Biblia Todo Logo
Bìoball air-loidhne

- Sanasan -

ആമോസ് 7 - സത്യവേദപുസ്തകം C.L. (BSI)


വെട്ടുക്കിളിയുടെ ദർശനം

1 സർവശക്തനായ സർവേശ്വരൻ എനിക്ക് ഇപ്രകാരം ഒരു ദർശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോൾ സർവേശ്വരൻ വെട്ടുക്കിളിപ്പറ്റത്തെ സൃഷ്‍ടിച്ചു.”

2 വെട്ടുക്കിളികൾ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീർത്തു. അപ്പോൾ ഞാൻ ഉണർത്തിച്ചു: “സർവേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യർ എങ്ങനെ നിലനില്‌ക്കും?”

3 അവിടുന്നു കനിഞ്ഞ് ആ ദർശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു.


അഗ്നിയുടെ ദർശനം

4 സർവശക്തനായ സർവേശ്വരൻ വീണ്ടും എനിക്ക് ഒരു ദർശനം നല്‌കി. അവിടുന്നു തന്റെ ജനത്തെ അഗ്നിയാൽ ശിക്ഷിക്കാനൊരുങ്ങുന്നു! അഗ്നി ആഴിയെ വറ്റിച്ചശേഷം ഭൂമിയെ ദഹിപ്പിക്കാൻ തുടങ്ങി.

5 അപ്പോൾ ഞാൻ ഉണർത്തിച്ചു: “സർവേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യർ എങ്ങനെ നിലനില്‌ക്കും?”

6 ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു.


തൂക്കുകട്ടയുടെ ദർശനം

7 അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദർശനം നല്‌കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സർവേശ്വരൻ നില്‌ക്കുന്നു.

8 “ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാൻ മറുപടി നല്‌കി. സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിനെ ഞാൻ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവർ കോട്ടമുള്ള മതിൽപോലെ കാണപ്പെടുന്നു. ഇനിയും ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.

9 യെരോബയാംരാജവംശത്തിനെതിരെ ഞാൻ വാളുയർത്തും. ഇസ്രായേല്യരുടെ പൂജാഗിരികൾ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങൾ ശൂന്യമാകും.


ആമോസും അമസ്യായും

10 ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേൽരാജാവായ യെരോബയാമിന്റെ അടുക്കൽ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകൾ ഇങ്ങനെയാണ്:

11 “യെരോബയാം യുദ്ധത്തിൽ മരിക്കും; ഇസ്രായേല്യർ പ്രവാസികളായി പോകും.”

12 ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദർശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക.

13 ബെഥേലിൽ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയിൽ ഇനി കണ്ടുപോകരുത്!”

14 ആമോസ് മറുപടി പറഞ്ഞു: “ഞാൻ പ്രവാചകനല്ല; പ്രവാചകഗണത്തിൽ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയൻ.

15 ആ ജോലിയിൽനിന്നു സർവേശ്വരൻ എന്നെ വിളിച്ചു വേർതിരിച്ച്, തന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാൻ കല്പിച്ചു.

16 സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്.

17 എന്നാൽ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും. പുത്രീപുത്രന്മാർ കൊല്ലപ്പെടും; നിന്റെ നിലം അന്യർ പകുത്തെടുക്കും. നിന്റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേൽജനം തീർച്ചയായും പ്രവാസികളാകും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan