Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 7 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരന്റെ സ്വന്തം ജനം
( പുറ. 34:11-16 )

1 നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തേക്കു സർവേശ്വരൻ നിങ്ങളെ നയിക്കുമ്പോൾ അവിടുന്ന് നിങ്ങളെക്കാൾ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പിൽനിന്നു നിഷ്കാസനം ചെയ്യും.

2 നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കുകയും നിങ്ങൾ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ നിങ്ങൾ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്.

3 അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരിൽനിന്നു നിങ്ങളുടെ പുത്രന്മാർക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്.

4 അങ്ങനെ ചെയ്താൽ നിങ്ങളുടെ മക്കളെ അവർ സർവേശ്വരനിൽനിന്ന് അകറ്റുകയും അവർ അന്യദേവന്മാരെ ആരാധിക്കാൻ ഇടയാകുകയും ചെയ്യും. അപ്പോൾ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും.

5 അതുകൊണ്ട് നിങ്ങൾ അവരുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങൾ തകർക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയിൽ ചുട്ടുകളയണം.

6 നിങ്ങളുടെ ദൈവമായ സർവേശ്വരന് നിങ്ങൾ വേർതിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരനു സ്വന്തജനമായിരിക്കാൻ ഭൂമിയിലെ സകല ജനതകളിൽനിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു;

7 മറ്റു ജനതകളെക്കാൾ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സർവേശ്വരൻ നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങൾ എണ്ണത്തിൽ കുറവായിരുന്നു.

8 എന്നാൽ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചത്.

9 നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊൾക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്റെ ഉടമ്പടി പാലിക്കുകയും തന്റെ സുസ്ഥിരസ്നേഹം പ്രദർശിപ്പിക്കുകയും ചെയ്യും.

10 എന്നാൽ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല.

11 അതുകൊണ്ട് ഇന്നു ഞാൻ നിങ്ങൾക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാൻ ശ്രദ്ധിച്ചുകൊൾവിൻ.


അനുസരിക്കുന്നവർക്ക് അനുഗ്രഹം
(ആവ. 28:1-14 )

12 “ഈ കല്പനകൾ ശ്രദ്ധിച്ച് അനുസരിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരുന്നാൽ സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലർത്തും.

13 അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വർധിപ്പിക്കും. നിങ്ങൾക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വർധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താൽ പെരുകും.

14 മറ്റു ജനതകളെക്കാൾ നിങ്ങൾ അനുഗൃഹീതരാകും. നിങ്ങൾക്കോ നിങ്ങളുടെ കന്നുകാലികൾക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല.

15 സകല രോഗങ്ങളെയും സർവേശ്വരൻ നിങ്ങളിൽനിന്നു നീക്കും. ഈജിപ്തിൽ നിങ്ങൾ കണ്ട ദുർവ്യാധികൾ അവിടുന്ന് നിങ്ങളുടെമേൽ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേൽ അവ വരുത്തും.

16 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന സകല ജനതകളെയും സംഹരിച്ചുകളയണം; നിങ്ങൾ അവരോടു കരുണ കാട്ടരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്. അതു നിങ്ങൾക്കു കെണിയായിത്തീരും.”

17 “ഈ ജനതകൾ ഞങ്ങളെക്കാൾ വലിയവർ; ഇവരെ തുരത്താൻ എങ്ങനെ സാധിക്കും എന്നു നിങ്ങൾ ചിന്തിക്കരുത്.

18 നിങ്ങൾ അവരെ ഭയപ്പെടണ്ടാ. ഫറവോയോടും ഈജിപ്ത് മുഴുവനോടും നിങ്ങളുടെ ദൈവമായ സർവേശ്വരൻ ചെയ്തതെന്തെന്ന് ഓർമിക്കുക;

19 നിങ്ങൾ നേരിൽക്കണ്ട മഹാമാരികൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ, കരബലം, നീട്ടിയ ഭുജം എന്നിവയാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവർത്തിക്കും.

20 മാത്രമല്ല നിങ്ങളിൽനിന്നു രക്ഷപെട്ട് ഒളിക്കുന്നവരെ നശിപ്പിക്കാൻ അവിടുന്നു കടന്നലിനെ അയയ്‍ക്കും.

21 ഈ ജനതകളെ ഭയപ്പെടണ്ടാ; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു വലിയവനും ഭയം ജനിപ്പിക്കുന്നവനുമായ ദൈവമാണ്.

22 നിങ്ങൾ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും. നിങ്ങൾ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താൽ കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ശല്യമുണ്ടാകും.

23 നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരിൽ പരിഭ്രാന്തി നിലനില്‌ക്കും.

24 അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങൾ അവരെ സംഹരിക്കണം. അവരെക്കുറിച്ചുള്ള ഓർമ പോലും അവശേഷിക്കരുത്. നിങ്ങൾ അവരെ നിശ്ശേഷം നശിപ്പിക്കുവോളം ആരും നിങ്ങളെ തടയുകയില്ല.

25 അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ നിങ്ങൾ ചുട്ടുകളയണം; അവയിലുള്ള വെള്ളിയോ, പൊന്നോ ആഗ്രഹിക്കുകയോ സ്വന്തമാക്കുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ കെണിയിൽ അകപ്പെടും. നിങ്ങളുടെ ദൈവമായ സർവേശ്വരന് വിഗ്രഹാരാധന നിന്ദ്യമാണല്ലോ.

26 നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളിൽ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താൽ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങൾക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan