Biblia Todo Logo
Bìoball air-loidhne

- Sanasan -

പ്രവൃത്തികൾ 14 - സത്യവേദപുസ്തകം C.L. (BSI)


ഇക്കോന്യയിൽ

1 അവർ ഒരുമിച്ച് ഇക്കോന്യയിൽ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു.

2 എന്നാൽ വിശ്വാസം നിരസിച്ച യെഹൂദന്മാർ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു.

3 എങ്കിലും അവർ കർത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാർത്തു. കർത്താവ് അവർ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു.

4 പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേർന്നു.

5 വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു.

6 ഇതറിഞ്ഞ് അപ്പോസ്തോലന്മാർ അവിടെനിന്നു പലായനം ചെയ്തു. അവർ ലുക്കവോന്യയിലെ ലുസ്ത്ര, ദർബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്,

7 ആ പ്രദേശങ്ങളിൽ സുവിശേഷം പ്രചരിപ്പിച്ചു.


ലുസ്ത്രയിലും ദർബയിലും

8 ലുസ്ത്രയിൽ കാലിനു സ്വാധീനമില്ലാത്ത ഒരാൾ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാൾ ഒരിക്കലും നടന്നിട്ടില്ല.

9 അയാൾ പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്,

10 “എഴുന്നേറ്റു കാലൂന്നി നിവർന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തിൽ ആജ്ഞാപിച്ചു. ഉടനെ അയാൾ ചാടിയെഴുന്നേറ്റു നടന്നു.

11 പൗലൊസ് ചെയ്തതു കണ്ടപ്പോൾ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയിൽ ശബ്ദമുയർത്തി പറഞ്ഞു.

12 അവർ ബർനബാസിനെ സീയൂസ് അഥവാ ഇന്ദ്രൻ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെർമിസ് അഥവാ ബുധൻ എന്നും വിളിച്ചു.

13 പട്ടണത്തിന്റെ മുൻഭാഗത്ത് സീയൂസിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേർന്ന് അവർക്കു ബലിയർപ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും.

14 അപ്പോസ്തോലന്മാരായ പൗലൊസും ബർനബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു.

15 “ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.

16 സകല ജനതകളെയും തങ്ങൾക്കിഷ്ടമുള്ള മാർഗങ്ങളിൽ ജീവിക്കുവാൻ പൂർവകാലങ്ങളിൽ ദൈവം അനുവദിച്ചു.

17 എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാൽ ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങൾക്കു നല്‌കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങൾ നിങ്ങൾക്കു നല്‌കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.”

18 ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങൾക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തിൽനിന്ന് അവർ ജനങ്ങളെ പണിപ്പെട്ട് പിൻതിരിപ്പിച്ചു.

19 എന്നാൽ പിസിദ്യയിലെ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവർ അദ്ദേഹത്തെ പട്ടണത്തിന്റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.

20 എന്നാൽ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ചുറ്റുംകൂടി നിന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു പട്ടണത്തിലേക്കു തിരിച്ചുചെന്നു; പിറ്റേദിവസം ബർനബാസിനോടുകൂടി ദർബയിലേക്കുപോയി.

21 ദർബയിലും അവർ സുവിശേഷം പ്രസംഗിച്ചു പലരെയും ശിഷ്യരാക്കിത്തീർത്തു. പിന്നീട് അവർ ലുസ്ത്ര, ഇക്കോന്യ, പിസിദ്യയിലെ അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്ന്,


സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു

22 ക്രിസ്തുവിന്റെ അനുയായികളായിത്തീർന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തിൽ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളിൽകൂടി നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു.

23 ഓരോ സഭയിലും അവർ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാർഥനയോടും ഉപവാസത്തോടുംകൂടി, തങ്ങൾ വിശ്വസിച്ച കർത്താവിന് അവരെ സമർപ്പിക്കുകയും ചെയ്തു.

24 പിന്നീട് അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിലെത്തി.

25 പെർഗ്ഗയിൽ ദൈവവചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്ന് അവർ അന്ത്യോക്യയിലേക്കു കപ്പൽകയറി.

26 പൗലൊസും ബർനബാസും പൂർത്തീകരിച്ച പ്രവർത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തിൽ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ.

27 അന്ത്യോക്യയിൽ എത്തിയശേഷം അവിടത്തെ സഭയെ വിളിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടിയിരുന്നു ചെയ്ത എല്ലാ കാര്യങ്ങളും, വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ തുറക്കപ്പെട്ടിരിക്കുന്നതും അവർ വിവരിച്ചു പറഞ്ഞു.

28 അവർ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan