ആമോസ് 6 - സത്യവേദപുസ്തകം C.L. (BSI)ഇസ്രായേലിന്റെ നാശം 1 “സീയോനിൽ സ്വൈരമായും ശമര്യാമലയിൽ നിർഭയരായും കഴിയുന്നവരേ, ജനതകളിൽ പ്രധാനികളേ, ഇസ്രായേൽജനം സഹായം തേടി സമീപിക്കുന്നവരേ, നിങ്ങൾക്കു ഹാ! ദുരിതം.” 2 കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങൾ നിങ്ങളുടെ ദേശത്തെക്കാൾ വിശാലമായിരുന്നോ? 3 അവർക്കുണ്ടായ അനർഥമൊന്നും നിങ്ങൾക്കുണ്ടാകാൻ പോകുന്നില്ല എന്ന ഭാവത്തിൽ നിങ്ങൾ അക്രമം അഴിഞ്ഞാടാൻ അനുവദിച്ചിരിക്കയല്ലേ? 4 ദന്തതല്പങ്ങളിൽ വിശ്രമിക്കുകയും കുഞ്ഞാടുകളുടെയും കാളക്കിടാക്കളുടെയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഹാ! കഷ്ടം. 5 നിങ്ങൾ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങൾ മാത്രം. 6 ചഷകങ്ങൾ നിറയെ നിങ്ങൾ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോൾ ഇസ്രായേലിന്റെ നാശത്തിൽ നിങ്ങൾക്കു ദുഃഖമില്ല. 7 ആകയാൽ നിങ്ങൾതന്നെ ആദ്യം പ്രവാസികളാകും; നിങ്ങളുടെ സുഖജീവിതം അതോടെ നിലയ്‍ക്കും.” 8 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തിൽ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു, അവരുടെ മണിമാളികകൾ എന്നിൽ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാൻ സമൂലം ശത്രുവിനിരയാക്കും. 9 ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും. 10 അവരുടെ ബന്ധു ശരീരങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകുമ്പോൾ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാൽ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോൾ അയാൾ പറയും: ‘കഷ്ടം! സർവേശ്വരന്റെ നാമം ഉച്ചരിക്കാൻപോലും ഇനി ആരുമില്ല.” 11 സർവേശ്വരൻ കല്പിക്കുമ്പോൾ മാളികകൾ പൊട്ടിത്തകരും; കുടിലുകൾ തകർന്നുപോകും. 12 പാറപ്പുറത്ത് കുതിര ഓടുമോ? കടലിൽ കാള പൂട്ടാനാവുമോ? നിങ്ങളോ, നീതിയെ വിഷമാക്കി മാറ്റി; ധർമത്തെ കയ്പാക്കി. 13 ലോദേബാറും കർനേമും കീഴടക്കാൻ കരുത്തർ എന്നു നിങ്ങൾ അഹങ്കരിക്കുന്നു. 14 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേല്യരേ, നിങ്ങളുടെ നാടു കീഴടക്കാൻ ഞാൻ ഒരു ജനതയെ അയയ്‍ക്കും. ഹാമാത്ത് മുതൽ അരാബായിലെ തോടുവരെ അവർ നിങ്ങളെ പീഡിപ്പിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India