പ്രവൃത്തികൾ 8 - സത്യവേദപുസ്തകം C.L. (BSI)ശൗൽ സഭയെ പീഡിപ്പിക്കുന്നു 1 ആ ദിവസംതന്നെ യെരൂശലേമിലെ സഭയുടെനേരേയുള്ള നിഷ്ഠുരമായ പീഡനം ആരംഭിച്ചു; അപ്പോസ്തോലന്മാർ ഒഴികെയുള്ള എല്ലാവരും യെഹൂദ്യ ശമര്യപ്രദേശങ്ങളുടെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി. 2 ഏതാനും ഭക്തജനങ്ങൾ സ്തേഫാനോസിന്റെ മൃതദേഹം സംസ്കരിക്കുകയും അദ്ദേഹത്തെക്കുറിച്ചു വളരെയധികം വിലപിക്കുകയും ചെയ്തു. 3 ശൗൽ ആകട്ടെ, വീടുതോറും കയറിയിറങ്ങി സ്‍ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു കാരാഗൃഹത്തിലടച്ചുകൊണ്ട് സഭയെ നശിപ്പിക്കുവാൻ ശ്രമിച്ചു. ശമര്യയിൽ സുവിശേഷം പ്രസംഗിക്കുന്നു 4 ചിതറിപ്പോയവർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു. 5 ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തിൽ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. 6 ഫീലിപ്പോസിന്റെ പ്രസംഗം കേൾക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങൾ കാണുകയും ചെയ്തപ്പോൾ ബഹുജനങ്ങൾ ഏകമനസ്സോടെ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. 7 അശുദ്ധാത്മാക്കൾ ബാധിച്ചവരിൽനിന്ന് അവ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകൾ സുഖം പ്രാപിച്ചു. 8 അങ്ങനെ ആ പട്ടണത്തിൽ അത്യധികമായ ആനന്ദമുണ്ടായി. 9 അവിടെ ശിമോൻ എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താൻ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാൽ അയാൾ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു. 10 ‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനിൽ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു. 11 തന്റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീർഘകാലമായി അയാൾ അവരെ അമ്പരപ്പിച്ചിരുന്നതിനാൽ അയാൾ പറയുന്നത് അവർ സ്വീകരിച്ചുപോന്നു. 12 എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോൻപോലും വിശ്വസിച്ചു; 13 അയാൾ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേർന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോൻ ആശ്ചര്യഭരിതനായി. 14 ശമര്യയിലെ ജനങ്ങൾ ദൈവവചനം കൈക്കൊണ്ടു എന്ന് യെരൂശലേമിലുള്ള അപ്പോസ്തോലന്മാർ കേട്ട് അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കലേക്കയച്ചു. 15 അവർ ചെന്ന് ശമര്യയിലെ വിശ്വാസികൾക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുവേണ്ടി പ്രാർഥിച്ചു. 16 അതുവരെ ആരിലും പരിശുദ്ധാത്മാവു വന്നിട്ടില്ലായിരുന്നു. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിച്ചിരുന്നതേയുള്ളൂ. 17 പിന്നീട് പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വയ്‍ക്കുകയും അവർക്കു പരിശുദ്ധാത്മാവു ലഭിക്കുകയും ചെയ്തു. 18 അപ്പോസ്തോലന്മാരുടെ കൈവയ്പുമൂലം അവർക്കു പരിശുദ്ധാത്മാവു ലഭിച്ചത് ശിമോൻ കണ്ടു. അയാൾ പത്രോസിനും യോഹന്നാനും പണം സമർപ്പിച്ചുകൊണ്ട് 19 “ഞാൻ ആരുടെമേൽ കൈകൾ വയ്‍ക്കുന്നുവോ അവർക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുള്ള ഈ അധികാരം എനിക്കും നല്‌കിയാലും” എന്ന് അവരോടപേക്ഷിച്ചു. 20 അപ്പോൾ പത്രോസ് പ്രതിവചിച്ചു: “ദൈവത്തിന്റെ വരദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വിചാരിച്ചതുകൊണ്ട് നീയും നിന്റെ പണവും നശിക്കട്ടെ! 21 നിന്റെ ഹൃദയം ദൈവത്തിന്റെ ദൃഷ്‍ടിയിൽ നേരുള്ളതല്ലാത്തതുകൊണ്ട് ഇക്കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. 22 അതുകൊണ്ട് ഈ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചു കർത്താവിനോടു പ്രാർഥിക്കുക. നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ഒരുവേള ക്ഷമിക്കപ്പെട്ടേക്കാം. 23 നീ ഉൾപ്പകയുടെ കയ്പിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു.” 24 അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കുവാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്ന് അപേക്ഷിച്ചു. 25 ശമര്യയിലെ അനേകം ഗ്രാമങ്ങളിൽ സാക്ഷ്യം വഹിക്കുകയും കർത്താവിന്റെ സന്ദേശം അറിയിക്കുകയും ചെയ്തുകൊണ്ട് പത്രോസും യോഹന്നാനും യെരൂശലേമിലേക്കു മടങ്ങിപ്പോയി. ഫീലിപ്പോസും എത്യോപ്യൻ ഉദ്യോഗസ്ഥനും 26 കർത്താവിന്റെ ദൂതൻ ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമിൽനിന്നു ഗസെയിലേക്കുള്ള നിർജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു. 27 ഫീലിപ്പോസ് ഉടനെ പുറപ്പെട്ടു; പോകുന്ന വഴി ഷണ്ഡനായ ഒരു എത്യോപ്യനെ കണ്ടുമുട്ടി. അദ്ദേഹം എത്യോപ്യാരാജ്ഞിയായ കന്ദക്കയുടെ ഭണ്ഡാരവകുപ്പിന്റെ മേലധികാരിയായിരുന്നു. അദ്ദേഹം യെരൂശലേമിൽ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിപ്പോകുകയായിരുന്നു; 28 രഥത്തിൽ യാത്ര ചെയ്യുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്‍തകം വായിച്ചുകൊണ്ടിരുന്നു. 29 “ആ രഥത്തോടു ചേർന്നു നടക്കുക” എന്ന് ആത്മാവ് ഫീലിപ്പോസിനോടു പറഞ്ഞു. 30 ഫീലിപ്പോസ് ഓടി രഥത്തിന്റെ അടുത്തുചെന്നപ്പോൾ യെശയ്യാപ്രവാചകന്റെ പുസ്‍തകം വായിക്കുന്നതുകേട്ട് അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾ വായിക്കുന്നത് എന്താണ് എന്നു ഗ്രഹിക്കുന്നുണ്ടോ?” 31 അദ്ദേഹം പ്രതിവചിച്ചു: “ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ ഗ്രഹിക്കും?” പിന്നീട് തേരിൽ കയറി തന്റെ കൂടെ ഇരിക്കുവാൻ അദ്ദേഹം ഫീലിപ്പോസിനെ ക്ഷണിച്ചു. 32 വിശുദ്ധഗ്രന്ഥത്തിൽനിന്ന് അദ്ദേഹം വായിച്ചഭാഗം ഇതായിരുന്നു: അവിടുന്ന് അറുക്കുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ആയിരുന്നു; രോമം കത്രിക്കുന്നവന്റെ മുമ്പിൽ നിശ്ശബ്ദനായിരിക്കുന്ന കുഞ്ഞാടിനെപ്പോലെതന്നെ, അവിടുന്നു വായ് തുറക്കാതിരുന്നു. 33 അപമാനിതനായ അദ്ദേഹത്തിനു നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമികളെക്കുറിച്ച് ആരു പ്രസ്താവിക്കും? ഭൂമിയിൽനിന്ന് അവിടുത്തെ ജീവൻ എടുത്തുകളഞ്ഞിരിക്കുന്നുവല്ലോ. 34 “ആരെക്കുറിച്ചാണു പ്രവാചകൻ ഇതു പറയുന്നത്, തന്നെക്കുറിച്ചുതന്നെയോ, അതോ വേറെ വല്ലവരെയുംകുറിച്ചോ? പറഞ്ഞുതന്നാലും” എന്ന് അദ്ദേഹം ഫീലിപ്പോസിനോട് അപേക്ഷിച്ചു. 35 ഈ വേദഭാഗം ആധാരമാക്കി ഫീലിപ്പോസ് യേശുവിനെപ്പറ്റിയുള്ള സുവിശേഷം അദ്ദേഹത്തെ അറിയിച്ചു. 36 അങ്ങനെ അവർ സഞ്ചരിക്കുമ്പോൾ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാൻ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു. 37 "താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കിൽ അങ്ങനെ ആകാം” എന്നു ഫീലിപ്പോസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. 38 രഥം നിറുത്തുവാൻ ആ ഉദ്യോഗസ്ഥൻ ആജ്ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. ഫീലിപ്പോസ് അദ്ദേഹത്തെ സ്നാപനം ചെയ്തു. 39 അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥൻ പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടർന്നു. 40 ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദിൽ വച്ചാണ്. കൈസര്യയിൽ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India