2 ശമൂവേൽ 23 - സത്യവേദപുസ്തകം C.L. (BSI)ദാവീദിന്റെ അന്ത്യവാക്കുകൾ 1 യിശ്ശായിയുടെ പുത്രൻ ദാവീദ്, ദൈവം ഉന്നതിയിലാക്കിയവൻ, യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തൻ, ഇസ്രായേലിലെ മധുരഗായകൻ പാടുന്നു: 2 സർവേശ്വരന്റെ ആത്മാവ് എന്നിലൂടെ അരുളുന്നു; അവിടുത്തെ സന്ദേശം എന്റെ നാവിന്മേലുദിക്കുന്നു; 3 ഇസ്രായേലിന്റെ ദൈവം മൊഴിഞ്ഞിരിക്കുന്നു; ഇസ്രായേലിന്റെ രക്ഷാശില എന്നോട് അരുളിയിരിക്കുന്നു. 4 മനുഷ്യരെ നീതിയോടെ ഭരിക്കുന്നവൻ, ദൈവഭയത്തോടെ ഭരിക്കുന്നവൻ, പുലർകാലവെളിച്ചംപോലെ മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യനെപ്പോലെ ഇളമ്പുല്ലു മുളപ്പിക്കുന്ന പുതുമഴപോലെ ശോഭിക്കും. 5 എന്റെ ഭവനം ദൈവസന്നിധിയിൽ അങ്ങനെയല്ലേ? അവിടുന്ന് എന്നോട് ഒരു ശാശ്വത ഉടമ്പടി ചെയ്തിരിക്കുന്നു; അലംഘനീയമായ ഒരു ഉടമ്പടി; അവിടുന്ന് എന്നെ രക്ഷിക്കും; എന്റെ അഭിലാഷം അവിടുന്നു നിറവേറ്റും. 6 ദൈവഭക്തി ഇല്ലാത്തവൻ വലിച്ചെറിയപ്പെട്ട മുള്ളുപോലെ; ആർക്കും അതു കരംകൊണ്ട് എടുക്കാവുന്നതല്ലല്ലോ. 7 ഇരുമ്പുകമ്പിയോ കുന്തത്തിന്റെ പിടിയോ വേണം അതു തൊടാൻ; അതു മുഴുവൻ ചുട്ടെരിക്കപ്പെടുന്നു. ദാവീദിന്റെ വീരയോദ്ധാക്കൾ ( 1 ദിന. 11:10-41 ) 8 ദാവീദിന്റെ വീരയോദ്ധാക്കൾ ഇവരാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്; അയാളായിരുന്നു മൂവരിൽ നേതാവ്. ഒരൊറ്റ യുദ്ധത്തിൽ എണ്ണൂറു പേരെ കുന്തംകൊണ്ട് അയാൾ വധിച്ചു; 9 രണ്ടാമൻ അഹോഹിയുടെ പൗത്രനും ദോദായിയുടെ പുത്രനുമായ എലെയാസാർ; ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ ഇസ്രായേല്യർ ഓടിപ്പോയപ്പോൾ അയാൾ ദാവീദിനോടു ചേർന്നുനിന്നു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു. 10 വാൾ വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാൾ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സർവേശ്വരൻ വലിയ വിജയം അയാൾക്കു നല്‌കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികൾ കൊല്ലപ്പെട്ടവരുടെ മുതൽ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്. 11 മൂന്നാമൻ ഹാരാര്യനായ ആഗേയുടെ പുത്രൻ ശമ്മാ ആയിരുന്നു. ഒരിക്കൽ ലേഹിയിലെ ചെറുപയർ വിളഞ്ഞിരുന്ന വയൽ കവർച്ച ചെയ്യാൻ ഫെലിസ്ത്യർ ഒരുമിച്ചു കൂടിയപ്പോൾ ജനം അവിടെനിന്ന് ഓടിപ്പോയി. 12 ശമ്മാ ഏകനായി വയലിൽനിന്നുകൊണ്ട് അതു സംരക്ഷിച്ചു, ഫെലിസ്ത്യരെ സംഹരിക്കുകയും ചെയ്തു. അങ്ങനെ സർവേശ്വരൻ ഒരു വൻവിജയം അയാൾക്കു നല്‌കി. 13 കൊയ്ത്തിന്റെ സമയം ആയപ്പോൾ മുപ്പതു പടനായകന്മാരിൽ മൂന്നു പേർ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്‌വരയിൽ പാളയമടിച്ചിരുന്നു. 14 ദാവീദ് കോട്ടയിൽ ആയിരുന്നു. ബേത്‍ലഹേം ഫെലിസ്ത്യപട്ടാളത്തിന്റെ അധീനതയിലും ആയിരുന്നു. 15 ‘ബേത്‍ലഹേമിലെ പട്ടണവാതില്‌ക്കലുള്ള കുളത്തിൽനിന്ന് എനിക്കു കുടിക്കാൻ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ’ എന്ന് ദാവീദ് ഉൽക്കടമായ ആഗ്രഹത്തോടുകൂടി പറഞ്ഞപ്പോൾ 16 ആ മൂന്നു വീരന്മാർ ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നു ബേത്‍ലഹേം പട്ടണത്തിന്റെ വാതിൽക്കലുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാൽ അതു കുടിക്കാൻ മനസ്സുവരാതെ ദാവീദ് അതു സർവേശ്വരനു നിവേദിച്ചു. 17 അദ്ദേഹം പറഞ്ഞു: “സർവേശ്വരാ, ഞാൻ ഇതു കുടിക്കുകയില്ല. അതു ജീവൻ പണയപ്പെടുത്തിയ ഈ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കും.” അദ്ദേഹം അതു കുടിച്ചില്ല. ഇവ ആയിരുന്നു ആ മൂന്നു പേരുടെ വീര്യപ്രവൃത്തികൾ. 18 യോവാബിന്റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാൾ തന്റെ കുന്തംകൊണ്ട് മുന്നൂറുപേർക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. 19 മുപ്പതു പേരിൽ ഏറ്റവും പ്രസിദ്ധൻ അയാളായിരുന്നെങ്കിലും മേൽപ്പറഞ്ഞ മൂന്നു പേരുടെ നിലയിൽ അയാൾ എത്തിയിരുന്നില്ല. 20 കബ്സേലിൽനിന്നുള്ള യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരൻ; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുൾപ്പെടെ അനേകം ധീരപ്രവൃത്തികൾ അയാൾ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയിൽനിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാൾ കൊന്നു. 21 കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാൾ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്റെ കൈയിൽനിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്. 22 മുപ്പതു പേരിൽ ഒരുവനായ യെഹോയാദയുടെ പുത്രൻ ബെനായായുടെ ധീരപ്രവൃത്തികൾ ഇവയായിരുന്നു; 23 അയാൾ മുപ്പതു പേരിൽ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയിൽ എത്തിയിരുന്നില്ല. ദാവീദ് തന്റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്. 24 യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകൾ: ബേത്‍ലഹേംകാരനായ ദോദോയുടെ പുത്രൻ എൽഹാനാൻ; ഹാദോദുകാരായ ശമ്മായും എലീക്കയും; 25 പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്റെ പുത്രനായ ഈര; 26 അനാഥോത്തുകാരനായ അബീയേസെർ; ഹൂശാത്യനായ മെബുന്നായി; 27 അഹോഹ്യനായ സൽമോൻ; നെത്തോഫായിലെ മഹരായി; 28 നെത്തോഫാക്കാരനായ ബാനായുടെ പുത്രൻ ഹേലെബ്; 29 ബെന്യാമീൻവംശജരുടെ ഗിബെയായിൽനിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി; 30 പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അർബാത്യനായ അബീ-അല്ബോൻ; 31 ബഹൂരീംകാരനായ അസ്മാവെത്ത്; 32 ശാൽബോനിലെ എല്യാഹ്ബ; യാശേന്റെ പുത്രന്മാർ; യോനാഥാൻ; 33 ഹരാർക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്റെ പുത്രനായ അഹീരാം; 34 മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്റെ പുത്രനായ എലീയാം; 35 കർമ്മേൽക്കാരനായ ഹെസ്രോ; 36 അർബായിലെ പാറായി; സോബായിലെ നാഥാന്റെ പുത്രൻ ഇഗാൽ; 37 ഗാദിൽനിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി; 38 ഇത്രായിൽനിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ. 39 ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India