Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 19 - സത്യവേദപുസ്തകം C.L. (BSI)


അഭയനഗരങ്ങൾ
( സംഖ്യാ. 35:9-28 ; യോശു. 20:1-9 )

1 നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജനതകളെ നശിപ്പിച്ച് അവരുടെ ദേശം നിങ്ങൾക്കു നല്‌കുകയും നിങ്ങൾ അതു കൈവശമാക്കി അവിടെയുള്ള പട്ടണങ്ങളിലും ഭവനങ്ങളിലും പാർക്കുകയും ചെയ്യുമ്പോൾ

2 അവിടുന്ന് അവകാശമായി നല്‌കുന്ന ദേശത്തുനിന്ന് മൂന്നു പട്ടണങ്ങൾ വേർതിരിക്കണം.

3 ആ ദേശത്തെ മൂന്നായി വിഭജിക്കുകയും ഏതൊരു കൊലപാതകിക്കും ആ പട്ടണങ്ങളിലേക്ക് ഓടിയൊളിക്കാൻ തക്കവിധം പാതകൾ നിർമ്മിക്കുകയും ചെയ്യണം.

4 പൂർവവിദ്വേഷം കൂടാതെ അബദ്ധവശാൽ അയൽക്കാരനെ കൊന്നവന് ഈ പട്ടണങ്ങളിൽ അഭയംതേടി ജീവൻ രക്ഷിക്കാവുന്നതാണ്.

5 ഉദാഹരണത്തിന് അയൽക്കാരനോടൊത്ത് വനത്തിൽ മരം വെട്ടാൻ പോകുന്ന ഒരുവൻ കോടാലി ഓങ്ങിയപ്പോൾ അബദ്ധവശാൽ കോടാലി ഊരി അപരന്റെ ദേഹത്ത് പതിക്കുകയും അവൻ കൊല്ലപ്പെടുകയും ചെയ്താൽ അതിനിടയാക്കിയവന് ഈ മൂന്നു പട്ടണങ്ങളിൽ ഏതിലെങ്കിലും ഓടിച്ചെന്ന് രക്ഷപെടാം.

6 പട്ടണത്തിലേക്കുള്ള ദൂരം കൂടുതലായാൽ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ബന്ധു കോപാകുലനായി അവന്റെ പിന്നാലെ ഓടി എത്തി വധശിക്ഷ അർഹിക്കാത്ത അവനെ കൊന്നുകളഞ്ഞേക്കാം. ശത്രുവല്ലാത്ത അയൽക്കാരനെ അബദ്ധവശാൽ അവൻ കൊന്നുപോയതാണല്ലോ.

7 അതുകൊണ്ടാണ് മൂന്നു പട്ടണങ്ങൾ വേർതിരിക്കാൻ ഞാൻ കല്പിക്കുന്നത്.

8 ഞാൻ ഇന്നു നിങ്ങൾക്കു നല്‌കിയ കല്പനകൾ അനുസരിച്ച് ജീവിക്കുകയും, നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിച്ച് അവിടുത്തെ വഴിയിൽ എന്നും നടക്കുകയും ചെയ്താൽ,

9 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ പൂർവപിതാക്കന്മാരോടു വാഗ്ദാനം ചെയ്ത ദേശം മുഴുവൻ നിങ്ങൾക്കു നല്‌കി നിങ്ങളുടെ ദേശം വിസ്തൃതമാക്കും. അപ്പോൾ ആദ്യത്തെ മൂന്നു പട്ടണങ്ങൾ കൂടാതെ മൂന്നു പട്ടണങ്ങൾ കൂടി വേർതിരിക്കണം.

10 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിരപരാധിയുടെ രക്തം ചിന്തുകയും ആ രക്തപാതകത്തിനുള്ള കുറ്റം നിങ്ങളുടെമേൽ വരാതിരിക്കയും ചെയ്യാനാണ് ഇപ്രകാരം ചെയ്യേണ്ടത്.

11 എന്നാൽ പൂർവവൈരാഗ്യംമൂലം അയൽക്കാരനെ പതിയിരുന്ന് ആക്രമിച്ചു കൊന്നതിനുശേഷം ഒരാൾ ഇവയിൽ ഏതെങ്കിലും ഒരു പട്ടണത്തിൽ അഭയം പ്രാപിച്ചാൽ,

12 ആ പട്ടണത്തിലെ പ്രമാണികൾ ആളയച്ച് അവനെ അവിടെനിന്നു പിടികൂടി വധിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ബന്ധുവിന്റെ കൈയിൽ ഏല്പിക്കണം. അങ്ങനെ അവൻ വധിക്കപ്പെടണം.

13 നിങ്ങൾ അവനോട് കരുണ കാണിക്കരുത്; നിരപരാധിയുടെ രക്തം ചൊരിഞ്ഞതിലുള്ള കുറ്റം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം; അപ്പോൾ നിങ്ങൾക്കു നന്മ ഉണ്ടാകും.


പുരാതന അതിർത്തികൾ

14 നിങ്ങൾ കൈവശപ്പെടുത്താൻവേണ്ടി ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു പൂർവികന്മാർ സ്ഥാപിച്ച അയൽക്കാരന്റെ അതിർത്തിക്കല്ലുകൾ മാറ്റരുത്.


സാക്ഷികളെ സംബന്ധിച്ച നിയമം

15 ഒരാളുടെ അകൃത്യത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ ഒരുവൻ മാത്രം നല്‌കുന്ന സാക്ഷ്യം അടിസ്ഥാനമാക്കി വിധിച്ചുകൂടാ. രണ്ടോ മൂന്നോ സാക്ഷികൾ നല്‌കുന്ന തെളിവനുസരിച്ചു മാത്രമേ കുറ്റം വിധിക്കാവൂ.

16 ആരെങ്കിലും ഒരാൾക്ക് എതിരായി കള്ളസ്സാക്ഷ്യം നല്‌കി കുറ്റം ആരോപിച്ചാൽ

17 ഇരുവരും സർവേശ്വരസന്നിധിയിൽ അന്ന് ചുമതല വഹിക്കുന്ന പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ ചെല്ലണം.

18 ന്യായാധിപന്മാർ അതിനെപ്പറ്റി ശരിയായി അന്വേഷിക്കണം. തന്റെ സഹോദരനെതിരായി അയാൾ നല്‌കിയത് കള്ളസ്സാക്ഷ്യം ആണെന്നു തെളിഞ്ഞാൽ

19 അവൻ തന്റെ സഹോദരനു നല്‌കാൻ ഉദ്ദേശിച്ച ശിക്ഷ അവനു കൊടുക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നും ആ തിന്മ നീക്കിക്കളയണം.

20 മറ്റുള്ളവർ ഇതു കേട്ട് ഭയപ്പെടുകയും നിങ്ങളുടെ ഇടയിൽ ഇതുപോലൊരു തിന്മ മേലിൽ ഉണ്ടാകാതിരിക്കുകയും ചെയ്യും. നിങ്ങൾ അവരോടു കരുണ കാണിക്കരുത്; ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല് ഇതായിരിക്കട്ടെ നിങ്ങൾ നല്‌കുന്ന ശിക്ഷ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan