Biblia Todo Logo
Bìoball air-loidhne

- Sanasan -

സഭാപ്രസംഗി 4 - സത്യവേദപുസ്തകം C.L. (BSI)

1 പിന്നെ ഞാൻ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മർദിതർ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാൻ. മർദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മർദിതരെ ആശ്വസിപ്പിച്ചില്ല.

2 മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു.

3 സൂര്യനു കീഴിൽ നടക്കുന്ന ദുഷ്കർമങ്ങൾ കാണാനിടയാകാതെ ജനിക്കാതെ പോയവർ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്.

4 മനുഷ്യന്റെ എല്ലാ പ്രയത്നങ്ങൾക്കും കർമകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയിൽനിന്നാണ് എന്നു ഞാൻ അറിഞ്ഞു. അതും മിഥ്യയും വ്യർഥവുമാകുന്നു.

5 മൂഢൻ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു.

6 ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം.

7 സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു;

8 ഉറ്റവർ ആരുമില്ലാത്ത ഒരുവൻ; പുത്രനോ സഹോദരനോ അയാൾക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകൾക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാൻ പാടുപെടുന്നത് ആർക്കുവേണ്ടിയാണ്” എന്ന് അയാൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിർഭാഗ്യകരമായ അവസ്ഥയുമാകുന്നു.

9 ഒറ്റയ്‍ക്കാകുന്നതിനെക്കാൾ രണ്ടുപേർ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും.

10 ഒരുവൻ വീണാൽ അപരൻ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവൻ വീണാൽ പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ലല്ലോ.

11 രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും?

12 ഏകനെ കീഴടക്കാൻ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കിൽ അവർ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാൻ എളുപ്പമല്ല.

13 ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാൾ ശ്രേഷ്ഠൻ, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്.

14 ഒരുവന് കാരാഗൃഹത്തിൽനിന്നു സിംഹാസനത്തിൽ എത്താൻ കഴിയും; അവൻ സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം.

15 സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു.

16 ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപൻ. എന്നാൽ പിൽക്കാലത്തു വരുന്നവർക്ക് അവനിൽ പ്രീതിയില്ല. ഇതും മിഥ്യയും വ്യർഥവുമാണ്, തീർച്ച.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan