സഭാപ്രസംഗി 6 - സത്യവേദപുസ്തകം C.L. (BSI)1 സൂര്യനു കീഴെ മനുഷ്യനു ദുർവഹമായ ഒരു തിന്മ ഞാൻ കണ്ടു. 2 ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യൻ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്. 3 ഒരുവൻ നൂറു മക്കളോടുകൂടി ദീർഘായുസ്സായി ജീവിച്ചിട്ടും അയാൾ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവിൽ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാൾ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാൻ പറയും. 4 കാരണം അതിന്റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തിൽ അതു വിസ്മൃതമാകും. 5 അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാൾ സ്വസ്ഥതയുണ്ട്. 6 അയാൾ രണ്ടായിരം വർഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക! 7 വയറു നിറയ്‍ക്കാനാണു മനുഷ്യൻ അധ്വാനിക്കുന്നത്; എന്നാൽ, അവനു വിശപ്പടങ്ങുന്നില്ല. 8 മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു ശ്രേഷ്ഠത? മറ്റുള്ളവരുടെ മുമ്പിൽ നന്നായി പെരുമാറാൻ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്താണു ഗുണം? 9 മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാൾ നല്ലതു കൺമുമ്പിലുളളതിൽ തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യർഥവുമാണ്. 10 നടന്നതെല്ലാം പണ്ടേ നിർണയിക്കപ്പെട്ടതാണ്. മനുഷ്യനാരെന്നും തന്നെക്കാൾ ബലവാനോട് എതിരിടാൻ അവനു കഴിയുകയില്ലെന്നും നമുക്ക് അറിയാമല്ലോ. 11 കൂടുതൽ വാക്കുകൾ കൂടുതൽ മിഥ്യ; അതുകൊണ്ടു മനുഷ്യന് എന്തു നേട്ടം? 12 നിഴൽപോലെ കടന്നുപോകുന്നതും വ്യർഥവുമായ ഹ്രസ്വജീവിതത്തിൽ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആർക്കു പറയാൻ കഴിയും? |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India