Biblia Todo Logo
Bìoball air-loidhne

- Sanasan -

ദാനീയേൽ 5 - സത്യവേദപുസ്തകം C.L. (BSI)


ചുവരെഴുത്ത്

1 ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നു നല്‌കി. രാജാവ് അവരോടൊത്തു വീഞ്ഞു കുടിച്ചു.

2 ബേൽശസ്സർ വീഞ്ഞിന്റെ ലഹരിയിൽ തന്റെ പിതാവായ നെബുഖദ്നേസർ യെരൂശലേം ദേവാലയത്തിൽനിന്ന് എടുത്തുകൊണ്ടു വന്നിരുന്ന സ്വർണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും തനിക്കും തന്റെ ഭാര്യമാർക്കും ഉപഭാര്യമാർക്കും പ്രഭുക്കന്മാർക്കും വീഞ്ഞുകുടിക്കാൻവേണ്ടി കൊണ്ടുവരാൻ കല്പിച്ചു.

3 സർവേശ്വരന്റെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന ആ പാത്രങ്ങൾ അവർ അവിടെ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ ഭാര്യമാരും ഉപഭാര്യമാരും അവയിൽ വീഞ്ഞു പകർന്നു കുടിച്ചു.

4 അവർ വീഞ്ഞു കുടിക്കുകയും സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് എന്നിവയിൽ നിർമിച്ച ദേവന്മാരെ കീർത്തിക്കുകയും ചെയ്തു.

5 തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ ദൃശ്യമായി. വിളക്കിനു നേരെയുള്ള രാജമന്ദിരത്തിന്റെ ചുവരിൽ ആ വിരലുകൾ എന്തോ എഴുതി. അതു രാജാവു കണ്ടു.

6 ഉടനെ രാജാവിന്റെ മുഖം വിവർണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികൾ ദുർബലമായി; കാൽമുട്ടുകൾ കൂട്ടിയടിച്ചു.

7 മന്ത്രവാദികളെയും ബാബിലോണിലെ വിദ്വാന്മാരെയും ജ്യോത്സ്യന്മാരെയും ഉടൻ കൂട്ടിക്കൊണ്ടു വരാൻ രാജാവു വിളിച്ചു പറഞ്ഞു. രാജസന്നിധിയിലെത്തിയ അവരോടു രാജാവു പറഞ്ഞു: “ഈ ചുവരെഴുത്തു വായിച്ച് അർഥം പറയാൻ കഴിയുന്ന ആളിനെ രാജകീയമായ ചെങ്കുപ്പായവും കഴുത്തിൽ സ്വർണമാലയും അണിയിക്കും. അയാളെ രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരിയാക്കും.”

8 വിദ്വാന്മാരെല്ലാം മുന്നോട്ടുവന്നെങ്കിലും അവർക്കാർക്കും ആ ചുവരെഴുത്തു വായിക്കാനോ അതിന്റെ സാരം എന്തെന്നു പറയാനോ കഴിഞ്ഞില്ല.

9 അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലനായി. അദ്ദേഹത്തിന്റെ മുഖം വിളറി. രാജാവിന്റെ പ്രഭുക്കന്മാർ അമ്പരന്നു.

10 രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട.

11 വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യൻ അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത് അയാൾക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസർരാജാവ്

12 ദാനിയേൽ എന്ന ആ മനുഷ്യനെ ബേൽത്ത്ശസ്സർ എന്നാണു വിളിച്ചിരുന്നത്. അയാൾ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഢാർഥമുള്ള വാക്യങ്ങൾ വിശദീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാൽ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോൾ അയാളെ വിളിച്ചാലും അയാൾ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു.


ചുവരെഴുത്തിന്റെ പൊരുൾ

13 ഉടനെ ദാനിയേലിനെ രാജസന്നിധിയിൽ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്നു കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനിയേൽ നീ തന്നെയല്ലേ?

14 വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു.

15 ഈ എഴുത്തു വായിച്ച് അതിന്റെ അർഥം പറയാൻ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പിൽ കൊണ്ടുവന്നു. പക്ഷേ ഇതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല.

16 നിനക്കു വ്യാഖ്യാനങ്ങൾ നല്‌കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്റെ പൊരുൾ വ്യാഖ്യാനിച്ചു തന്നാൽ, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വർണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.”

17 ദാനിയേൽ ഇങ്ങനെ ബോധിപ്പിച്ചു: “സമ്മാനങ്ങൾ അങ്ങയുടെ പക്കൽത്തന്നെ ഇരിക്കട്ടെ; അവ മറ്റാർക്കെങ്കിലും കൊടുത്തു കൊള്ളുക. ഈ ചുവരെഴുത്തു വായിച്ച് അതിന്റെ അർഥം ഞാൻ രാജാവിനെ അറിയിക്കാം.

18 അല്ലയോ രാജാവേ, അങ്ങയുടെ പിതാവായ നെബുഖദ്നേസർരാജാവിന് അത്യുന്നതനായ ദൈവം രാജത്വവും പ്രതാപവും മഹത്ത്വവും പ്രശസ്തിയും നല്‌കി.

19 അവിടുന്ന് അദ്ദേഹത്തിനു നല്‌കിയ മഹത്ത്വംകൊണ്ട് എല്ലാ ജനങ്ങളും രാജ്യങ്ങളും ഭാഷക്കാരും അദ്ദേഹത്തിന്റെ മുമ്പിൽ ഭയന്നു വിറച്ചു. തനിക്കു തോന്നിയവരെ അദ്ദേഹം വധിക്കുകയോ ജീവിക്കാൻ അനുവദിക്കുകയോ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തു.

20 എന്നാൽ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗർവോടെ വർത്തിക്കുകയും ചെയ്തു. അപ്പോൾ രാജസിംഹാസനത്തിൽനിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടു.

21 മനുഷ്യരുടെ ഇടയിൽനിന്ന് അദ്ദേഹം ഓടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മനുഷ്യത്വം മാറി മൃഗസ്വഭാവം ഉള്ളവനായിത്തീർന്നു. അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളുടെകൂടെ ആയിത്തീർന്നു. കാളയെപ്പോലെ അദ്ദേഹം പുല്ലുതിന്നു. ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞുകൊണ്ടു നനഞ്ഞു. ഒടുവിൽ അത്യുന്നതനായ ദൈവമാണു രാജ്യം ഭരിക്കുന്നതെന്നും താൻ ഇച്ഛിക്കുന്നവരെയാണ് അവിടുന്നു രാജാവാക്കുന്നതെന്നും അദ്ദേഹത്തിനു മനസ്സിലാകുന്നതുവരെ അങ്ങനെ തുടർന്നു.

22 ബേൽശസ്സർരാജാവേ, അദ്ദേഹത്തിന്റെ പുത്രനായ അങ്ങ് ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം ഹൃദയം വിനയപ്പെടുത്താതെ

23 സ്വർഗസ്ഥനായ സർവേശ്വരനെതിരായി സ്വയം ഉയർത്തുകയും സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ കൊണ്ടുവന്ന് അങ്ങ് അങ്ങയുടെ പ്രഭുക്കന്മാരോടും രാജ്ഞിമാരോടും ഉപപത്നിമാരോടും ചേർന്ന് അവയിൽ വീഞ്ഞു പകർന്നു കുടിക്കുകയും ചെയ്തു. പൊന്ന്, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് ഇവകൊണ്ടുണ്ടാക്കിയവയും കാണാനും കേൾക്കാനും ഗ്രഹിക്കാനും കഴിയാത്ത ഈ ദൈവങ്ങളെ നിങ്ങൾ സ്തുതിക്കുകയും ചെയ്തു. എന്നാൽ അങ്ങയുടെ ജീവന്റെയും വഴികളുടെയും നിയന്താവായ ദൈവത്തെ അങ്ങ് ആദരിച്ചതുമില്ല.

24 അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്.

25 ഇതാണ് ആ ലിഖിതം: ‘മെനേ, മെനേ, തെക്കേൽ ഊഫർ സീൻ.’

26 ഇതിന്റെ സാരം: മെനേ-ദൈവം അങ്ങയുടെ രാജ്യത്തിന്റെ നാളുകൾ എണ്ണുകയും അതിന്റെ അന്ത്യം കുറിക്കുകയും ചെയ്തിരിക്കുന്നു.

27 തെക്കേൽ-അങ്ങയെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.

28 പെറേസ്-അങ്ങയുടെ രാജ്യം വിഭജിച്ച് പേർഷ്യക്കാർക്കും മേദ്യർക്കുമായി കൊടുത്തിരിക്കുന്നു.

29 ദാനിയേലിനെ ചെങ്കുപ്പായവും സ്വർണമാലയും അണിയിക്കാൻ ബേൽശസ്സർ രാജാവു കല്പിച്ചു. ‘ദാനിയേലിനെ മൂന്നാമത്തെ ഭരണാധികാരിയാക്കിയിരിക്കുന്നു’ എന്ന രാജവിളംബരം പ്രഖ്യാപനം ചെയ്തു.

30 അന്നു രാത്രിതന്നെ ബാബിലോണ്യരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

31 മേദ്യനായ ദാര്യാവേശ് രാജ്യം കൈവശമാക്കി. അപ്പോൾ അദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan