എഫെസ്യർ 2 - സത്യവേദപുസ്തകം C.L. (BSI)മരണത്തിൽനിന്ന് ജീവനിലേക്ക് 1 അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങൾ മരിച്ചവരായിരുന്നു. 2 അന്നു ലോകത്തിന്റെ ദുഷ്ടമാർഗം നിങ്ങൾ പിന്തുടർന്നു. ദൈവത്തെ അനുസരിക്കാത്തവരെ ഇപ്പോൾ നയിക്കുന്ന ആത്മാവായ ദുഷ്ടാത്മശക്തികളുടെ അധിപതിയെ നിങ്ങൾ അനുസരിച്ചു. 3 വാസ്തവത്തിൽ നാമെല്ലാവരും നമ്മുടെ പാപപ്രകൃതിയുടെ തീവ്രാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടും അതിന്റെ മോഹങ്ങൾക്കും ചിന്തകൾക്കും അനുസൃതമായി പ്രവർത്തിച്ചുകൊണ്ടും ജീവിച്ചു. മറ്റ് ഏതൊരുവനെയും പോലെ സ്വഭാവേന നാം ദൈവശിക്ഷയ്‍ക്ക് അർഹരായിരുന്നു. 4-5 എന്നാൽ അനുസരണക്കേടിനാൽ ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ കൃപയാലത്രേ. 6 ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നമ്മെ, തന്നോടൊപ്പം സ്വർഗീയലോകത്തിൽ വാഴുന്നതിനുവേണ്ടി തന്നോടുകൂടി ഉയിർപ്പിച്ചിരിക്കുന്നു. 7 ക്രിസ്തുയേശുവിൽ നമ്മോടു കാണിച്ച ഔദാര്യത്തിലൂടെ, തന്റെ കൃപാധനത്തിന്റെ അളവറ്റ വൈപുല്യം വരുംകാലങ്ങളിലെല്ലാം പ്രദർശിപ്പിക്കുന്നതിനാണ് ദൈവം ഇങ്ങനെ ചെയ്തത്. 8-9 എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല. ദൈവം നിർമിച്ച ശില്പങ്ങളാണു നാം. 10 നേരത്തെ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സത്ക്കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുവേണ്ടി ദൈവം ക്രിസ്തുയേശുവിൽകൂടി നമ്മെ സൃഷ്‍ടിച്ചിരിക്കുന്നു. ക്രിസ്തുവിലൂടെയുള്ള ഏകത്വം 11 മുമ്പ് ജന്മംകൊണ്ട് നിങ്ങൾ വിജാതീയരായിരുന്നു എന്ന് ഓർക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാർ നിങ്ങളെ “അഗ്രചർമികൾ” എന്നു വിളിച്ചുവന്നു. മനുഷ്യർ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കർമമാണു പരിച്ഛേദനം. 12 വിജാതീയരായ നിങ്ങൾ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓർത്തുകൊള്ളുക. അന്നു നിങ്ങൾ ക്രിസ്തുവിൽനിന്ന് അകന്നു ജീവിച്ചിരുന്നു. തന്റെ ജനങ്ങൾക്കു ദൈവം നല്‌കിയിട്ടുള്ള വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ ഉടമ്പടികളിൽ, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങൾക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങൾ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങൾ ലോകത്തിൽ ജീവിച്ചു. 13 എന്നാൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ ഇന്ന് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് രക്തം ചിന്തിയുള്ള അവിടുത്തെ മരണത്താൽ സമീപസ്ഥരാക്കപ്പെട്ടിരിക്കുന്നു. 14 യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീർത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മിൽ വേർതിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവർ അവിടുന്ന് ഇടിച്ചു നിരത്തി. 15 തന്നോടുള്ള സംയോജനത്താൽ രണ്ടു വർഗങ്ങളിൽനിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്റെ ആത്മപരിത്യാഗത്താൽ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു. 16 കുരിശിലെ തന്റെ മരണത്താൽ, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വർഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. 17 ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്റെ സുവിശേഷം പ്രസംഗിച്ചു. 18 ക്രിസ്തുവിൽകൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവർക്കും ഒരേ ആത്മാവിനാൽ പിതാവിന്റെ സന്നിധാനത്തിൽ പ്രവേശിക്കുവാൻ കഴിയുന്നത്. 19 അതുകൊണ്ട് വിജാതീയരായ നിങ്ങൾ ഇനിമേൽ അന്യരോ വിദേശിയരോ അല്ല; നിങ്ങൾ ഇപ്പോൾ ദൈവജനത്തിന്റെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു. 20 അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ. 21 അവിടുന്നാണ് ഭവനത്തെ ആകമാനം ചേർത്തു നിറുത്തുകയും, കർത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളർന്നു വരുവാൻ ഇടയാക്കുകയും ചെയ്യുന്നത്. 22 ക്രിസ്തുവിനോട് ഏകീഭവിച്ച് നിങ്ങളും പരിശുദ്ധാത്മാവു മുഖേന ദൈവം വസിക്കുന്ന മന്ദിരമായി പണിയപ്പെടുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India