ആവർത്തനം 21 - സത്യവേദപുസ്തകം C.L. (BSI)ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോൾ 1 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്ത് കൊല്ലപ്പെട്ട ഒരുവന്റെ ശരീരം വിജനസ്ഥലത്തു കാണുകയും കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ 2 നിങ്ങളുടെ നേതാക്കന്മാരും ന്യായാധിപന്മാരും ശവശരീരം കിടക്കുന്നിടത്തുനിന്നും ചുറ്റുമുള്ള ഓരോ പട്ടണങ്ങളിലേക്കുമുള്ള ദൂരം അളക്കണം. 3 ശവശരീരം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തിലെ നേതാക്കന്മാർ പണിക്ക് ഉപയോഗിച്ചിട്ടില്ലാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. 4 അവർ അതിനെ ഉഴുകയോ വിതയ്‍ക്കുകയോ ചെയ്തിട്ടില്ലാത്തതും എപ്പോഴും നീരൊഴുക്കുള്ളതുമായ ഒരു താഴ്‌വരയിൽ കൊണ്ടുചെന്ന് അവിടെവച്ചു അതിന്റെ കഴുത്ത് ഒടിക്കണം. 5 ലേവ്യപുരോഹിതന്മാർ അവിടെ ചെല്ലണം. വ്യവഹാരങ്ങളെക്കുറിച്ചും, അതിക്രമങ്ങളെക്കുറിച്ചും വിധികല്പിക്കാനും സർവേശ്വരന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിക്കാനും തിരുസന്നിധിയിൽ ശുശ്രൂഷ ചെയ്യാനും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടുള്ളവർ അവരാണല്ലോ. 6 മൃതദേഹം കിടക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തിലെ നേതാക്കളും താഴ്‌വരയിൽവച്ചു കഴുത്തൊടിക്കപ്പെട്ട പശുക്കിടാവിന്റെമേൽ തങ്ങളുടെ കൈ കഴുകണം. 7 പിന്നീട് അവർ ഇപ്രകാരം പറയണം: “ഈ മനുഷ്യരക്തം ചിന്തിയത് ഞങ്ങളുടെ കരങ്ങളല്ല; ഞങ്ങൾ അതു കണ്ടുമില്ല. 8 സർവേശ്വരാ, അങ്ങു വീണ്ടെടുത്ത അവിടുത്തെ ജനമായ ഇസ്രായേല്യരോടു ക്ഷമിക്കണമേ. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നതിന് അവരെ ഉത്തരവാദികളാക്കരുതേ; ഈ രക്തപാതകം അവരോടു ക്ഷമിക്കണമേ.” 9 ഇങ്ങനെ സർവേശ്വരനു പ്രസാദകരമായതു ചെയ്തു നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം. യുദ്ധത്തടവുകാരി 10 യുദ്ധത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കുകയും ശത്രുക്കളെ നിങ്ങൾ തടവുകാരാക്കുകയും ചെയ്യുമ്പോൾ, 11 അവരുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്‍ത്രീയെ കണ്ട് അവളിൽ താൽപര്യം തോന്നി ഒരുവൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചാൽ, 12 അയാൾ അവളെ വീട്ടിൽ കൊണ്ടുപോകണം. അവൾ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും 13 യുദ്ധത്തടവുകാരിയുടെ വസ്ത്രം മാറുകയും വേണം. അവൾ ഒരു മാസം അയാളുടെ വീട്ടിൽ താമസിച്ച് സ്വന്തം മാതാപിതാക്കന്മാരെ ഓർത്തു വിലപിച്ചുകൊള്ളട്ടെ. അതിനുശേഷം അയാൾക്ക് അവളെ സ്വീകരിക്കാം. അവർ ഭാര്യാഭർത്താക്കന്മാരായിരിക്കും. 14 പിന്നീട് അവന് അവളോട് താൽപര്യം ഇല്ലാതായാൽ അവളെ സ്വതന്ത്രയായി വിട്ടയയ്‍ക്കണം; വിലയ്‍ക്കു വിൽക്കരുത്. അയാൾ അവളുടെ മാനം അപഹരിച്ചതുകൊണ്ട് അവളെ അടിമയെപ്പോലെ പരിഗണിക്കരുത്. ആദ്യജാതന്റെ അവകാശം 15 ഒരു പുരുഷനു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും അയാൾ അവരിൽ ഒരാളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും രണ്ടുപേരിലും പുത്രന്മാർ ജനിക്കുകയും ചെയ്താൽ ആദ്യജാതൻ വെറുക്കുന്നവളിൽ ജനിച്ചവനാണെങ്കിൽ 16 സ്വത്തു വിഭജിക്കുമ്പോൾ അവനെ അവഗണിച്ച് ഇഷ്ടഭാര്യയുടെ പുത്രനെ ആദ്യജാതനായി പരിഗണിക്കരുത്. 17 തനിക്ക് ഇഷ്ടമില്ലാത്ത സ്‍ത്രീയുടെ പുത്രനാണെങ്കിലും തന്റെ സകല സ്വത്തുക്കളുടെയും രണ്ടു പങ്കു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് അയാളുടെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതനുള്ള അവകാശം അവനുള്ളതാണ്. ദുശ്ശാഠ്യക്കാരനായ മകനുള്ള ശിക്ഷ 18 ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകൻ മാതാപിതാക്കന്മാരുടെ വാക്കുകൾ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാൽ 19 മാതാപിതാക്കൾ അവനെ പട്ടണവാതില്‌ക്കൽ നേതാക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്ന് ഇങ്ങനെ പറയണം: 20 “ഞങ്ങളുടെ ഈ മകൻ ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവൻ ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ പട്ടണവാസികൾ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം. ഇസ്രായേലിലുള്ള സകലരും ഇതു കേട്ട് ഭയപ്പെടും. വിവിധ നിയമങ്ങൾ 22 ഒരാൾ വധശിക്ഷയ്‍ക്ക് അർഹമായ കുറ്റംചെയ്താൽ അവനെ മരത്തിൽ തൂക്കണം. 23 അങ്ങനെ തൂക്കപ്പെടുന്നവന്റെ മൃതദേഹം രാത്രി മുഴുവൻ മരത്തിൽ തൂങ്ങിക്കിടക്കാൻ ഇടയാകരുത്; അന്നുതന്നെ അതു സംസ്കരിക്കണം. മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്. അതുകൊണ്ടു നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കിയ ദേശം അശുദ്ധമാകാതിരിക്കാൻ അങ്ങനെ ചെയ്യണം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India