Biblia Todo Logo
Bìoball air-loidhne

- Sanasan -

2 തെസ്സലൊനീക്യർ 2 - സത്യവേദപുസ്തകം C.L. (BSI)


അധർമമൂർത്തി

1 സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേർക്കപ്പെടുന്നതിനെക്കുറിച്ചും ഞാൻ എഴുതട്ടെ:

2 കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങൾ അസ്വസ്ഥരാകരുതെന്നും ഞാൻ അപേക്ഷിക്കുന്നു.

3-4 ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാൽ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകൾ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്റെ സന്തതിയായ അധർമമൂർത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവൻ എതിർക്കും; എല്ലാറ്റിനും ഉപരി താൻ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തിൽ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.

5 ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങൾ ഓർക്കുന്നില്ലേ?

6 എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങൾക്കറിയാം. ആ അധർമമൂർത്തി യഥാവസരം പ്രത്യക്ഷപ്പെടും.

7 നിഗൂഢമായ ദുഷ്ടത ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാൽ തടഞ്ഞു നിറുത്തുന്നവൻ വഴിമാറുന്നതുവരെ, സംഭവിക്കുവാൻ പോകുന്നത് സംഭവിക്കുകയില്ല.

8 അപ്പോൾ ആ അധർമമൂർത്തി പ്രത്യക്ഷപ്പെടും. എന്നാൽ കർത്താവായ യേശു വരുമ്പോൾ തന്റെ വായിലെ ശ്വാസത്താൽ അവനെ സംഹരിക്കും; തന്റെ സാന്നിധ്യത്താലും ദർശനത്താലും അവനെ തകർക്കുകയും ചെയ്യും.

9 അധർമമൂർത്തി സാത്താന്റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും.

10 നശിക്കാനുള്ളവരുടെമേൽ ദുഷ്ടമായ സകല ചതിപ്രയോഗങ്ങളും നടത്തും. രക്ഷിക്കപ്പെടുന്നതിനുവേണ്ടി, സത്യത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതുമൂലം അവർ നശിച്ചുപോകും.

11 അവർ വ്യാജത്തെ വിശ്വസിക്കത്തക്കവിധം അവരിൽ പ്രവർത്തിക്കുവാനായി ദുഷ്ടശക്തിയെ ദൈവം അയയ്‍ക്കുന്നു.

12 സത്യത്തിൽ വിശ്വസിക്കാതെ പാപത്തിൽ സന്തോഷിക്കുന്ന എല്ലാവരും അങ്ങനെ വിധിക്കപ്പെടും.


നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു

13 ആത്മാവിന്റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കർത്താവിന്റെ സ്നേഹഭാജനങ്ങളായ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു.

14 ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിലൂടെയാണല്ലോ ഈ രക്ഷയിലേക്കു ദൈവം നിങ്ങളെ വിളിച്ചത്; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വത്തിൽ നിങ്ങളെ ഓഹരിക്കാരാക്കുന്നതിന് അവിടുന്നു നിങ്ങളെ വിളിച്ചു.

15 അതുകൊണ്ടു സഹോദരരേ, ഞങ്ങളുടെ പ്രഭാഷണംമൂലമോ കത്തുമൂലമോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച സത്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക.

16-17 നമ്മെ സ്നേഹിക്കുകയും തന്റെ കൃപയാൽ ശാശ്വതമായ ധൈര്യവും അടിയുറച്ച പ്രത്യാശയും നല്‌കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും ശക്തരാക്കുകയും ചെയ്യുമാറാകട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan