Biblia Todo Logo
Bìoball air-loidhne

- Sanasan -

സഭാപ്രസംഗി 12 - സത്യവേദപുസ്തകം C.L. (BSI)

1 യൗവനകാലത്തു തന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാൻ കഴിയാത്ത ദുർദിനങ്ങളും വർഷങ്ങളും വരും.

2 അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും.

3 നിന്റെ കൈകൾ വിറയ്‍ക്കുകയാൽ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകൾ കൊഴിയും; കാഴ്ച മങ്ങും; കേഴ്‌വി നശിക്കും;

4 തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേൾക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണർത്തും.

5 ഉയരത്തിൽ കയറാൻ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം.

6 വെള്ളിച്ചങ്ങല പൊട്ടുമ്പോൾ തൂക്കിയ പൊൻവിളക്കു വീണുടയും. കിണറ്റുകയർ അറ്റുപോയാൽ കുടം തകരും.

7 മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവൻ അതിന്റെ ദാതാവായ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലും.

8 ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകൻ പറയുന്നു.

9 പ്രബോധകൻ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങൾ ശ്രദ്ധാപൂർവം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു.

10 പ്രബോധകൻ മധുമൊഴികൾ തേടിപ്പിടിച്ചു; സത്യവചസ്സുകൾ സത്യസന്ധമായി രേഖപ്പെടുത്തി.

11 ജ്ഞാനിയുടെ സൂക്തം ഇടയന്റെ വടിപോലെയാണ്; ജ്ഞാനി സമാഹരിച്ച ചൊല്ലുകൾ അടിച്ചുറപ്പിച്ച ആണിപോലെയാണ്. അവയെല്ലാം ഒരൊറ്റ ഇടയന്റെ ദാനമാണ്.

12 എന്റെ മകനേ, ഇതിലപ്പുറമുള്ള എന്തിലും നീ കരുതലോടെ ഇരിക്കുക. ഗ്രന്ഥരചനയ്‍ക്ക് അവസാനമില്ല. ഏറെ പഠിക്കുന്നതു ശരീരത്തെ ക്ഷീണിപ്പിക്കും.

13 എല്ലാറ്റിന്റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകൾ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ.

14 എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan