Biblia Todo Logo
Bìoball air-loidhne

- Sanasan -

ആമോസ് 8 - സത്യവേദപുസ്തകം C.L. (BSI)


ഒരു പഴക്കൂടയുടെ ദർശനം

1 സർവേശ്വരനായ ദൈവം എനിക്കു മറ്റൊരു ദർശനം നല്‌കി. ഇതാ, ഒരു കൂട പഴം.

2 “നീ എന്തു കാണുന്നു?” സർവേശ്വരൻ ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു. “എന്റെ ജനമായ ഇസ്രായേൽ പഴുത്തു നശിക്കാറായി; ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”

3 അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങൾകൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത.

4-6 ഇതു സർവേശ്വരന്റെ വചനം! സാധുക്കളെ ചവുട്ടിമെതിച്ചു നശിപ്പിക്കുന്നവരേ, കേൾക്കൂ: അമാവാസി കഴിഞ്ഞിരുന്നെങ്കിൽ ധാന്യവും ശബത്തു കഴിഞ്ഞിരുന്നെങ്കിൽ കോതമ്പും വിൽക്കാമായിരുന്നു എന്നല്ലേ നിങ്ങൾ പറയാറുള്ളത്? അളവിലും തൂക്കത്തിലും മനുഷ്യരെ കബളിപ്പിക്കാനല്ലേ നിങ്ങൾ വെമ്പൽകൊള്ളുന്നത്? കടം വീട്ടാൻ നിവൃത്തിയില്ലാത്ത ദരിദ്രനെ ഒരു ജോഡി ചെരുപ്പിന്റെ വിലപോലും മതിക്കാതെ അടിമയായി വാങ്ങാനും കോതമ്പിൽ പതിരു ചേർത്തു വിൽക്കാനുമല്ലേ നിങ്ങളുടെ മോഹം.”

7 നിങ്ങളുടെ ഗർവം നിമിത്തം ദൈവമായ സർവേശ്വരൻ ശപഥം ചെയ്തിരിക്കുന്നു: “അവരുടെ പ്രവൃത്തികൾ നിമിത്തം ഞാൻ അവരെ തീർച്ചയായും ശിക്ഷിക്കും.

8 അപ്പോൾ ഭൂമി പ്രകമ്പനംകൊള്ളും. ഭൂവാസികൾ വിലപിക്കും, നൈൽനദിപോലെ അവർ പൊങ്ങുകയും താഴുകയും ചെയ്യും.”

9 സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “അന്നു സൂര്യൻ നട്ടുച്ചയ്‍ക്ക് അസ്തമിക്കും; പട്ടാപ്പകൽ ഞാൻ ഭൂമിയിൽ ഇരുട്ടു വരുത്തും.

10 നിങ്ങളുടെ ഉത്സവങ്ങൾ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങൾ വിലപിക്കും. നിങ്ങൾ വിലാപഗാനങ്ങൾ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.

11 സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ദേശത്തു ഞാൻ ക്ഷാമം വരുത്തും, ഭക്ഷണപാനീയങ്ങളുടെ ക്ഷാമമല്ല, ദൈവവചനത്തിന്റെ ക്ഷാമംതന്നെ!

12 ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും.

13 അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു ബോധംകെട്ടു വീഴും.

14 ദാനിലും ബേർ-ശേബയിലുമുള്ള ദേവന്മാരെ ആരാധിക്കുന്നവർ വീണൊടുങ്ങും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan