Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 22 - സത്യവേദപുസ്തകം C.L. (BSI)


ദാവീദിന്റെ ജയഗീതം
( സങ്കീ. 18 )

1 സർവേശ്വരൻ ദാവീദിനെ ശൗലിൽനിന്നും സകല ശത്രുക്കളിൽനിന്നും രക്ഷിച്ചപ്പോൾ ദാവീദ് ഈ ഗീതം ആലപിച്ചു:

2 സർവേശ്വരൻ എന്റെ അഭയശിലയും രക്ഷാദുർഗവും എന്റെ വിമോചകനും അവിടുന്നു തന്നെ

3 എന്റെ ദൈവവും എനിക്ക് അഭയം തരുന്ന എന്റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തിൽനിന്നു വിടുവിക്കുന്നു.

4 സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.

5 മരണത്തിന്റെ തിരമാലകൾ എന്നെ വലയം ചെയ്തു; വിനാശത്തിന്റെ പ്രവാഹം എന്റെ മീതെ കവിഞ്ഞൊഴുകി

6 പാതാളപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു മരണത്തിന്റെ കെണികൾ എന്നെ പിടികൂടി.

7 എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

8 അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു; ആകാശത്തിന്റെ അടിസ്ഥാനം ഇളകി.

9 അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു. വായിൽനിന്നു സംഹാരാഗ്നി വമിച്ചു. അതിൽനിന്നു തീക്കനൽ ആളിക്കത്തി.

10 അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി കൂരിരുൾ അവിടുത്തെ കാല്‌ക്കീഴിലുണ്ടായിരുന്നു.

11 അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു; കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി.

12 കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി; ജലം നിറഞ്ഞ കാർമേഘങ്ങളെ മേൽവിരിപ്പുമാക്കി.

13 തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാൽ തീക്കനൽ ജ്വലിച്ചു.

14 സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി; അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു.

15 അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു മിന്നൽപ്പിണരുകളാൽ അവരെ തുരത്തി.

16 സർവേശ്വരന്റെ ഭർത്സനത്താൽ, അവിടുത്തെ നിശ്വാസത്തിന്റെ കൊടുങ്കാറ്റിനാൽ ആഴിയുടെ അടിത്തട്ടു ദൃശ്യമായി. ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.

17 അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു

18 കരുത്തനായ ശത്രുവിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു. അവർ എന്നെക്കാൾ ശക്തരായിരുന്നു.

19 എന്റെ കഷ്ടകാലത്ത് അവർ എന്നെ ആക്രമിച്ചു; എങ്കിലും സർവേശ്വരൻ എനിക്കു തുണയായിരുന്നു.

20 അവിടുന്ന് എന്നെ രക്ഷിച്ചു; എന്നിൽ പ്രസാദിച്ച് എന്നെ വിടുവിച്ചു.

21 എന്റെ ധർമനിഷ്ഠയ്‍ക്കൊത്തവിധം സർവേശ്വരൻ എനിക്കു പ്രതിഫലം നല്‌കി എന്റെ കരങ്ങളുടെ നിർമ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി.

22 സർവേശ്വരന്റെ പാതയിൽ ഞാൻ ചരിച്ചു; തിന്മ ചെയ്ത് എന്റെ ദൈവത്തിൽനിന്ന് ഞാൻ അകന്നു പോയതുമില്ല.

23 അവിടുത്തെ കല്പനകളെല്ലാം ഞാൻ പാലിച്ചു; അവിടുത്തെ നിയമങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല.

24 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളിൽനിന്നു ഞാൻ അകന്നുമാറി.

25 എന്റെ ധർമ്മനിഷ്ഠയ്‍ക്കും നിർമ്മലതയ്‍ക്കും ഒത്തവിധം അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.

26 വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു

27 നിർമ്മലനോടു അവിടുന്നു നിർമ്മലതയോടെ പെരുമാറുന്നു വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു

28 എളിയവരെ അങ്ങു രക്ഷിക്കുന്നു അഹങ്കാരികളെ അങ്ങു താഴ്ത്തുന്നു

29 സർവേശ്വരാ, അവിടുന്ന് എന്റെ ദീപം; എന്റെ അന്ധകാരം അങ്ങ് അകറ്റുന്നു.

30 അങ്ങയോടു ചേർന്നു ഞാൻ ശത്രുക്കളെ ആക്രമിക്കും. എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ടകൾ ചാടിക്കടക്കും.

31 ദൈവത്തിന്റെ വഴി തികവുള്ളത് സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം. തന്നിൽ അഭയംതേടുന്നവർക്ക് അങ്ങു പരിചയാകുന്നു.

32 സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്?

33 ദൈവം എന്റെ ശക്തിദുർഗം അവിടുന്ന് എന്റെ മാർഗം സുഗമമാക്കുന്നു.

34 അവിടുന്ന് എന്റെ കാലുകൾക്കു മാൻപേടയുടെ വേഗം നല്‌കി. ഉയർന്ന ഗിരികളിൽ സുരക്ഷിതനായെന്നെ നിർത്തി

35 അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു. താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം.

36 അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.

37 എന്റെ മാർഗം അവിടുന്നു സുഗമമാക്കി, എന്റെ കാലുകൾ വഴുതിയില്ല.

38 എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു നശിപ്പിച്ചു; അവരെ നശിപ്പിച്ചു തീരുവോളം ഞാൻ പിന്മാറിയില്ല.

39 എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു; അവർ എന്റെ കാൽക്കീഴിലമർന്നു.

40 യുദ്ധത്തിന് അവിടുന്നു ശക്തികൊണ്ട് എന്റെ അര മുറുക്കി ശത്രുക്കളുടെമേൽ എനിക്കു വിജയം നല്‌കി.

41 എന്റെ ശത്രുക്കളെ അവിടുന്നു പലായനം ചെയ്യിച്ചു. എന്നോടു പക പുലർത്തിയവരെ ഞാൻ സംഹരിച്ചു.

42 സഹായത്തിനുവേണ്ടി അവർ നോക്കി; ആരും അവരെ രക്ഷിച്ചില്ല സർവേശ്വരനെ അവർ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഉത്തരം അരുളിയില്ല.

43 നിലത്തെ പൂഴിപോലെ ഞാൻ അവരെ പൊടിച്ചു, വീഥിയിലെ ചെളിപോലെ ചവുട്ടിത്തേച്ചു.

44 ജനങ്ങളുടെ പ്രക്ഷോഭത്തിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി. എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.

45 പരദേശികൾ വന്ന് എന്നെ വണങ്ങി; എന്റെ ആജ്ഞ തൽക്ഷണം അവർ അനുസരിച്ചു.

46 അവർ നിർവീര്യരായി വിറപൂണ്ട് അവരുടെ കോട്ടകളിൽനിന്ന് ഇറങ്ങിവന്നു.

47 സർവേശ്വരൻ ജീവിക്കുന്നു; എന്റെ രക്ഷാസങ്കേതം വാഴ്ത്തപ്പെടട്ടെ എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.

48 അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത് ജനതകളെ എനിക്ക് അധീനമാക്കി.

49 ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; എതിരാളികളുടെമേൽ എന്നെ ഉയർത്തി. അക്രമികളിൽനിന്ന് എന്നെ വിടുവിച്ചു.

50 അതുകൊണ്ട് ജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. അവിടുത്തെ നാമത്തിനു ഞാൻ സ്തുതി പാടും.

51 അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയം നല്‌കുന്നു; തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു, ദാവീദിനോടും അവന്റെ സന്തതികളോടും എന്നെന്നേക്കുംതന്നെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan