Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 6 - സത്യവേദപുസ്തകം C.L. (BSI)


സാക്ഷ്യപെട്ടകം
( 1 ദിന. 13:1-14 ; 15:25—16:6-23 )

1 ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി.

2 അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സർവശക്തനായ ദൈവത്തിന്റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.

3-4 അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ മലനാട്ടിലുള്ള അബീനാദാബിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്നു. അബീനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്റെ മുമ്പേ നടന്നു.

5 ദാവീദും കൂടെയുള്ള ഇസ്രായേൽജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ആഹ്ലാദപൂർവം ഉറക്കെ പാടി നൃത്തം ചെയ്തു.

6 അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം താങ്ങിപ്പിടിച്ചു.

7 ഉടൻ സർവേശ്വരന്റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാൾ ദൈവത്തിന്റെ പെട്ടകത്തിനരികെ മരിച്ചുവീണു.

8 അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സർവേശ്വരൻ ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സർവേശ്വരനെ ഭയപ്പെട്ടു.

9 അവിടുത്തെ പെട്ടകം യെരൂശലേമിൽ തന്റെ അടുക്കൽ കൊണ്ടുവന്നാൽ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു.

10 അതുകൊണ്ട് പെട്ടകം യെരൂശലേമിൽ കൊണ്ടുവരാതെ, അദ്ദേഹം അത് ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിലേക്കു കൊണ്ടുപോയി.

11 സർവേശ്വരന്റെ പെട്ടകം മൂന്നു മാസം അവിടെ ഇരുന്നു. അവിടുന്ന് ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിച്ചു.

12 ദൈവത്തിന്റെ പെട്ടകം നിമിത്തം ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും സർവേശ്വരൻ അനുഗ്രഹിച്ചു എന്നറിഞ്ഞു ദാവീദ് അത് ആഹ്ലാദപൂർവം തന്റെ നഗരത്തിലേക്കു കൊണ്ടുവന്നു.

13 ദൈവത്തിന്റെ പെട്ടകം വഹിച്ചിരുന്നവർ ആറു ചുവടു നടന്ന് എത്തിയപ്പോൾ ദാവീദ് ഒരു കാളയെയും തടിച്ചു കൊഴുത്ത ഒരു കിടാവിനെയും യാഗം അർപ്പിച്ചു.

14 സർവേശ്വരന്റെ മുമ്പാകെ ദാവീദ് സർവശക്തിയോടുംകൂടി നൃത്തം ചെയ്തു. അപ്പോൾ അദ്ദേഹം ലിനൻ ഏഫോദാണു ധരിച്ചിരുന്നത്.

15 അങ്ങനെ ദാവീദും ഇസ്രായേൽജനങ്ങളും ആർത്തുവിളിച്ചും കാഹളം മുഴക്കിയുംകൊണ്ടു സർവേശ്വരന്റെ പെട്ടകം കൊണ്ടുവന്നു.

16 സർവേശ്വരന്റെ പെട്ടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോൾ ശൗലിന്റെ പുത്രിയായ മീഖൾ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സർവേശ്വരന്റെ മുമ്പിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ അവൾക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി.

17 ദാവീദും ജനങ്ങളും സർവേശ്വരന്റെ പെട്ടകം അതിനുവേണ്ടി നിർമ്മിച്ചിരുന്ന കൂടാരത്തിനുള്ളിൽ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സർവേശ്വരന് അർപ്പിച്ചു.

18 അതിനുശേഷം അദ്ദേഹം സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു.

19 ഇസ്രായേൽസമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാർക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.

20 ദാവീദ് തന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാൻ മടങ്ങിച്ചെന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ മീഖൾ ഇറങ്ങിവന്നു. അവൾ പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്റെ സേവകരുടെയും ദാസികളുടെയും മുമ്പിൽ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്റെ നഗ്നത പ്രദർശിപ്പിച്ചില്ലേ?”

21 അപ്പോൾ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്റെ പിതാവിനും കുടുംബത്തിനും പകരം സർവേശ്വരന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സർവേശ്വരന്റെ മുമ്പിലാണ് ഞാൻ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാൻ ഇനിയും നൃത്തം ചെയ്യും.

22 ഞാൻ ഇതിനെക്കാൾ നിസ്സാരനും നിന്റെ കാഴ്ചയിൽ നിന്ദിതനുമാകാം. എന്നാൽ ആ ദാസിമാർ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;”

23 ശൗലിന്റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan