പ്രവൃത്തികൾ 7 - സത്യവേദപുസ്തകം C.L. (BSI)സ്തേഫാനോസിന്റെ എതിർവാദം 1 മഹാപുരോഹിതൻ സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു: 2 “സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനിൽ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയിൽ പാർത്തിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുൾചെയ്തു: 3 ‘നിന്റെ ചാർച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാൻ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനിൽ വന്നു വാസമുറപ്പിച്ചു. 4 അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാർപ്പിച്ചു. 5 എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്റെ പൂർണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു; 6 അബ്രഹാമിന്റെ സന്തതി അന്യദേശത്തു പോയി പാർക്കുകയും ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറു വർഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുൾചെയ്തു. 7 ‘എന്നാൽ അവർ ആർക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു. 8 പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്റെ സൂചനയായി ഏർപ്പെടുത്തിയതാണ് പരിച്ഛേദനകർമം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോൾ എട്ടാം ദിവസം ആ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാർ. 9 “അവർ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാർക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു. 10 അവിടുന്ന് എല്ലാ കഷ്ടതകളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്റെ മുമ്പിൽ ചെന്നപ്പോൾ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോൻ അദ്ദേഹത്തെ ഈജിപ്തിന്റെ ഗവർണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു. 11 അക്കാലത്ത് ഈജിപ്തിൽ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. 12 ഈജിപ്തിൽ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. 13 രണ്ടാം പ്രാവശ്യം അവർ ചെന്നപ്പോൾ യോസേഫ് തന്നെത്തന്നെ സഹോദരന്മാർക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി. 14 യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവർ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു. 15 യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു. 16 അവരുടെ മൃതദേഹങ്ങൾ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അവരെ സംസ്കരിച്ചു. 17 “ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോൾ ഈജിപ്തിൽ ഇസ്രായേൽജനങ്ങൾ വളരെ വർധിച്ചു. 18 ഒടുവിൽ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തിൽ ഭരണമാരംഭിച്ചു. 19 ആ രാജാവ് കൗശലപൂർവം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കൾ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. 20 ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. 21 അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. 22 ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. 23 “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. 24 അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. 25 താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. 26 പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? 27 എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? 28 ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? 29 ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു. 30 “നാല്പതു വർഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയിൽ കത്തുന്ന മുൾപ്പടർപ്പിൽ ഒരു ദൈവദൂതൻ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. 31 ഈ ദർശനം ഉണ്ടായപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോൾ 32 ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സർവേശ്വരൻ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാൻ ധൈര്യപ്പെട്ടില്ല. 33 “സർവേശ്വരൻ തുടർന്ന് അരുൾചെയ്തു: ‘നിന്റെ കാലിൽനിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്‌ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. 34 ഈജിപ്തിൽ എന്റെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ കണ്ടിരിക്കുന്നു; അവരുടെ നെടുവീർപ്പും ഞാൻ കേട്ടു; അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. 35 “നിന്നെ ഞങ്ങളുടെ അധികാരിയും വിധികർത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവർ നിരസിച്ച ഈ മോശയെതന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. 36 അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു. 37 ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേൽജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്. 38 സീനായ്മലയിൽ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയിൽ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്. 39 “എന്നാൽ നമ്മുടെ പിതാക്കന്മാർ അദ്ദേഹത്തെ അനുസരിക്കുവാൻ കൂട്ടാക്കിയില്ല; അവർ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവർ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു. 40 അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.’ 41 അക്കാലത്താണ് അവർ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയർപ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയിൽ അവർ ഉല്ലസിച്ചു. 42 അപ്പോൾ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാൻവേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽ ഗൃഹമേ! നിങ്ങൾ മരുഭൂമിയിൽ നാല്പതു വർഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നുവോ? 43 നിങ്ങൾ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാൻ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും. 44 “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ദൈവസാന്നിധ്യത്തിന്റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയിൽ നിർമിച്ചതായിരുന്നു അത്. 45 പിൻതലമുറയിലെ നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പിൽനിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവർ പ്രവേശിച്ചപ്പോൾ ആ സാക്ഷ്യകൂടാരവും അവർ കൊണ്ടുവന്ന് ദാവീദിന്റെ കാലംവരെ സൂക്ഷിച്ചു. 46 ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാൻ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു. 47 പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിർമിച്ചത്. 48 “എന്നാൽ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങൾക്കൊണ്ടു നിർമിക്കുന്ന മന്ദിരങ്ങളിൽ വസിക്കുന്നില്ല. പ്രവാചകൻ പറയുന്നു: 49 ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്? 50 ഇവയെല്ലാം എന്റെ കരം നിർമിച്ചവയല്ലേ?’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. 51 “ദുശ്ശാഠ്യക്കാരേ, ഹൃദയത്തിൽ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിർക്കുന്നു! 52 പ്രവാചകന്മാരിൽ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചവരെ അവർ നിഗ്രഹിക്കുകയത്രേ ചെയ്തത്. 53 നിങ്ങളാകട്ടെ, ഇപ്പോൾ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരിൽകൂടി നിങ്ങൾക്കു ധർമശാസ്ത്രം ലഭിച്ചു. എന്നാൽ നിങ്ങൾ അത് അനുസരിച്ചില്ല.” സ്തേഫാനോസിന്റെ മരണം 54 ഇതു കേട്ടപ്പോൾ സന്നദ്രിംസംഘാംഗങ്ങൾ കോപാക്രാന്തരായി സ്തേഫാനോസിന്റെ നേരെ പല്ലുകടിച്ചു. 55 എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. 56 അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാൻ കാണുന്നു.” 57 ഉടനെ അവർ ഉച്ചത്തിൽ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന് 58 അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികൾ അവരുടെ പുറങ്കുപ്പായം ശൗൽ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്. 59 അവർ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോൾ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാർഥിച്ചു. 60 അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ” എന്ന് അത്യുച്ചത്തിൽ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്റെ വധത്തെ ശൗൽ അനുകൂലിച്ചിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India