Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 19 - സത്യവേദപുസ്തകം C.L. (BSI)


യോവാബ് ദാവീദിനെ കുറ്റപ്പെടുത്തുന്നു

1 അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു.

2 തന്റെ മകനെ ഓർത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാൽ ദാവീദിന്റെ സൈനികർക്ക് അന്നത്തെ വിജയം ദുഃഖമായിത്തീർന്നു.

3 അതുകൊണ്ട് യുദ്ധത്തിൽ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവർ പട്ടണത്തിലേക്കു മടങ്ങിവന്നത്.

4 രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു.

5 യോവാബ് കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവൻ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്.

6 സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

7 അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂർവം സംസാരിക്കുക. അല്ലെങ്കിൽ ഈ രാത്രിയിൽ അവരിൽ ഒരാൾപോലും അങ്ങയുടെ കൂടെ പാർക്കാൻ ഉണ്ടായിരിക്കുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അനർഥമായിരിക്കും.”

8 അപ്പോൾ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കൽ ഇരുന്നു. രാജാവ് പടിവാതില്‌ക്കൽ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പിൽ വന്നുകൂടി.


ദാവീദ് യെരൂശലേമിലേക്കു പുറപ്പെടുന്നു

9 ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിലെ സകല ഗോത്രങ്ങളിലുമുള്ളവർ പരസ്പരം പറഞ്ഞു: “രാജാവ് നമ്മെ ശത്രുക്കളുടെയും ഫെലിസ്ത്യരുടെയും കൈയിൽനിന്നു രക്ഷിച്ചു. ഇപ്പോഴാകട്ടെ, അദ്ദേഹം അബ്ശാലോമിനെ പേടിച്ചു നാടുവിട്ട് ഓടിയിരിക്കുകയാണ്.

10 നാം രാജാവായി അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ യുദ്ധത്തിൽ മരിച്ചു. അതുകൊണ്ട് ദാവീദുരാജാവിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആരും പറയാത്തതെന്ത്?”

11 ഇതറിഞ്ഞ് ദാവീദ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഒരു സന്ദേശം അയച്ചു: “നിങ്ങൾ യെഹൂദാപ്രമാണികളോട് ഇങ്ങനെ പറയണം: ഇസ്രായേൽജനതയുടെ മുഴുവൻ അഭിപ്രായം രാജസന്നിധിയിൽ എത്തിയിരിക്കെ രാജാവിനെ കൊട്ടാരത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ നിങ്ങൾ മുൻകൈയെടുക്കാത്തതെന്ത്?

12 നിങ്ങൾ എല്ലാവരും എന്റെ ബന്ധുക്കളല്ലേ? എന്റെ അസ്ഥിയിലും മാംസത്തിലും നിന്നുള്ളവർ! എന്നെ തിരിച്ചുകൊണ്ടുപോകാൻ അവസാനം വരേണ്ടവർ നിങ്ങളാണോ?

13 അമാസയോടു പറയുക: നീ എന്റെ അസ്ഥിയും മാംസവും അല്ലേ? യോവാബിന്റെ സ്ഥാനത്തു നിന്നെ ഞാൻ സൈന്യാധിപനായി നിയമിച്ചില്ലെങ്കിൽ സർവേശ്വരൻ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”

14 ദാവീദിന്റെ ഈ സന്ദേശം യെഹൂദ്യയിലുള്ള സകലരുടെയും ഹൃദയം കവർന്നു. “അങ്ങ് ഭൃത്യന്മാരോടൊപ്പം മടങ്ങിവരിക” എന്ന് അവർ രാജാവിനെ അറിയിച്ചു.

15 അങ്ങനെ രാജാവ് യോർദ്ദാനിൽ മടങ്ങിയെത്തി; അദ്ദേഹത്തെ എതിരേറ്റു നദി കടത്തിക്കൊണ്ടുവരാൻ യെഹൂദ്യയിലെ ജനങ്ങൾ ഗില്ഗാലിൽ എത്തിയിരുന്നു.

16 ബഹൂരീമിലെ ബെന്യാമീൻഗോത്രക്കാരനായ ശിമെയിയും ദാവീദിനെ എതിരേല്‌ക്കാൻ അവരോടൊപ്പം തിടുക്കത്തിൽ ചെന്നു.

17 അയാളുടെ കൂടെ ബെന്യാമീൻഗോത്രക്കാരായ ആയിരം പേരും ഉണ്ടായിരുന്നു. ശൗലിന്റെ ഗൃഹവിചാരകനായ സീബ പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടും കൂടി യോർദ്ദാനിൽ രാജാവ് വരുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു.

18 രാജാവിന്റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്റെ ഇംഗിതം നിറവേറ്റാനുമായി അവർ നദി കടന്നുചെന്നു. ഗേരയുടെ പുത്രനായ ശിമെയി യോർദ്ദാൻനദി കടക്കാൻ ഒരുങ്ങുന്ന രാജാവിന്റെ മുമ്പിൽ വീണു നമസ്കരിച്ചു.


ശിമെയിയോടു ദയ കാട്ടുന്നു

19 അയാൾ രാജാവിനോട് അപേക്ഷിച്ചു: “എന്റെ യജമാനനേ, അങ്ങ് യെരൂശലേം വിട്ടുപോയ ദിവസം അടിയൻ ചെയ്ത കുറ്റം ക്ഷമിക്കണമേ; അതു തിരുമേനി ഓർക്കരുതേ.

20 എനിക്ക് തെറ്റുപറ്റിയെന്നു ഞാൻ സമ്മതിക്കുന്നു; അതുകൊണ്ട് യജമാനനെ എതിരേല്‌ക്കാൻ യോസേഫിന്റെ ഗോത്രത്തിൽനിന്നു മറ്റാരെക്കാളും മുമ്പായി അടിയൻ എത്തിയിരിക്കുന്നു.”

21 അപ്പോൾ സെരൂയായുടെ പുത്രൻ അബീശായി പറഞ്ഞു: “സർവേശ്വരന്റെ അഭിഷിക്തനെ ശപിച്ച ശിമെയിയെ വധിക്കേണ്ടതല്ലേ?”

22 എന്നാൽ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങൾക്ക് ഇതിൽ എന്തു കാര്യം? നിങ്ങൾ എന്റെ എതിരാളികൾ ആവുകയാണോ? ഞാൻ തന്നെയാണല്ലോ ഇസ്രായേലിന്റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാൻ പാടില്ല.”

23 പിന്നീട് രാജാവ് ശിമെയിയോടു ശപഥം ചെയ്തു: “നീ മരിക്കുകയില്ല.”


മെഫീബോശെത്തിനോടും കരുണ കാണിക്കുന്നു

24 ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേല്‌ക്കാൻ വന്നു. രാജാവ് യെരൂശലേം വിട്ടുപോയതിനുശേഷം സുരക്ഷിതനായി തിരികെ വരുന്നതുവരെ അവൻ കാലുകൾ കഴുകുകയോ, താടി കത്രിക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.

25 അയാൾ യെരൂശലേമിൽനിന്നു തന്നെ എതിരേല്‌ക്കാൻ വന്നപ്പോൾ രാജാവു ചോദിച്ചു: “മെഫീബോശെത്തേ, നീ എന്റെകൂടെ പോരാഞ്ഞതെന്ത്?”

26 അയാൾ പറഞ്ഞു: “യജമാനനേ, അടിയൻ മുടന്തനാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അങ്ങയുടെ കൂടെ പോരാൻ കഴുതയെ ഒരുക്കണമെന്ന് അടിയൻ ഭൃത്യനോടു പറഞ്ഞെങ്കിലും അവൻ എന്നെ ചതിച്ചു.

27 അടിയനെപ്പറ്റി അങ്ങയോടു നുണയും പറഞ്ഞു. എന്നാൽ അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്; അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളുക.

28 അങ്ങയുടെ മുമ്പാകെ അടിയന്റെ ഭവനക്കാരെല്ലാവരും വധിക്കപ്പെടേണ്ടവരായിരുന്നു; എങ്കിലും അങ്ങയുടെ കൂടെ ഭക്ഷണം കഴിക്കുന്നവരോടൊപ്പം അടിയന് സ്ഥാനം നല്‌കി. അങ്ങയോട് അപേക്ഷിക്കാൻ എനിക്ക് എന്ത് അവകാശമാണുള്ളത്?”

29 രാജാവ് അയാളോട്: “നീ എന്തിന് ഏറെ പറയുന്നു? നീയും സീബയും കൂടി ശൗലിന്റെ ഭൂസ്വത്തുക്കൾ പങ്കിട്ടുകൊള്ളുക.”

30 മെഫീബോശെത്ത് രാജാവിനോടു പറഞ്ഞു: “അവയെല്ലാം അവൻ എടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തിൽ മടങ്ങി എത്തിയല്ലോ; എനിക്കതുമതി.”


ബർസില്ലായിയോടും കരുണ കാട്ടുന്നു

31 ഗിലെയാദുകാരനായ ബർസില്ലായിയും രാജാവിനെ യോർദ്ദാൻനദി കടത്തിവിടാൻ രോഗെലീമിൽനിന്നു വന്നിരുന്നു.

32 അയാൾ എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്തു ധനികനായ അയാൾ ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിനു നല്‌കിയിരുന്നു.

33 “എന്റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു.

34 ബർസില്ലായി പറഞ്ഞു: “ഞാൻ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാൾ ജീവിച്ചിരിക്കും?

35 എനിക്കിപ്പോൾ എൺപതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാൻ വന്ന് എന്റെ യജമാനനെ കൂടുതൽ ഭാരപ്പെടുത്തുന്നത് എന്തിന്?

36 അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാൻ അങ്ങയോടൊപ്പം യോർദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം.

37 പിന്നീട് മടങ്ങിപ്പോരാൻ അങ്ങ് എന്നെ അനുവദിച്ചാലും. എന്റെ സ്വന്തം പട്ടണത്തിൽ, എന്റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവൻ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.”

38 രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാൻ അവനു ചെയ്തുകൊടുക്കാം. നീ എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്തും ഞാൻ നിനക്കും ചെയ്തുതരും.”

39 ജനമെല്ലാം യോർദ്ദാൻ കടന്നു; രാജാവും മറുകരയിൽ എത്തി. അദ്ദേഹം ബർസില്ലായിയെ ചുംബിച്ച് ആശീർവദിച്ചു. ബർസില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.


രാജാവിനുവേണ്ടി യെഹൂദ്യയും ഇസ്രായേലും വാദിക്കുന്നു

40 രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേൽജനത്തിൽ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു.

41 അപ്പോൾ ഇസ്രായേൽജനമെല്ലാം രാജാവിന്റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യർ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോർദ്ദാൻ കടത്തിക്കൊണ്ടു പോയത് എന്ത്?”

42 അപ്പോൾ യെഹൂദ്യർ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാർച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങൾ എന്തിനു കോപിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങൾക്കു വല്ല സമ്മാനവും തന്നോ?”

43 ഇസ്രായേല്യർ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളിൽ ഒരാൾ ആണെങ്കിലും രാജാവിന്റെ അടുക്കൽ ഞങ്ങൾക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകൾ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan