Biblia Todo Logo
Bìoball air-loidhne

- Sanasan -

ദാനീയേൽ 11 - സത്യവേദപുസ്തകം C.L. (BSI)

1 മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാംവർഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാൻ ചെന്നു.


ഈജിപ്തും സിറിയായും

2 ഇപ്പോൾ ഞാൻ നിന്നെ സത്യം അറിയിക്കാം. പേർഷ്യയിൽ ഇനി മൂന്നു രാജാക്കന്മാർകൂടി ഉയർന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാൾ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോൾ അയാൾ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും.

3 പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാൾ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും. അയാൾ യഥേഷ്ടം പ്രവർത്തിക്കും.

4 അയാൾ അധികാരത്തിന്റെ ഉച്ചസ്ഥാനത്തെത്തുമ്പോൾ രാജ്യം തകർന്ന് ആകാശത്തിന്റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യർക്കു നല്‌കപ്പെടും. എന്നാൽ അവർ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല.

5 ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാൽ അവിടത്തെ സൈന്യാധിപന്മാരിലൊരാൾ അദ്ദേഹത്തെക്കാൾ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും.

6 ഏതാനും വർഷംകഴിഞ്ഞ് അവർ തമ്മിൽ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാൻ സിറിയായിലെ രാജാവിന്റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്‌ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്‌ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവൾക്കു പിന്തുണനല്‌കിയവരും കൊല്ലപ്പെടും.

7 എന്നാൽ അവളുടെ വേരിൽനിന്ന് ഒരു മുള ഉയർന്നുവന്ന് അവൻ സിറിയായിലെ രാജാവിന്റെ കോട്ടയിൽ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും.

8 അവൻ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊൻവെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടർന്ന് ഏതാനും വർഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല.

9 പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാൻ വരും. എന്നാൽ സ്വന്ത ദേശത്തേക്ക് അയാൾ മടങ്ങിപ്പോകേണ്ടിവരും.

10 അയാളുടെ പുത്രന്മാർ യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവർ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും.

11 അപ്പോൾ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും.

12 ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോൾ അയാൾ അഹങ്കരിക്കും. അയാൾ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാൾ പ്രബലനാകുകയില്ല.

13 സിറിയാരാജാവ് പൂർവാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വർഷങ്ങൾക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാൾ ആക്രമണത്തിനു വരും.

14 അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയർത്തും. ദാനിയേലേ, നിന്റെ ജനത്തിൽപ്പെട്ട അക്രമികൾ ഈ ദർശനം നിറവേറത്തക്കവിധം അയാൾക്കെതിരെ മത്സരിക്കും. എങ്കിലും അവർ പരാജയപ്പെടും.

15 സിറിയായിലെ രാജാവുവന്ന് ഉപരോധം ഏർപ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കൾക്കും പിടിച്ചുനില്‌ക്കാനുള്ള കരുത്തുണ്ടാവുകയില്ല.

16 ആക്രമണകാരി തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആർക്കും അവനോടു എതിർത്തുനില്‌ക്കാൻ കഴികയില്ല. വാഗ്ദത്തദേശത്ത് അയാൾ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തിൽ അമരും.

17 ഈജിപ്തുരാജാവിന്റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവൻ കീഴടക്കാൻ അയാൾ തീരുമാനിക്കും. അയാൾ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാൻവേണ്ടി തന്റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല.

18 പിന്നീട് അവൻ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാൾ പിടിച്ചടക്കും. എന്നാൽ ഒരു വിദേശസൈന്യാധിപൻ അവന്റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്റെ അഹങ്കാരം അവനെതിരെ തിരിയും.

19 പിന്നീട് അവൻ സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവൻ കാലിടറി വീഴും. അതോടെ അവന്റെ കഥ അവസാനിക്കും.

20 അവന്റെ പിൻഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാൻ ഒരുവനെ അയയ്‍ക്കും. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും.


നീചനായ ഒരു രാജാവ്

21 അവനു പകരം രാജപദവി നല്‌കപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവൻ ഉയരും.

22 അവൻ അപ്രതീക്ഷിതമായി തന്ത്രപൂർവം രാജ്യം കൈവശമാക്കും. അവൻ തന്റെ മുമ്പിൽനിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും.

23 സന്ധി ചെയ്യുന്ന സമയംമുതൽ അവൻ വക്രതയോടെ പെരുമാറും. ജനങ്ങൾ കുറവാണെങ്കിലും അവൻ പ്രബലനാകും.

24 മുന്നറിയിപ്പു കൂടാതെ അവൻ ദേശത്തിലെ ഐശ്വര്യഭൂയിഷ്ഠമായ സ്ഥലം കൈവശമാക്കും. തന്റെ പിതാവോ പിതാമഹന്മാരോ ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ അവൻ ചെയ്യും. കൊള്ളമുതലുകൾ തന്റെ അനുചരന്മാർക്ക് പങ്കിടും. സുരക്ഷിതമായ കോട്ടകൾക്കെതിരെ അവൻ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യും. പക്ഷേ അതു ചുരുങ്ങിയ കാലത്തേക്കുമാത്രം ആയിരിക്കും. അവന്റെ ശക്തിയും ധൈര്യവും ഉണരും.

25 ഒരു മഹാസൈന്യത്തോടുകൂടി ഈജിപ്തുരാജാവിനെ എതിർക്കാൻ അവൻ ചെല്ലും. എന്നാൽ ഏറ്റവും വലുതും ശക്തിയേറിയതുമായ സൈന്യവുമായി ഈജിപ്തുരാജാവ് അവരെ എതിരിടും. ശത്രുക്കളുടെ ചതിപ്രയോഗം മൂലം ഈജിപ്തുരാജാവിന് അവരെ ചെറുത്തു നില്‌ക്കാൻ കഴിയുകയില്ല.

26 അവന്റെ മേശയിൽനിന്നു ഭോജ്യങ്ങൾ കഴിക്കുന്നവർതന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം തുടച്ചു നീക്കപ്പെടും. അനേകം ആളുകൾ മരിച്ചുവീഴും.

27 പിന്നീട് ഈ രണ്ടു രാജാക്കന്മാരും ദുഷ്ടത പ്രവർത്തിക്കാൻ ഭാവിച്ചുകൊണ്ട് ഒരേ മേശയ്‍ക്ക് മുമ്പിൽ ഇരുന്ന് അന്യോന്യം വ്യാജം പറയും. എങ്കിലും അത് ഫലവത്താകുകയില്ല. നിർണയിക്കപ്പെട്ട സമയത്തു മാത്രമേ അന്ത്യം വരികയുള്ളൂ.

28 പിന്നീട് സിറിയാരാജാവ് നിരവധി സമ്പത്തോടുകൂടി സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ അവന്റെ ഹൃദയം വിശുദ്ധഉടമ്പടിക്ക് എതിരെ ഉറച്ചിരിക്കും. അയാൾ തന്നിഷ്ടംപോലെ പ്രവർത്തിക്കുകയും സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്യും.

29 നിശ്ചിതസമയത്ത് അവൻ വീണ്ടും ഈജിപ്തിനെ ആക്രമിക്കും. എങ്കിലും മുമ്പത്തെപ്പോലെ ജയിക്കുകയില്ല.

30 റോമിലെ കപ്പലുകൾ അവനെതിരെ വരും. അവൻ ഭയന്നു പിന്മാറും. അവൻ ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവർത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകൾ അവൻ കേൾക്കും.

31 അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങൾ നിർത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കും.

32 ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവർത്തിച്ചവരെ മുഖസ്തുതികൊണ്ട് അവൻ വഴിതെറ്റിക്കും. എന്നാൽ ദൈവത്തെ അറിയുന്നവർ ഉറച്ചുനിന്നു പ്രവർത്തിക്കും.

33 വിവേകമതികൾ പലരെയും പ്രബുദ്ധരാക്കും. എന്നാൽ കുറെക്കാലത്തേക്ക് വാളിനും അഗ്നിക്കും കവർച്ചയ്‍ക്കും അടിമത്തത്തിനും അവർ ഇരയാകും.

34 ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോൾ അവർക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേർന്നുനില്‌ക്കുന്നതായി ഭാവിക്കും. വിവേകമതികളിൽ ചിലർ നിപതിക്കും.

35 ജനത്തെ അന്ത്യനാളിലേക്ക് ശുദ്ധീകരിക്കാനും നിർമ്മലരായി വെൺമയുള്ളവരാക്കാനും വേണ്ടിയാണിത്. അത് അന്ത്യനാൾവരെ തുടർന്നുകൊണ്ടിരിക്കും.

36 സിറിയാദേശത്തെ രാജാവ് തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും. എല്ലാ ദേവന്മാരെയുംകാൾ താൻ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവൻ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു.

37 അവൻ എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയർത്തുന്നതിനാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്‍ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്‍ക്കുകയില്ല.

38 എന്നാൽ അവൻ കോട്ടകളുടെ ദേവനെ പൂജിക്കും. തന്റെ പിതാക്കന്മാർ ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവൻ നിവേദിക്കും.

39 ഒരു അന്യദേവന്റെ സഹായത്തോടെ അവൻ ബലമേറിയ കോട്ടകൾ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവർക്ക് അവൻ ബഹുമതികൾ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും.

40 അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേൽ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവൻ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും.

41 അവൻ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകൾ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്റെ കൈയിൽനിന്നു രക്ഷപെടും.

42 അവൻ മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല.

43 ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവൻ കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും.

44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാർത്തകൾ അവനെ പരിഭ്രാന്തനാക്കും. അവൻ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും.

45 അവൻ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങൾ സ്ഥാപിക്കും. എങ്കിലും സഹായിക്കാൻ ആരുമില്ലാതെ അവന്റെ ജീവിതം അവസാനിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan