Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 6 - സത്യവേദപുസ്തകം C.L. (BSI)


സുപ്രധാന കല്പന

1 നിങ്ങൾ ചെന്നു കൈവശമാക്കുവാൻ പോകുന്ന ദേശത്ത് പാലിക്കാൻ വേണ്ടി നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്.

2 ഞാൻ നല്‌കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങൾ തലമുറതലമുറയായി ആയുഷ്കാലം മുഴുവൻ അനുസരിച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാൽ നിങ്ങൾക്കു ദീർഘായുസ്സു ലഭിക്കും.

3 ഇസ്രായേൽജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാൽ നിങ്ങൾക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ വളർന്ന് വലിയ ജനമായിത്തീരും.

4 ഇസ്രായേൽജനമേ, കേൾക്കുക, നമ്മുടെ ദൈവമായ സർവേശ്വരനാണ് ഏക കർത്താവ്;

5 നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും, പൂർണമനസ്സോടും, പൂർണശക്തിയോടും കൂടി സ്നേഹിക്കണം.

6 ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന കല്പനകൾ നിങ്ങൾ ഒരിക്കലും മറക്കരുത്;

7 അവ നിങ്ങളുടെ മക്കളെ പൂർണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടിൽ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിക്കണം.

8 നിങ്ങൾക്ക് ഒരു അടയാളമായി അവ എഴുതി കൈയിൽ കെട്ടുക; അവ നിങ്ങൾ നെറ്റിപ്പട്ടമായി അണിയുകയും വേണം;

9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക.


മുന്നറിയിപ്പ്

10 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങൾ നിർമ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും

11 നിങ്ങൾ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകൾകൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടു വളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ഭക്ഷിച്ച് സംതൃപ്തരാകും.

12 അപ്പോൾ അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനെ മറക്കരുത്.

13 നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയഭക്തിയോടെ സേവിക്കുക; അവിടുത്തെ നാമത്തിൽ മാത്രമേ നിങ്ങൾ സത്യം ചെയ്യാവൂ.

14 നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്.

15 അങ്ങനെ ചെയ്താൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കോപം ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങളുടെ മധ്യേയുള്ള നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീക്ഷ്ണതയുള്ള ദൈവമാണല്ലോ.

16 “മസ്സായിൽ വച്ചു നിങ്ങൾ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ പരീക്ഷിക്കരുത്;

17 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു കല്പിച്ചിട്ടുള്ള സകല നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധയോടെ അനുസരിക്കുക.

18 അവിടുത്തെ ദൃഷ്‍ടിയിൽ ശരിയും നന്മയും ആയതു പ്രവർത്തിക്കുക; എന്നാൽ നിങ്ങൾക്കു നന്മയുണ്ടാകും; സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്തിരുന്ന നല്ല ദേശം നിങ്ങൾ കൈവശമാക്കും.

19 അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ നിങ്ങളുടെ സകല ശത്രുക്കളെയും നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയും.

20 “നമ്മുടെ ദൈവമായ സർവേശ്വരൻ ഈ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും നല്‌കിയത് എന്തിനെന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ അവരോടു പറയണം;

21 ‘ഞങ്ങൾ ഈജിപ്തിൽ ഫറവോയുടെ അടിമകളായിരുന്നു. എന്നാൽ സർവേശ്വരൻ അവിടുത്തെ കരബലത്താൽ ഞങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.

22 ഈജിപ്തുകാരുടെയും ഫറവോയുടെയും അയാളുടെ സർവകുടുംബത്തിന്റെയുംമേൽ അവിടുന്നു പ്രവർത്തിച്ച ഉഗ്രവും ഭയാനകവുമായ അദ്ഭുതങ്ങളും അടയാളങ്ങളും ഞങ്ങൾ നേരിട്ടു കണ്ടു;

23 നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഈ ദേശം നമുക്കു നല്‌കുന്നതിനുവേണ്ടി അവിടുന്നു നമ്മെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്നു.

24 നമ്മുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടാനും ഈ കല്പനകളെല്ലാം അനുസരിക്കാനും അവിടുന്നു നമ്മോടു കല്പിച്ചു. അങ്ങനെ ചെയ്താൽ നമുക്ക് അഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെപ്പോലെ നാം ജീവനോടെ ഇരിക്കും.

25 അവിടുത്തെ കല്പനകൾ വിശ്വസ്തതയോടെ നാം അനുസരിച്ചാൽ നമ്മുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ അതു ശുഭമായിരിക്കും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan