2 ശമൂവേൽ 10 - സത്യവേദപുസ്തകം C.L. (BSI)അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു ( 1 ദിന. 19:1-19 ) 1 അമ്മോന്യരുടെ രാജാവ് മരിച്ചു; പകരം അയാളുടെ പുത്രൻ ഹാനൂൻ രാജാവായി. 2 അപ്പോൾ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂർവം പ്രവർത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്റെ പുത്രനായ ഹാനൂനോടു ഞാൻ ദയ കാട്ടും. പിതാവിന്റെ മരണത്തിൽ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻവേണ്ടി ദാവീദ് തന്റെ ദാസരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. 3 അവർ അമ്മോനിൽ എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ രാജാവിനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ് ദാസന്മാരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? നഗരം സൂക്ഷ്മമായി പരിശോധിക്കാനും ചാരവൃത്തി നടത്തി അതിനെ നശിപ്പിക്കാനുമല്ലേ ദാവീദ് അവരെ അയച്ചിരിക്കുന്നത്?” 4 ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്തും ഉടുവസ്ത്രം അരക്കെട്ടുഭാഗംവരെ കീറിയും വിട്ടയച്ചു. 5 ദാവീദ് അതറിഞ്ഞ് അത്യന്തം ലജ്ജിതരായിരുന്ന അവരുടെ അടുക്കൽ ആളയച്ചു പറയിച്ചു: “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽതന്നെ പാർത്തുകൊള്ളുക; പിന്നെ മടങ്ങിവരാം.” 6 ദാവീദ് തങ്ങളുടെ ശത്രുവായിത്തീർന്നു എന്നു മനസ്സിലാക്കി അമ്മോന്യർ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരിൽനിന്ന് ഇരുപതിനായിരം കാലാൾപടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബിൽനിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു. 7 ദാവീദ് വിവരം അറിഞ്ഞ് തന്റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു. 8 അമ്മോന്യർ പട്ടണവാതില്‌ക്കൽ അണിനിരന്നു. എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്. 9 തന്റെ മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നതു കണ്ട് യോവാബു ധീരന്മാരായ ഒരു കൂട്ടം സൈനികരെ തിരഞ്ഞെടുത്തു സിറിയാക്കാരുടെ നേരേ അണിനിരത്തി; 10 ശേഷിച്ച സൈന്യത്തെ തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിൽ അമ്മോന്യർക്കെതിരെ അണിനിരത്തി. 11 അപ്പോൾ യോവാബ് അബീശായിയോടു പറഞ്ഞു: “സിറിയാക്കാർ എന്നെ തോല്പിക്കും എന്നു കണ്ടാൽ നീ എന്നെ സഹായിക്കണം; അമ്മോന്യർ നിന്നെ തോല്പിക്കും എന്നു കണ്ടാൽ ഞാൻ വന്നു നിന്നെ സഹായിക്കാം. 12 ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്റെ പട്ടണങ്ങൾക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സർവേശ്വരന്റെ ഇഷ്ടംതന്നെ നടക്കട്ടെ.” 13 യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോട് യുദ്ധം ചെയ്യാൻ അടുത്തു. അവർ അയാളുടെ മുമ്പിൽനിന്നു തോറ്റോടി. 14 സിറിയാക്കാർ ഓടിപ്പോകുന്നതു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്ന് ഓടി പട്ടണത്തിൽ പ്രവേശിച്ചു. യോവാബാകട്ടെ അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 15 ഇസ്രായേല്യർ തങ്ങളെ തോല്പിച്ചു എന്നു മനസ്സിലാക്കിയ സിറിയാക്കാർ ഒന്നിച്ചുകൂടി. 16 ഹദദേസെർരാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിൽ ഒന്നിച്ചുകൂടി. 17 ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോർദ്ദാൻനദി കടന്നു ഹേലാമിലെത്തി. സിറിയാക്കാർ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു. 18 സിറിയാക്കാർ ഇസ്രായേല്യരുടെ മുമ്പിൽ തോറ്റോടി. ദാവീദു സിറിയാക്കാരായ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും സംഹരിച്ചു. അവരുടെ സേനാനായകനായ ശോബക്കിനെ വധിച്ചു. 19 ഹദദേസെരിന്റെ ആശ്രിതരായ രാജാക്കന്മാരെല്ലാം തങ്ങൾ പരാജയപ്പെട്ടു എന്നു കണ്ട് ഇസ്രായേല്യരുമായി ഉടമ്പടി ചെയ്ത് അവരെ സേവിച്ചു. അതിനുശേഷം അമ്മോന്യരെ സഹായിക്കാൻ സിറിയാക്കാർക്കു ഭയമായി. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India