ആമോസ് 3 - സത്യവേദപുസ്തകം C.L. (BSI)1 ഇസ്രായേല്യരേ, ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരൻ നിങ്ങൾക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിൻ: 2 “ഭൂമിയിലെ സകല വംശങ്ങളിൽനിന്ന് നിങ്ങളെ മാത്രം ഞാൻ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങൾക്കെല്ലാം ഞാൻ നിങ്ങളെ ശിക്ഷിക്കും. പ്രവാചകന്റെ ദൗത്യം 3 മുൻകൂട്ടി സമ്മതിക്കാതെ രണ്ടുപേർ ഒന്നിച്ചു നടക്കുമോ? 4 ഇരകിട്ടാതെ സിംഹം വനത്തിൽ ഗർജിക്കുമോ? യുവസിംഹം വൃഥാ ഗുഹയിൽനിന്നു ശബ്ദം പുറപ്പെടുവിക്കുമോ? 5 വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? 6 കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ? 7 സർവേശ്വരൻ അയയ്‍ക്കാതെ പട്ടണത്തിന് അനർഥം ഭവിക്കുമോ? തന്റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സർവേശ്വരൻ എന്തെങ്കിലും പ്രവർത്തിക്കുമോ? 8 സിംഹം ഗർജിച്ചാൽ ആർ ഭയപ്പെടാതിരിക്കും? സർവേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോൾ പ്രവാചകൻ മൗനം പാലിക്കുമോ? ശമര്യക്കു വരുന്ന നാശം 9 ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളിൽ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധർമവും പീഡനങ്ങളും കാണുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: 10 “അവരുടെ നഗരങ്ങളിൽ പെരുത്ത അക്രമവും കവർച്ചയും നടക്കുന്നു. ധർമം അനുഷ്ഠിക്കാൻ അവർക്ക് അറിഞ്ഞുകൂടാ. 11 അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരു ശത്രു ദേശം വളയും. നിങ്ങളുടെ പ്രതിരോധം തകർത്ത് കോട്ട കൊള്ളയടിക്കും.” 12 സിംഹത്തിന്റെ വായിൽനിന്ന് ആടിന്റെ കാലുകളോ ചെവിയോ ഇടയൻ വലിച്ചെടുക്കുംപോലെ, ശമര്യയിൽ സുഖജീവിതം നയിക്കുന്ന ഒരു ചെറുഗണം മാത്രം അവശേഷിക്കും. ദൈവമായ സർവേശ്വരൻ, സർവശക്തനായ ദൈവംതന്നെ അരുളിച്ചെയ്യുന്നു: 13 “ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചു കേട്ട് ഇസ്രായേല്യരെ അറിയിക്കുക. 14 അവരുടെ അധർമങ്ങൾക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങൾ ഞാൻ തകർക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാൻ തരിപ്പണമാക്കും. അതിന്റെ കൊമ്പുകൾ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങൾ നശിച്ചുപോകും. മഹാസൗധങ്ങൾ ഇല്ലാതെയാകും.” ഇതു സർവേശ്വരന്റെ വചനം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India