പ്രവൃത്തികൾ 25 - സത്യവേദപുസ്തകം C.L. (BSI)കൈസർക്ക് അപ്പീൽ 1 ഫെസ്തൊസ് കൈസര്യയിൽ വന്നതിന്റെ മൂന്നാം ദിവസം യെരൂശലേമിലേക്കു പോയി. 2 അപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദനേതാക്കളും പൗലൊസിനെതിരെ അദ്ദേഹത്തിന്റെ അടുക്കൽ പരാതി ബോധിപ്പിച്ചു. 3 “അവിടുന്നു ദയാപൂർവം പൗലൊസിനെ യെരൂശലേമിലേക്ക് അയയ്‍ക്കണം” എന്ന് അവർ അഭ്യർഥിച്ചു. 4 അദ്ദേഹത്തെ വഴിയിൽവച്ച് അപായപ്പെടുത്തുവാൻ അവർ ഗൂഢാലോചന നടത്തിയിരുന്നു. അതിനു ഫെസ്തൊസ് ഇപ്രകാരം മറുപടി നല്‌കി: “പൗലൊസിനെ കൈസര്യയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്; ഉടനെതന്നെ ഞാൻ അവിടേക്കു തിരിച്ചുപോകുന്നുണ്ട്. 5 നിങ്ങളിൽ പ്രാപ്തിയുള്ളവർ എന്റെകൂടെ വന്ന്, അയാളുടെ പേരിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാം.” 6 ഫെസ്തോസ് എട്ടുപത്തുദിവസം അവരോടുകൂടി കഴിഞ്ഞശേഷം കൈസര്യയിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം അദ്ദേഹം ന്യായാസനത്തിൽ ഉപവിഷ്ടനായിരുന്നുകൊണ്ട്, പൗലൊസിനെ ഹാജരാക്കുവാൻ ആജ്ഞാപിച്ചു. 7 പൗലൊസ് ഫെസ്തൊസിന്റെ മുമ്പിലെത്തിയപ്പോൾ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ അദ്ദേഹത്തിന്റെ പേരിൽ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു. എന്നാൽ അവയൊന്നും തെളിയിക്കുവാൻ അവർക്കു കഴിഞ്ഞില്ല. 8 തന്റെ പ്രതിവാദത്തിൽ പൗലൊസ് ഇങ്ങനെ ബോധിപ്പിച്ചു: “യെഹൂദന്മാരുടെ ധർമശാസ്ത്രത്തിനോ, ദേവാലയത്തിനോ, കൈസർക്കോ എതിരായി ഒരു കുറ്റവും ഞാൻ ചെയ്തിട്ടില്ല.” 9 ഫെസ്തോസിന് യെഹൂദന്മാരെ പ്രീണിപ്പിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പൗലൊസിനോടു ചോദിച്ചു: “യെരൂശലേമിൽവച്ച് എന്റെ മുമ്പാകെ ഈ ആരോപണങ്ങളെക്കുറിച്ചുള്ള വിചാരണ നടത്തുന്നത് താങ്കൾക്കു സമ്മതമാണോ? 10 പൗലൊസ് പ്രതിവചിച്ചു: “ഞാൻ കൈസറുടെ ന്യായാസനത്തിനു മുമ്പിലാണു നില്‌ക്കുന്നത്; അവിടെയാണു ഞാൻ വിസ്തരിക്കപ്പെടേണ്ടത്; ഞാൻ യെഹൂദന്മാർക്കു വിരോധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുളളത് അങ്ങേക്കു ശരിയായി അറിയാമല്ലോ. 11 വധശിക്ഷയ്‍ക്ക് അർഹമായ കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, അതിൽനിന്ന് ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്നില്ല. എന്നാൽ അവരുടെ കുറ്റാരോപണങ്ങൾക്ക് അടിസ്ഥാനമൊന്നുമില്ലെങ്കിൽ എന്നെ അവർക്ക് ഏല്പിച്ചുകൊടുക്കുവാൻ ആർക്കും സാധ്യമല്ല. ഞാൻ കൈസറുടെ മുമ്പാകെ മേൽവിചാരണ ആഗ്രഹിക്കുന്നു.” 12 അപ്പോൾ തന്റെ ഉപദേഷ്ടാക്കന്മാരുമായി ആലോചിച്ചശേഷം ഫെസ്തോസ് ഇങ്ങനെ പറഞ്ഞു: “താങ്കൾ കൈസറുടെ മുമ്പിൽ മേൽവിചാരണയ്‍ക്കുവേണ്ടി അപേക്ഷിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുകതന്നെ വേണം.” അഗ്രിപ്പാരാജാവിന്റെ മുമ്പിൽ 13 ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തൊസിനെ അഭിവാദനം ചെയ്യുന്നതിനു കൈസര്യയിലെത്തി. അവർ കുറെനാൾ അവിടെ പാർത്തു. 14 അതിനിടയ്‍ക്ക് ഫെസ്തോസ് പൗലൊസിന്റെ കാര്യം രാജാവിനോട് വിവരിച്ചു: “ഫെലിക്സ് തടവിലാക്കിയ ഒരാൾ ഇവിടെയുണ്ട്. 15 ഞാൻ യെരൂശലേമിൽ പോയപ്പോൾ അയാളെക്കുറിച്ചുള്ള ആരോപണങ്ങൾ യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാരും നേതാക്കന്മാരും എന്നെ അറിയിക്കുകയും അയാളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 16 എന്നാൽ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‌കാതെ ശിക്ഷയ്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവർമെൻറിനില്ലെന്നു ഞാൻ അവർക്കു മറുപടി നല്‌കി. 17 അതുകൊണ്ട്, അവർ വന്നുകൂടിയതിന്റെ പിറ്റേദിവസം തന്നെ, ഞാൻ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ ഹാജരാക്കുവാൻ ഉത്തരവിട്ടു. 18 പൗലൊസിന്റെ എതിരാളികൾ അയാളുടെ പേരിലുള്ള കുറ്റങ്ങൾ നിരത്തിവച്ചെങ്കിലും, ഞാൻ പ്രതീക്ഷിച്ചതുപോലെയുള്ള കുറ്റങ്ങളൊന്നും അവർ ആരോപിച്ചില്ല. 19 തങ്ങളുടെ മതത്തെക്കുറിച്ചും, മരിച്ചുപോയ യേശു എന്ന ഒരാളിനെക്കുറിച്ചും അയാളുമായുള്ള തർക്കസംഗതികൾ ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ. യേശു എന്ന മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്നാണു പൗലൊസ് തറപ്പിച്ചു പറയുന്നത്. 20 ഇങ്ങനെയുള്ള ആക്ഷേപങ്ങളെക്കുറിച്ചു കൂലങ്കഷമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട്, യെരൂശലേമിൽ പോയി അവിടെവച്ച് ഈ ആരോപണങ്ങളെപ്പറ്റിയുള്ള വിസ്താരം നടത്തുന്നത് സമ്മതമാണോ എന്നു ഞാൻ പൗലൊസിനോടു ചോദിച്ചു. 21 എന്നാൽ തന്റെ പേരിലുള്ള വ്യവഹാരം അഭിവന്ദ്യനായ കൈസർ തീരുമാനിക്കുന്നതുവരെ തനിക്കു സംരക്ഷണം നല്‌കണമെന്നു പൗലൊസ് അഭ്യർഥിച്ചതിനാൽ അതുവരെ അയാളെ തടങ്കലിൽ പാർപ്പിക്കുവാൻ ഞാൻ ഉത്തരവിട്ടു.” 22 തനിക്കും പൗലൊസിന്റെ പ്രസംഗം കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു. “നാളെയാകട്ടെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 23 പിറ്റേദിവസം അഗ്രിപ്പാ ബെർന്നീക്കയുമായി രാജകീയമായ ആഡംബരത്തോടുകൂടി വിചാരണമണ്ഡപത്തിലെത്തി. സൈനികമേധാവികളും നഗരത്തിലെ പ്രമുഖവ്യക്തികളും അവിടെ വന്നുകൂടിയിരുന്നു. ഫെസ്തൊസിന്റെ ഉത്തരവനുസരിച്ചു പൗലൊസിനെ ഹാജരാക്കി. 24 ഫെസ്തൊസ് പറഞ്ഞു: “അഗ്രിപ്പാരാജാവേ, മഹാജനങ്ങളേ, നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്ന ഈ മനുഷ്യനെതിരെ ഇവിടെയും യെരൂശലേമിലുമുള്ള യെഹൂദജനസഞ്ചയം എന്റെ അടുക്കൽ പരാതി ബോധിപ്പിച്ചിരിക്കുന്നു. ഇയാളെ ജീവനോടെ വച്ചേക്കരുതെന്നാണ് അവർ വിളിച്ചുകൂവുന്നത്. 25 എന്നാൽ വധശിക്ഷയ്‍ക്ക് അർഹമായ എന്തെങ്കിലും ഇയാൾ ചെയ്തതായി ഞാൻ കാണുന്നില്ല. ഇയാൾ കൈസറുടെ മുമ്പാകെ മേൽവിചാരണയ്‍ക്ക് അപേക്ഷിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ അയയ്‍ക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. 26 എങ്കിലും ഇയാളെ സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും കൈസറുടെ പേർക്ക് എഴുതുവാൻ എനിക്കില്ല. അതുകൊണ്ടാണ് നിങ്ങളുടെ മുമ്പിലും, വിശിഷ്യ അഗ്രിപ്പാരാജാവിന്റെ മുമ്പിലും, ഇയാളെ ഹാജരാക്കിയിരിക്കുന്നത്. ഇയാളെ വിസ്തരിച്ചു കഴിയുമ്പോൾ എനിക്ക് എഴുതുവാൻ വല്ലതും ലഭിച്ചേക്കാം. 27 ഒരു തടവുകാരനെ അയയ്‍ക്കുമ്പോൾ അയാളുടെ പേരിലുള്ള ആരോപണങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമായി എഴുതാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India