ഓഹരിയുമുണ്ട്.

7 തന്റെ ശക്തിയുടെ വ്യാപാരത്തിലൂടെ ദൈവം എനിക്കു നല്‌കിയ പ്രത്യേക വരദാനത്താലാണ് ഞാൻ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനാക്കപ്പെട്ടത്.

8-9 ദൈവത്തിന്റെ ജനങ്ങളിൽ ഏറ്റവും എളിയവരിൽ എളിയവനാണു ഞാൻ. എന്നിട്ടും ക്രിസ്തുവിന്റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാർത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവർത്തികമാക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവം പൂർവയുഗങ്ങളിൽ ഈ രഹസ്യം മറച്ചുവച്ചിരുന്നു.

10 സ്വർഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്റെ നാനാവശങ്ങൾ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്.

11 ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു.

12 ക്രിസ്തുവിനോട് ഏകീഭവിച്ച് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിൽകൂടി നിർഭയം ദൈവമുമ്പാകെ ചെല്ലുവാനുള്ള ആത്മധൈര്യം നമുക്കുണ്ട്.

13 അതിനാൽ നിങ്ങൾക്കുവേണ്ടി ഞാൻ സഹിക്കുന്ന ക്ലേശങ്ങൾ നിമിത്തം നിങ്ങൾ അധൈര്യപ്പെടരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശ്രേയസ്സിനുവേണ്ടിയുള്ളതാകുന്നു.


ക്രിസ്തുവിന്റെ സ്നേഹം

14 ഇക്കാരണത്താൽ ഞാൻ പിതാവിന്റെ മുമ്പിൽ മുട്ടുകുത്തി വണങ്ങുന്നു.

15 സ്വർഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങളുടെയും പേരും സ്വഭാവവും ലഭിക്കുന്നത് ആ പിതാവിൽ നിന്നാകുന്നു.

16 നിങ്ങളുടെ ആന്തരിക മനുഷ്യൻ ബലപ്പെടുവാൻ ദൈവത്തിന്റെ മഹത്ത്വത്തിന്റെ സമ്പന്നതയിൽനിന്ന് അവിടുത്തെ ആത്മാവിൽകൂടി നിങ്ങൾക്കു ശക്തി ലഭിക്കുവാനും,

17 ക്രിസ്തുവിലുള്ള വിശ്വാസത്താൽ അവിടുന്നു നിങ്ങളുടെ ഹൃദയങ്ങളെ തന്റെ വാസസ്ഥലങ്ങൾ ആക്കുവാനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു. നിങ്ങൾ സ്നേഹത്തിൽ വേരൂന്നുകയും അടിസ്ഥാനമുറപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു.

18 അങ്ങനെ ക്രിസ്തുവിന്റെ സ്നേഹം എത്ര നീളവും വീതിയും ഉയരവും ആഴവും ഏറിയതാണെന്നു ഗ്രഹിക്കുവാനുള്ള ശക്തി സകല ദൈവജനങ്ങളോടുമൊപ്പം നിങ്ങൾക്കുണ്ടാകട്ടെ.

19 മനുഷ്യബുദ്ധിക്കതീതമായ ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ നിങ്ങൾക്ക് ഇടയാകട്ടെ. അങ്ങനെ ദൈവത്തിന്റെ സ്വഭാവമഹിമയാൽ നിങ്ങൾ പൂർണമായി നിറയപ്പെടട്ടെ.

20 നമ്മിൽ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്‌കുവാൻ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan